ആന്റിവൈറല്‍ മരുന്നുകള്‍ പൂഴ്ത്തിയത് ബിജെപി എംപിമാര്‍, ശ്രീനിവാസിനെതിരെ നടക്കുന്നത് പ്രതികാര നടപടി; രമേശ് ചെന്നിത്തല
പ്രാണവായു കിട്ടാതെ പിടയുന്ന രോഗികള്‍ക്ക് ഓക്സിജന്‍ എത്തിച്ചു നല്കുന്ന ശ്രീനിവാസിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ന്യുയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ തുറന്നു എഴുതിയിരുന്നു.

തിരുവനന്തപുരം: കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസിന് പിന്തുണയുമായി രമേശ് ചെന്നിത്തല. കൊവിഡിനെ നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ കഴിവുകേട് വെളിച്ചത്ത് ആയതിലുള്ള പ്രതികാര നടപടിയാണ് ഇപ്പോള്‍ ശ്രീനിവാസിനെതിരെ ഉണ്ടാകുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തി ആയപ്പോള്‍ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിരോധ നടപടികള്‍ നാടിന് സാന്ത്വനമായി മാറിയിരിക്കുകയാണ്. അദ്ദേഹം നേതൃത്വം നല്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ 108 രൂപ സംഭാവന ചെയ്തുകൊണ്ട് ‘ഞങ്ങളാണ് സോഴ്സ്’ കാമ്പയിന് വിജയിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.
ആന്റിവൈറല്‍ മരുന്ന് അനധികൃതമായി സൂക്ഷിച്ച ബിജെപി എംപിമാര്‍ക്കെതിരെ നടപടി എടുക്കാതെയാണ് സുതാര്യമായ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ശ്രീനിവാസിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലീസ് തിരിഞ്ഞിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ശ്രീനിവാസിന്റെ എല്ലാ സേവനപ്രവര്‍ത്തനങ്ങളും സുതാര്യമാണ്. പ്രാണവായു കിട്ടാതെ പിടയുന്ന രോഗികള്‍ക്ക് ഓക്സിജന്‍ എത്തിച്ചു നല്കുന്ന ശ്രീനിവാസിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ന്യുയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ തുറന്നു എഴുതിയിരുന്നു.
സ്വന്തം നാടിന് ആവശ്യമായ വാക്സിന് നല്‍കാതെ വിദേശരാജ്യങ്ങള്‍ക്കായി കയറ്റുമതി ചെയ്ത മോദി സര്‍ക്കാരിന്റെ പിടിപ്പുകേട് കൂടി ഈ മാധ്യമങ്ങള്‍ തുറന്നുകാട്ടിയിരുന്നെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Also Read: ‘ഇന്ത്യയിലെ യുവതയുടെ പ്രബോധനത്തിന്റെ സോഴ്സ്’; ബിവി ശ്രീനിവാസിനെ ചൂണ്ടി വിടി ബല്‍റാം
മുന്‍പ് ബിജെപി എംപി ഗൗതം ഗംഭീര്‍ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മരുന്ന് രാഷ്ട്രീയ ലാഭത്തിന് പൂഴ്ത്തിവെച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. മരുന്ന് ആവശ്യമുള്ളവര്‍ ആധാറും ഡോക്ടറുടെ കുറിപ്പടിയുമായെത്തണമെന്ന ഗംഭീറിന്റെ ട്വീറ്റിന് പിന്നാലെയായിരുന്നു ആരോപണം.
വ്യാജ ക്ഷാമം ഉണ്ടാക്കിയ ശേഷം മരുന്ന് സൗജന്യമായി നല്കി ബിജെപി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഗംഭീര്‍ വിതരണം ചെയ്യുന്നത് പൂഴ്ത്തിവെച്ച മരുന്നാണെന്നും കോണ്‍ഗ്രസും എഎപിയും ആരോപിച്ചു.
എത്ര മരുന്ന് നിങ്ങള്‍ കൈവശം സൂക്ഷിച്ചിട്ടുണ്ട്, ഇത്രയധികം മരുന്ന് നിങ്ങളുടെ കൈവശം എത്തിച്ചേര്‍ന്നത് എങ്ങനെയാണ്, നിയമപരമായിട്ടാണോ മരുന്ന് കൈവശം വെച്ചിരിക്കുന്നത്, ഇത്തരത്തില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് ശേഖരിച്ചതല്ലേ ക്ഷാമത്തിന് കാരണമായത് എന്നിങ്ങനെ നാല് ചോദ്യങ്ങള്‍ അന്ന് കോണ്‍ഗ്രസ് ഗംഭീറിന് മുന്നില്‍ വെച്ചിരുന്നു.