Top

‘പ്രതിപക്ഷ നേതാവെന്ന നിലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു’; ഡല്‍ഹിയിലേക്കില്ലെന്ന് രമേശ് ചെന്നിത്തല

തെറ്റായ വിവരങ്ങള്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

16 May 2021 3:09 AM GMT

‘പ്രതിപക്ഷ നേതാവെന്ന നിലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു’; ഡല്‍ഹിയിലേക്കില്ലെന്ന് രമേശ് ചെന്നിത്തല
X

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനില്ലെന്ന് നിലപാടറിയിച്ച് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ നല്ല രീതിയില്‍ തന്നെ താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കേരളത്തില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ചെന്നിത്തല എഐസിസി നേതൃത്വത്തെ അറിയിച്ചു. തെറ്റായ വിവരങ്ങള്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിൽ വമ്പൻ പരാജയമേറ്റുവാങ്ങിയ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തല മാറിനിന്നേക്കുമെന്നാണ് വിവരം. ഗ്രൂപ്പുകളുടെ വീഴ്ച്ചയല്ല തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നും ചെന്നിത്തല വിലയിരുത്തി. സംഘടനാപരമായ പിഴവുകള്‍ തിരുത്താനുള്ള നടപടികളെ പൂര്‍ണ്ണമായും പിന്തുണയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും ചെന്നിത്തലയെ മാറ്റി പകരം വിഡി സതീശനെ കൊണ്ടുവരണമെന്ന് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

ബുധനാഴ്ച്ച നടക്കുന്ന ഹൈക്കമാൻഡ് യോ​ഗത്തിൽ പ്രതിപക്ഷ നേതാവ് ആരെന്നത് സംബന്ധിച്ച കൃത്യമായ തീരുമാനമെടുത്തേക്കും. പ്രതിപക്ഷത്തെ ആര് നയിക്കുമെന്നത് സംബന്ധിച്ച സത്യപ്രതിജ്ഞയ്ക്ക് മുൻപ് ധാരണയുണ്ടാക്കാനാണ് ഹൈക്കമാൻഡ് നീക്കം. നിലവിലെ സാഹചര്യത്തിൽ വി.ഡി സതീശനാണ് ഏറ്റവും സാധ്യതയുള്ള നേതാവ്.

മല്ലികാർജുൻ ഖാർഗെ, വൈദ്യലിംഗം തുടങ്ങിയ മുതിർന്ന നേതാക്കൾ ഘടക കക്ഷികളുമായി ഇക്കാര്യം സംസാരിക്കും. എം.എൽ.എമാരുടെ മനസറിയാതെ തീരുമാനമെടുക്കേണ്ടതില്ലെന്നാണ് ​ഹൈക്കമാൻഡ് തീരുമാനം. ​എ, ഐ ​ഗ്രൂപ്പുകളുടെ തീരുമാനങ്ങൾ പരി​ഗണിക്കുമോയെന്നത് സംബന്ധിച്ച വ്യക്തതയില്ല. നിലവിൽ 25 അംഗ പാർലമെന്ററി പാർട്ടിയിൽ ഐ ഗ്രൂപ്പിനാണ് മുൻതൂക്കം. എന്നാൽ ​ഗ്രൂപ്പ് സമ്മർദ്ദങ്ങൾ മാറ്റിവെച്ച് ശക്തമായ പ്രതിപക്ഷത്തെ രം​ഗത്തിറക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. അടുത്ത ടേമിൽ ഭരണം തിരികെ പിടിച്ചില്ലെങ്കിൽ പാർട്ടിക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ ​ഗ്രൂപ്പ് തർക്കങ്ങൾ തൽക്കാലം മാറ്റിവെക്കാനാവും നേതാക്കൾ തീരുമാനിക്കുക.

Next Story