‘ജനാധിപത്യത്തിന് അപമാനകരം’; സി.പി.എം അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല
കൊച്ചി: രമ്യാ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മണ്ഡലത്തിൽ പ്രവേശിപ്പിക്കില്ലെന്നും കൈയും കാലും വെട്ടുമെന്നുമൊക്കെ ഭീഷണി തികഞ്ഞ ഫാസിസമാണ്. ആലത്തൂരിൽ രമ്യ ഹരിദാസ് എം.പിയെ ഭീഷണിപ്പെടുത്തിയ സി.പി.എം അക്രമികളെ അറസ്റ്റ് ചെയ്യണം. ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. ‘വധഭീഷണി മുഴക്കിയ അക്രമികൾക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് എം.പിക്ക് റോഡിൽ കുത്തിയിരിക്കേണ്ടി വന്നത് ജനാധിപത്യത്തിന് അപമാനകരമാണ്. സ്ത്രീയെന്ന പരിഗണന പോലും നൽകാതെ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ചാണ് സി.പി.എമ്മുകാർ […]
13 Jun 2021 9:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചി: രമ്യാ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മണ്ഡലത്തിൽ പ്രവേശിപ്പിക്കില്ലെന്നും കൈയും കാലും വെട്ടുമെന്നുമൊക്കെ ഭീഷണി തികഞ്ഞ ഫാസിസമാണ്. ആലത്തൂരിൽ രമ്യ ഹരിദാസ് എം.പിയെ ഭീഷണിപ്പെടുത്തിയ സി.പി.എം അക്രമികളെ അറസ്റ്റ് ചെയ്യണം. ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
‘വധഭീഷണി മുഴക്കിയ അക്രമികൾക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് എം.പിക്ക് റോഡിൽ കുത്തിയിരിക്കേണ്ടി വന്നത് ജനാധിപത്യത്തിന് അപമാനകരമാണ്. സ്ത്രീയെന്ന പരിഗണന പോലും നൽകാതെ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ചാണ് സി.പി.എമ്മുകാർ ഭീഷണിപ്പെടുത്തിയത്. മണ്ഡലത്തിൽ പ്രവേശിപ്പിക്കില്ലെന്നും കൈയും കാലും വെട്ടുമെന്നുമൊക്കെ ഭീഷണി തികഞ്ഞ ഫാസിസമാണ്. ആലത്തൂരിൽ രമ്യ ഹരിദാസ് എം.പിയെ ഭീഷണിപ്പെടുത്തിയ സി.പി.എം അക്രമികളെ അറസ്റ്റ് ചെയ്യണം. കേസിൽ പോലീസ് നടപടി സ്വീകരിക്കണം’.
രമേശ് ചെന്നിത്തല
അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്: തുടർ ഭരണത്തിൻ്റെ ഹുങ്കിൽ UDF ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തി ഒതുക്കിക്കളയാമെന്നാണ് ഇടതുപക്ഷത്തിൻ്റെ വിചാരമെങ്കിൽ, ഓർത്തോളൂ, ജനപ്രതിനിധികൾ ഒറ്റക്കല്ല. ജനങ്ങൾ ഒറ്റക്കെട്ടായി അവർക്കൊപ്പമുണ്ടാവും.
സ്ത്രീത്വത്തെ പോലും അപമാനിച്ചും, ജാതീയമായി അധിക്ഷേപിച്ചും രമ്യാ ഹരിദാസ് എം.പി.യെ തുടർച്ചയായി വേട്ടയാടുമ്പോഴും പോലീസും, സർക്കാറും നോക്കുകുത്തിയാവുന്നത്
കേരളത്തിനു തന്നെ മാനക്കേടാണ്. തങ്ങളുടെ എതിർപക്ഷത്താണെന്നതിനാൽ സ്വന്തം മണ്ഡലത്തിൽ പോലും ജനപ്രതിനിധികൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന വാർത്തകൾ ഉത്തരേന്ത്യയിൽ നിന്നല്ല, ഉയർന്ന പൊതുബോധമുണ്ടെന്ന് അഹങ്കരിക്കുന്ന കേരളത്തിൽ നിന്നുമുണ്ടാകുന്നത് ലജ്ജാകരവുമാണ്. രമ്യാ ഹരിദാസ് എം.പിക്കു നേരെയുള്ള വധഭീഷണി; കുറ്റക്കാരെ കണ്ടെത്തി മുഖം നോക്കാതെ, ശക്തമായ നടപടികളെടുക്കുക.
