Top

‘എനിക്കെതിരെ കോടിയേരി ആരോപണം ഉന്നയിക്കുമ്പോള്‍ വിനോദിനി ഐ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു’; കോടിയേരി മാപ്പുപറയണമെന്ന് ചെന്നിത്തല

സന്തോഷ് ഈപ്പന്‍ തന്ന ഫോണ്‍ പ്രതിപക്ഷ നേതാവ് എവിടെയാണ് കൊണ്ടുവെച്ചിരിക്കുന്നതെന്നായിരുന്നു കോടിയേരി ഉള്‍പ്പെടെയുളളവരുടെ ആരോപണം. ചാനലുകളും അത് ആഘോഷിച്ചു. എന്നാല്‍ ആ സമയത്തെല്ലാം ഐ ഫോണ്‍ ഉപയോഗിച്ചിരുന്നത് വിനോദിനിയാണെന്ന് ചെന്നിത്തല ആഞ്ഞടിച്ചു.

6 March 2021 3:15 AM GMT

‘എനിക്കെതിരെ കോടിയേരി ആരോപണം ഉന്നയിക്കുമ്പോള്‍ വിനോദിനി ഐ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു’; കോടിയേരി മാപ്പുപറയണമെന്ന് ചെന്നിത്തല
X

തനിക്കെതിരെ അനാവശ്യ ആരോപണം ഉന്നയിച്ചതിന് സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കതിരെ കോടിയേരി ആരോപണം ഉന്നയിക്കുമ്പോള്‍ കോടിയേരിയുടെ ഭാര്യ വിനോദിനി സന്തോഷ് ഈപ്പന്റെ ഐ ഫോണ്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് ചെന്നിത്തല പരിഹസിച്ചു. കോടിയേരി ഇന്നെങ്കിലും തന്നെ വിളിച്ച് മാപ്പ് പറയാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

സന്തോഷ് ഈപ്പന്‍ തന്ന ഫോണ്‍ പ്രതിപക്ഷ നേതാവ് എവിടെയാണ് കൊണ്ടുവെച്ചിരിക്കുന്നതെന്നായിരുന്നു കോടിയേരി ഉള്‍പ്പെടെയുളളവരുടെ ആരോപണം. ചാനലുകളും അത് ആഘോഷിച്ചു. എന്നാല്‍ ആ സമയത്തെല്ലാം ഐ ഫോണ്‍ ഉപയോഗിച്ചിരുന്നത് വിനോദിനിയാണെന്ന് ചെന്നിത്തല ആഞ്ഞടിച്ചു.

തനിക്കെതിരെ നടത്തിയ വ്യാജപ്രചരണങ്ങള്‍ക്ക് സിപിഐഎം ജനങ്ങളോട് മാപ്പ് പറയണം. ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്വര്‍ണ്ണക്കള്ളക്കടത്തിന് കൂട്ടുനില്‍ക്കുന്നു. എന്നിട്ടും ഈ വിഷയം ഗൗരവത്തോടെ ചര്‍ച്ചചെയ്യാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് വിനോദിനിയ്ക്ക് നോട്ടീസ് അയച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ സ്വപ്‌ന സുരേഷിന് നല്‍കാനായി വാങ്ങിയ അഞ്ച് ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. 1.13 ലക്ഷം രൂപ വിലവരുന്ന ഐ ഫോണ്‍ വിനോദിനി ഉപയോഗിച്ചതായാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സന്തോഷ് ഈപ്പന്‍ വാങ്ങിയതില്‍ ഏറ്റവും വില കൂടിയ ഫോണാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വര്‍ണ്ണക്കടത്ത് കേസ് വിവാദമാകുന്നതുവരെ ഈ ഫോണില്‍ ഒരു സിം കാര്‍ഡിട്ട് ഫോണ്‍ ഉപയോഗിച്ചതായും കസ്റ്റംസ് കണ്ടെത്തുന്നു. ഐഎംഇഎ നമ്പര്‍ പരിശോധിച്ച് സിം കാര്‍ഡും കസ്റ്റംസ് കണ്ടെടുത്തതായി വിവരമുണ്ട്. കോണ്‍സല്‍ ജനറലിന് നല്‍കിയെന്ന് പറയപ്പെടുന്ന ഫോണ്‍ എങ്ങനെ വിനോദിനിയുടെ കൈവശമെത്തിയെന്ന് വരും ദിവസങ്ങളില്‍ കസ്റ്റംസ് വിശദമായി അന്വേഷിക്കും.

ഡോളര്‍കടത്തിലും സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിന് സ്്വപ്‌നയ്ക്ക് കൈക്കൂലിയായാണ് ഈ ഐ ഫോണുകള്‍ സന്തോഷ് ഈപ്പന്‍ വാങ്ങിനല്‍കിയതെന്ന പേരില്‍ വിവാദമുണ്ടായിരുന്നു. ഇത് അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയുടെ പക്കലെത്തി എന്നത് സര്‍ക്കാരിനെയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കും.

Next Story