Top

‘കുട്ടിക്കാലത്തെ സംഭവങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യം ഇപ്പോഴില്ല’; സുധാകരനെ പരോക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല

കെപിസിസി പ്രസിഡന്റിനെ മുഖ്യമന്ത്രിക്ക് പേടിയാണെന്നും രമേശ് ചെന്നിത്തല ആക്ഷേപിച്ചു. അതാണ് സുധാകരന്‍ കെപിസിസി അധ്യക്ഷനായതുമുതല്‍ പിണറായിക്ക് ഹാലിളകിയിരിക്കുന്നത്.

20 Jun 2021 6:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കുട്ടിക്കാലത്തെ സംഭവങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യം ഇപ്പോഴില്ല’; സുധാകരനെ പരോക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല
X

ദിവസങ്ങളായി തുടരുന്ന ബ്രണ്ണന്‍ വിവാദത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കുട്ടിക്കാലത്തെ സംഭവങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇപ്പോള്‍ ചര്‍ച്ച നടത്തേണ്ട യാതൊരു ആവശ്യവുമില്ലെന്ന് ചെന്നിത്തല വിമര്‍ശിച്ചു. ഇപ്പോഴത്തെ വിവാദങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. അനാവശ്യകാര്യങ്ങള്‍ വലിച്ചിഴച്ചുകൊണ്ടുള്ള ചര്‍ച്ച ഇവിടെ അവസാനിപ്പിക്കണമെന്ന പറഞ്ഞുകൊണ്ട് ചെന്നിത്തല കെപിസിസി അധ്യക്ഷ്യന്‍ കെ സുധാകരനുനേരെ പരോക്ഷ വിമര്‍ശനം ഉയര്‍ത്തി. രാഷ്ട്രീയ പ്രതിയോഗികളെ അക്രമിക്കുന്നതിനായി മുഖ്യമന്ത്രി പത്രസമ്മേളനം ദുരുപയോഗം ചെയ്യുകയാണെന്നും ചെന്നിത്തല മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റിനെ മുഖ്യമന്ത്രിക്ക് പേടിയാണെന്നും രമേശ് ചെന്നിത്തല ആക്ഷേപിച്ചു. അതാണ് സുധാകരന്‍ കെപിസിസി അധ്യക്ഷനായതുമുതല്‍ പിണറായിക്ക് ഹാലിളകിയിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് വന്നപ്പോള്‍ മുതല്‍ പിണറായി ഓരോ ആരോപണങ്ങളായി ഉന്നയിച്ചുവരികയാണ്. ശത്രുവായി കണ്ടാണ് മുഖ്യമന്ത്രി കെപിസിസി പ്രസിഡന്റിനെ ആക്രമിക്കുന്നത്. ഇതിനായി വാര്‍ത്താ സമ്മേളനങ്ങളെപ്പോലും ദുരുപയോഗം ചെയ്യുന്നു. നേതാക്കള്‍ വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കുന്നതിനെ അംഗീകരിക്കുന്ന ആളല്ല താനെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ നടക്കുന്നത് കരുതികൂട്ടിയുള്ള രാഷ്ട്രീയ അക്രമം ആണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും വിമര്‍ശിച്ചിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും എകെ ബാലനും ഇപി ജയരാജനും ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളും പ്രതികരിച്ചത്.ഭൂതകാല ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ അതില്‍ അതീവ ഗുരുതരമായ ഒരു ജീവിത സാഹചര്യത്തെ അതിജീവിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന മുഖ്യമന്ത്രി സുധാകരനെതിരെ നടത്തിയ വിമര്‍ശനം അദ്ദേഹത്തിന്റെ പദവിക്കും ഉത്തരവാദിത്വത്തിനും മാത്രമല്ല ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിനും യോജിക്കാത്ത നടപടിയാണെന്ന് മുഖ്യമന്ത്രിയുടെ അഭ്യുദയകാംക്ഷികള്‍ പോലും വിലയിരുത്തുന്നത്. സുധാകരനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള സിപിഎം കണ്ണൂര്‍ ലോബിയുടെ ഗൂഢാലോചനയാണ് ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ ഉള്ളതെന്നും ഹസ്സന്‍ പറഞ്ഞു.

Next Story