‘മുന്‍നിരയില്‍ നിന്നു നയിച്ച ഞാന്‍ ഇന്ന് രണ്ടാം നിരയില്‍; ജനകീയ പോരാട്ടങ്ങളുമായി മുന്നോട്ടു പോകും’; നന്ദി പറഞ്ഞ് ചെന്നിത്തല
തെരഞ്ഞെടുപ്പ് പരാജയത്തിന് പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണ് സ്ഥാനം ഒഴിയുന്നതെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് താന്‍ നടത്തിയത്. സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളക്കും വഴിവിട്ട പ്രവര്‍ത്തനത്തിനും എതിരായിട്ടുള്ള നിതാന്ത ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ നടത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല പറഞ്ഞത്: തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനം ആയിരുന്നു ഇന്ന്. അഞ്ചുവര്‍ഷം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മുന്‍നിരയില്‍ നിന്നു […]
24 May 2021 10:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെരഞ്ഞെടുപ്പ് പരാജയത്തിന് പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണ് സ്ഥാനം ഒഴിയുന്നതെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് താന്‍ നടത്തിയത്. സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളക്കും വഴിവിട്ട പ്രവര്‍ത്തനത്തിനും എതിരായിട്ടുള്ള നിതാന്ത ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ നടത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തല പറഞ്ഞത്: തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനം ആയിരുന്നു ഇന്ന്. അഞ്ചുവര്‍ഷം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മുന്‍നിരയില്‍ നിന്നു നയിച്ച ഞാന്‍ ഇന്ന് രണ്ടാം നിരയിലാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിയമസഭയിലെ പുതിയ നേതാവായി വി ഡി സതീശനെ കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി നിര്‍ദേശിച്ചു. അനുഭവസമ്പത്തുള്ള പ്രഗല്‍ഭനായ വിഡി സതീശന്‍ എന്ന എന്റെ കൊച്ചനുജന് എല്ലാവിധ വിജയാശംസകളും നേരുന്നു. ഇന്ന് രാവിലെ വഴുതക്കാടുള്ള എന്റെ വസതിയില്‍ അദ്ദേഹം എത്തി. പ്രഭാതഭക്ഷണത്തിനു ശേഷം നിയമസഭാ സമ്മേളനത്തിന് ഒരുമിച്ചാണ് ഞങ്ങള്‍ നിയമസഭാ മന്ദിരത്തിലേക്ക് പുറപ്പെട്ടത്. അന്‍വര്‍ സാദത്ത് എം.എല്‍.എ യും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് ഞാന്‍ നടത്തിയത്. സഭാതലം പരിപൂര്‍ണമായി ഇതിനായി ഉപയോഗിച്ചു, സര്‍ക്കാരിന്റെ നല്ല ചെയ്തികളെ പിന്തുണയ്ക്കുന്നതിനൊപ്പം സംസ്ഥാന താല്‍പര്യങ്ങള്‍ക്കുവേണ്ടി യോജിച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വേദിയാണ് ഈ സഭയുടേത്. മുഖ്യമന്ത്രിയോടൊപ്പം പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതും പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംയുക്ത സമരത്തിനായി മുഖ്യമന്ത്രിയെ ക്ഷണിച്ചതും അദ്ദേഹം സമ്മതിച്ചതുമെല്ലാം പ്രതിപക്ഷപ്രവര്‍ത്തനത്തിന്റെ രജത രേഖയാണ്. പ്രളയ സമയത്ത് കന്റോന്റ്‌മെന്റ് ഹൗസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചതുമെല്ലാം ‘ജനങ്ങളാണ് എല്ലാത്തിലും വലുത് ‘ എന്ന വ്യക്തമായ സന്ദേശം നല്‍കി. ഞാന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ കേരള ജനതയുടെ നന്മയ്ക്കുവേണ്ടിയുള്ളതായിരുന്നു. സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളക്കും വഴിവിട്ട പ്രവര്‍ത്തനത്തിനും എതിരായിട്ടുള്ള നിതാന്ത ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാന്‍ നടത്തിയത്.
അതുകൊണ്ടുതന്നെ പല കാര്യങ്ങളിലും സര്‍ക്കാര്‍ പിന്‍ തിരിഞ്ഞിട്ടുണ്ട്. പ്രതിപക്ഷം ചൂണ്ടിക്കാണിച്ചില്ലായിരുന്നെങ്കില്‍ വന്‍ വിപത്തുകളില്‍ സംസ്ഥാനം പെട്ടു പോകുമായിരുന്നു.