ടി. സിദ്ദിഖിന്റെ പ്രസ്താവന: രമ്യാ ഹരിദാസ് എം പി. യെ വഴിയിൽ തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണ്. അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തിൽ എതിർപക്ഷത്തുള്ള ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ല. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് രമ്യാഹരിദാസിനെ ജാതിപ്പേരു വിളിച്ച് അപമാനിച്ചവരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നതും കൂടി ഓർക്കണം.
ഇത്തരം ധിക്കാരപരമായ നീക്കങ്ങളാണു സിപിഎമ്മും എൽ ഡി എഫും തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ യു ഡി എഫ് കയ്യും കെട്ടി നോക്കിയിരിക്കില്ല. തെരഞ്ഞെടുപ്പ് വിജയിച്ചതിനാൽ എന്തുമാവാം എന്ന് സിപിഎം പ്രവർത്തകർക്ക് ധാരണയുണ്ടെങ്കിൽ അത് എങ്ങനെ പ്രതിരോധിക്കണമെന്ന് കോൺഗ്രസിനും നന്നായി അറിയാം…
രമ്യ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം പ്രവർത്തകരുടെ ഹീനമായ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരനും പ്രതികരിച്ചു. ആലത്തൂർ വന്നാൽ കാല് വെട്ടുമെന്ന് പറഞ്ഞ് ജനപ്രതിനിധിയായ രമ്യയെ വെല്ലുവിളിച്ചവർ കശാപ്പ് രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. ഒരു പാർലമെന്റംഗത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. സുധീരൻ പറഞ്ഞു.
രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കാലു വെട്ടൽ ഭീഷണിയിലൊന്നും തകരുന്നവളല്ല, രാജ്യ സേവനത്തിനിടയിൽ പിടഞ്ഞു വീണു മരിച്ച ഇന്ദിരാജിയുടെ പിൻമുറക്കാരിയാണ് ഞാൻ..
ഇന്ന് ഉച്ച കഴിഞ്ഞ് ആലത്തൂരിലെ എന്റെ ഓഫീസിലേക്ക് പോകുന്ന വഴി ഹരിതകർമസേനയിലെ സ്ത്രീകളുമായി സംസാരിച്ച് വാഹനത്തിലേക്ക് തിരികെ കയറാൻ ചെന്ന എന്നോട് ഒരു ഇടത്പക്ഷ നേതാവ് പറഞ്ഞത് കേട്ടാൽ അറയ്ക്കുന്ന തെറി.സാമൂഹ്യ സന്നദ്ധ സേവനത്തിന് നൽകിയ പേരാണത്രേ പട്ടി ഷോ..സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഇഎംഎസിന്റെ ജന്മദിനത്തിൽ തന്നെ ആധുനിക കമ്യൂണിസ്റ്റുകാരൻ അവന്റെ തനിനിറം പുറത്തെടുത്തു.ഒരു ജനപ്രതിനിധി എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ആളുകളോട് എങ്ങനെ പെരുമാറണം എന്നു പോലും അറിയാത്ത രീതിയിലേക്ക് ഇടത് പക്ഷക്കാർ മാറിക്കഴിഞ്ഞോ?
ആലത്തൂര് കയറിയാൽ കാലു വെട്ടും എന്നാണ് ആലത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടിന്റെ ഭീഷണി. കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നിങ്ങൾ അതിനു മുതിരും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ജനസേവനത്തിന്റെ പാതയിൽ മുന്നോട്ടു പോകുമ്പോൾ നിങ്ങളുടെ ഭീഷണിയെ അതിജീവിക്കാൻ തന്നെയാണ് തീരുമാനം.
വെട്ടേറ്റ കാലും മുറിഞ്ഞു വീണ കൈപ്പത്തികളുമായി സാമൂഹ്യ സേവനം നടത്താൻ ഞാൻ സന്നദ്ധയാണ്.ജനസേവനത്തിന് ഇടയിൽ വെടിയേറ്റു വീഴുന്ന ഓരോ ചോരയും ഈ രാജ്യത്തിന് കരുത്തേകും എന്നുപറഞ്ഞ ഇന്ദിരാജിയുടെ പിൻഗാമിയാണ് ഞാൻ.സഞ്ചരിക്കാനുള്ള എന്റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും തെറി വിളികളുമായി പൊതുസമൂഹത്തിൽ അപമാനിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും.