Top

‘മൊയ്തീന്‍ കുട്ടി ഹാജിയുടെ തെറ്റ് കൊഫെപോസെ തടവുകാരനെ ജയില്‍പോയി കണ്ടു എന്നതായിരുന്നു’; ശര്‍മ്മയെ ചരിത്രം ഓര്‍മ്മിപ്പിച്ച് ചെന്നിത്തല

തിരുവനന്തപുരം: സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയ അവതരണത്തിന്റെ സാധുതയെ ചോദ്യം ചെയ്ത എസ് ശര്‍മ്മ എംഎല്‍എയെ ചരിത്രം ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൊയ്തീന്‍കുട്ടി ഹാജി സ്പീക്കറായിരുന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. ‘കേരള നിയമസഭയുടെ ചരിത്രത്തില്‍ മൂന്നോ നാലോ പ്രമേയങ്ങളാണ് സ്പീക്കറെ മാറ്റാനായി വന്നിട്ടുള്ളത്. അതില്‍ ആദ്യത്തേത് മൊയ്തീന്‍ കുട്ടി ഹാജി സ്പീക്കറായിരുന്നപ്പോഴാണ്. അന്ന് അദ്ദേഹം കാസറകോട് ജയിലില്‍ ഒരു കൊഫേപൊസെ തടവുകാരനെ കാണാന്‍ പോയി എന്നുള്ളതാണ് പ്രതിപക്ഷം ഉന്നയിച്ച […]

21 Jan 2021 12:59 AM GMT

‘മൊയ്തീന്‍ കുട്ടി ഹാജിയുടെ തെറ്റ് കൊഫെപോസെ തടവുകാരനെ ജയില്‍പോയി കണ്ടു എന്നതായിരുന്നു’; ശര്‍മ്മയെ ചരിത്രം ഓര്‍മ്മിപ്പിച്ച് ചെന്നിത്തല
X

തിരുവനന്തപുരം: സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയ അവതരണത്തിന്റെ സാധുതയെ ചോദ്യം ചെയ്ത എസ് ശര്‍മ്മ എംഎല്‍എയെ ചരിത്രം ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൊയ്തീന്‍കുട്ടി ഹാജി സ്പീക്കറായിരുന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.

‘കേരള നിയമസഭയുടെ ചരിത്രത്തില്‍ മൂന്നോ നാലോ പ്രമേയങ്ങളാണ് സ്പീക്കറെ മാറ്റാനായി വന്നിട്ടുള്ളത്. അതില്‍ ആദ്യത്തേത് മൊയ്തീന്‍ കുട്ടി ഹാജി സ്പീക്കറായിരുന്നപ്പോഴാണ്. അന്ന് അദ്ദേഹം കാസറകോട് ജയിലില്‍ ഒരു കൊഫേപൊസെ തടവുകാരനെ കാണാന്‍ പോയി എന്നുള്ളതാണ് പ്രതിപക്ഷം ഉന്നയിച്ച കാര്യം. ശര്‍മ്മ ഇവിടെ പറഞ്ഞ പ്രധാനപ്പെട്ട കാര്യം സ്പീക്കറുടെ ചട്ടങ്ങളെക്കുറിച്ച് പറയരുതെന്നാണ്. അതാണ് ഞാന്‍ മൊയ്തീന്‍കുട്ടി ഹാജിക്കെതിരെ പ്രമേയം കൊണ്ടുവന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്’, ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്തു കേസില്‍ ആരോപണം നേരിടുന്ന സ്പീക്കറെ സ്ഥാനത്തുനിന്നും നീക്കണമെന്ന പ്രതിപക്ഷ പ്രമേയം സഭ ചര്‍ച്ച ചെയ്യുകയാണ്. ബിജെപി അംഗം ഒ രാജഗോപാലടക്കം ഇരുപത് പേര്‍ പ്രമേയത്തെ അനുകൂലിച്ചു. ശങ്കരനാരായണന്‍ ലോഞ്ചിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങള്‍ മുന്നോട്ട് വെച്ചാണ് പ്രമേയാവതരണം.

ഡോളര്‍ കള്ളക്കടത്ത്, സഭാ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് പി ശ്രീരാമകൃഷ്നെതിരെ അവിശ്വാസ പ്രമേയം നല്‍കിയിരിക്കുന്നത്. സ്വപ്നയുമായി കുടുംബപരമായി ബന്ധമുണ്ടെന്നു നേരത്തെ സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് എം ഉമ്മര്‍ പറഞ്ഞത്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളിലൊരാളുടെ വര്‍ക്ഷോപ് ഉദ്ഘാടനത്തിനു സ്പീക്കര്‍ പോയി. വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും സ്വീകരിച്ചില്ല. ഓരോ ദിവസം ഗൗരവകരമായ വാര്‍ത്തയാണ് വരുന്നത്. സ്പീക്കറുടെ പഴ്‌സനല്‍ സ്റ്റാഫിനെ വിളിച്ചു വരുത്തി. ഇവിടെ നിയമസഭയുടെ അന്തസാണ് പ്രശ്‌നമെന്നും എം ഉമ്മര്‍ പറഞ്ഞു.

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പ്രമേയം അനുവദിക്കരുതെന്ന് ഇടത് എംഎല്‍എ എസ് ശര്‍മ തടസവാദം ഉന്നയിച്ചു. വസ്തുതകളുടെ പിന്‍ബലമില്ലാതെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി കൊണ്ടുവന്ന പ്രമേയമെന്നും അദ്ദേഹം പറഞ്ഞു.

അവിശ്വാസ പ്രമേയത്തിന്റെ ഡ്രാഫ്റ്റിങ്ങില്‍ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടി ജി സുധാകരന്‍ രംഗത്തെത്തി. ഇതിന് ഉമ്മര്‍ നല്‍കിയ മറുപടിയെത്തുടര്‍ന്ന്് അദ്ദേഹവും ജി സുധാകരനും തമ്മില്‍ വാഗ്വാദം മുറുകി. സുധാകരന്‍ കളിയാക്കുകയാണ് ചെയ്തതെന്ന് ആരോപിച്ച ഉമ്മര്‍, ഇങ്ങോട്ട് കളിയാക്കിയാല്‍ തിരിച്ച് കളിയാക്കുമെന്ന് തിരിച്ചടിച്ചു. തുടര്‍ന്ന് സുധാകരന്‍ എപ്പോഴും പ്രതിപക്ഷത്തിന്റെ തലയില്‍ കയറാന്‍ വരേണ്ട എന്ന് ഉമ്മര്‍ പറഞ്ഞു. ഇതില്‍ ഭരണപക്ഷ എംഎല്‍എമാര്‍ ബഹളമുണ്ടാക്കി. ഈ പ്രയോഗം സഭ്യതയ്ക്ക് നിരക്കില്ലെന്നും സഭാ രേഖകളില്‍നിന്നും നീക്കം ചെയ്യണമെന്നും വിഎസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

ഡെപ്യൂട്ടി സ്പീക്കറാണ് സഭ നിയന്ത്രിക്കുന്നത്. ഡയസ്സില്‍ നിന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇറങ്ങി. ഡെപ്യൂട്ടി സ്പീക്കറുടെ ചെയറിലേക്ക് അദ്ദേഹം മാറി. സഭയില്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എം ഉമ്മറാണ് പ്രമേയം അവതരിപ്പിക്കുന്നത്.

വളരെ അപൂര്‍വ്വമായിട്ടാണ് നിയമസഭയില്‍ സപീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം വരാറുള്ളത്. ഇതിനു മുന്‍പ് വക്കം പുരുഷോത്തമന്‍, എസി ജോസ് എന്നിവരാണ് സ്പീക്കര്‍ സ്ഥാനത്തിരുന്ന് അവിശ്വാസ പ്രമേയങ്ങളെ നേരിട്ടിട്ടുള്ളത്.

ആരോപണങ്ങളെല്ലാം ഭാവനമാത്രമാണെന്നാണ് ശ്രീരാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്. തന്നോട് സഭാംഗങ്ങളാരും വിശദീകരമം ചോദിച്ചിട്ടില്ല. തനിക്കെതിരെ പ്രമേയം കൊണ്ടുവരുന്നതിന് മുമ്പ് അതാകാമായിരുന്നു. ഒരു തരിപോലും തെറ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പ്രമേയം യുക്തിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story