ക്രിയാത്മക പ്രതിപക്ഷം എന്ന നിലയില്‍ കൃത്യമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്ന ചാരിതാര്‍ത്ഥ്യമുണ്ട്. ഒരു തുള്ളി രക്തം പോലും ഈമണ്ണില്‍ ചൊരിയിക്കാതെ , ഒരു കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് പോലും ഉടയാതെ, എങ്ങനെ പ്രതിപക്ഷ പ്രവര്‍ത്തനം നടത്താന്‍ കഴിയും എന്ന് തെളിയിച്ച കാലഘട്ടമാണ് കടന്നുപോയത്. ഓഖിയും നിപ്പയും രണ്ടു പ്രളയങ്ങളും അതോടൊപ്പം തന്നെ മഹാമാരിയായി കോവിഡും ജനത്തെ ബാധിച്ചപ്പോള്‍ സര്‍ക്കാരിനൊപ്പം നിന്നു പ്രവര്‍ത്തിച്ചു. പക്ഷേ അവിടെയും ദുരന്തങ്ങളുടെ മറവില്‍ സര്‍ക്കാര്‍ നടത്തിയ കൊള്ളകള്‍ തുറന്നുകാണിക്കാന്‍ മുന്നോട്ട് വരേണ്ടി വന്നു. പ്രളയഫണ്ട് തട്ടിച്ചു സ്വന്തം പോക്കറ്റിലാക്കിയവര്‍ക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരും. ദുരന്തങ്ങളുടെ മുമ്പില്‍ വിറങ്ങലിച്ചു നിന്ന ജനത അഴിമതികള്‍ക്കും കൊള്ളക്കും രണ്ടാം പരിഗണന മാത്രമാണ് നല്‍കിയത്. എന്നാല്‍ അതിന്റെ അര്‍ത്ഥം ഇവര്‍ നടത്തിയ എല്ലാ അഴിമതികളും ജനം മറന്നു എന്നല്ല. കേരളം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരിനെ തുറന്നു കാണിച്ച മികച്ച പ്രതിപക്ഷമായി കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രതിപക്ഷ പ്രവര്‍ത്തനത്തെ ചരിത്രകാരന്മാര്‍ വിലയിരുത്തുകയെന്നു പ്രത്യാശിക്കുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തിന് പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണ് സ്ഥാനം ഒഴിയുന്നത്. എന്റെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം വിലയിരുത്തട്ടെ. ഇതോടൊപ്പം എത്രമാത്രം പിന്തുണ എന്റെ പ്രവര്‍ത്തനങ്ങളില്‍ ലഭിച്ചിരുന്നു എന്നതും കാലം കണക്കെടുക്കട്ടെ. സംസ്ഥാന താല്‍പര്യത്തിനും ജനങ്ങള്‍ക്കുവേണ്ടിയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചു എന്നത് പഠനാര്‍ഹമാവട്ടെ. നാടു ഉറങ്ങുമ്പോഴും ജനങ്ങള്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നു. കണ്ണും കാതും കൂര്‍പ്പിച്ച് നടത്തിയ പ്രതിപക്ഷ പ്രവര്‍ത്തനം കേരളത്തിലെ ജനങ്ങള്‍ക്ക് മറക്കില്ല എന്നാണ് വിശ്വാസം.ഏല്‍പ്പിച്ച ദൗത്യം പൂര്‍ണ്ണമായും ജനങ്ങള്‍ക്കുവേണ്ടി നിര്‍വഹിച്ചു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ഇന്ന് രണ്ടാം നിരയിലേക്ക് ഞാന്‍ പിന്‍വാങ്ങുന്നത്. ജയപരാജയങ്ങളുടെ കൂട്ടികിഴിക്കല്‍ അല്ല ഇവിടെ നടത്തുന്നത്. ധാര്‍മികവും നൈതികവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ഒരു ജനതയ്ക്ക് വേണ്ടി പോരാടിയ പ്രതിപക്ഷ പ്രവര്‍ത്തനത്തെ ജനങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ വരുംകാലങ്ങളില്‍ വിലയിരുത്തുമെന്ന് പ്രത്യാശയോടെ കൂടിയാണ് മുന്നോട്ടുപോകുന്നത്.
പ്രതിപക്ഷ പ്രവര്‍ത്തനങ്ങളില്‍ ഏറെ സഹായിച്ച യുഡിഎഫ് എംഎല്‍എമാരോട് ഞാന്‍ നന്ദി പറയുന്നു. പ്രത്യേകമായി ഒരു ജ്യേഷ്ഠ സഹോദരനെ പോലെ സഭാതലത്തില്‍ പരിപൂര്‍ണ പിന്തുണ നല്‍കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഹായങ്ങള്‍ പ്രത്യേകം ഓര്‍ക്കേണ്ടതാണ്. പികെ കുഞ്ഞാലിക്കുട്ടി എന്ന എന്നത്തേയും മികച്ച പാര്‍ലമെന്റെറിയന്‍ നല്‍കിയ പിന്തുണ അളവറ്റതായിരുന്നു. പ്രതിപക്ഷ ഉപനേതാവ് ഡോക്ടര്‍ എം കെ മുനീര്‍ പ്രത്യേകം ഓര്‍മ്മിക്കേണ്ട പേരാണ്. ഊര്‍ജ്ജസ്വലതയോടെ ചടുലതയോടെ നര്‍മ്മത്തില്‍ കലര്‍ന്ന ആഴത്തിലുള്ള വിമര്‍ശനങ്ങളിലൂടെ സര്‍ക്കാരിനെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ സാധിച്ച, മഹാനായ സി എച്ച് മുഹമ്മദ് കോയയുടെ പുത്രന് ഞാന്‍ നന്ദി പറയട്ടെ. അനുഭവ പരിജ്ഞാനമേറെയുള്ള പിജെ ജോസഫിന്റെ പിന്തുണയും അനൂപ് ജേക്കബിന്റെ ആത്മാര്‍ത്ഥ നിറഞ്ഞ സഹകരണവും ഏറെ സഹായമായി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഉപനേതാവ് കെ സി ജോസഫിനെ എനിക്ക് മറക്കാന്‍ സാധിക്കില്ല.കഴിഞ്ഞ 38 വര്‍ഷക്കാലത്തെ പാര്‍ലമെന്ററി അനുഭവങ്ങള്‍ ഉള്ളംകൈയ്യിലെന്ന പോലെ സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ അനുഭവജ്ഞാനം പ്രതിപക്ഷനേതാവ് എന്ന നിലയില്‍ വളരെ പ്രയോജനമായിരുന്നു. സഭാ തലങ്ങളില്‍ എടുക്കേണ്ട നിലപാടുകളില്‍ രൂപം ഉണ്ടാക്കാന്‍ സഹായിച്ച വ്യക്തിയാണ് കെ സി ജോസഫ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ എന്നും ആദരവോടുകൂടി മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടി കാണുന്നത്.
മാണി സാറിന്റെ പാണ്ഡിത്യം വലിയ മുതല്‍കൂട്ടായിരുന്നു. ജീവിതത്തിന്റെ അവസാന നിമിഷം വരെ പിന്തുണ നല്‍കിയിരുന്നു. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രവര്‍ത്തനങ്ങളും, അടിയന്തര പ്രമേയങ്ങള്‍, അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍, എന്നിവയെല്ലാം ശ്രദ്ധേയവും കരുത്തുള്ളയുമായിരുന്നു. പ്രതിപക്ഷത്തിന് മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവയെല്ലാം വളരെയേറെ സഹായിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലെ സ്റ്റാഫ് അംഗങ്ങള്‍, പ്രതിപക്ഷനേതാവിന്റെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, നിയമസഭാ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ അതുപോലെ തന്നെ മുഖ്യമന്ത്രിയും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും മറ്റു മന്ത്രിമാരും അടങ്ങുന്ന ഭരണപക്ഷത്തെ പ്രമുഖര്‍ എന്നിവര്‍ക്കും പ്രത്യേകമായി ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ഇനി ഭാവിയിലും കേരളത്തിലെ കോണ്‍ഗ്രസിനേയും യുഡിഎഫിനെയും അധികാരത്തില്‍ തിരിച്ചുകൊണ്ടുവരാനുള്ള എല്ലാ ഉദ്യമങ്ങളുടേയും മുമ്പില്‍ ഞാനുണ്ടാകും. പ്രതിപക്ഷനേതാവ് വി ഡി സതീശനോടൊപ്പം ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടു പോകും. ഒരു സ്ഥാനവും ഇല്ലെങ്കിലും ജനകീയ പോരാട്ടങ്ങളുമായി ഞാന്‍ ഇവിടെ ഉണ്ടാവും. സ്ഥാനമാനങ്ങളെക്കാള്‍ വലുത് ജനങ്ങളുടെ സ്‌നേഹവും വാത്സല്യവുമാണ്.
അത് ഇനിയും നിര്‍ലോഭം ലഭിക്കും എന്ന പ്രത്യാശയോടെ നിര്‍ത്തട്ടെ.
നന്ദി