
ശബരിമല വിഷയത്തില്‍ എന്നും വിശ്വാസികളോടൊപ്പം നിന്നത് യുഡിഎഫ് ആണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമല ഉപയോഗിച്ച് യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയല്ലെന്നും മുന്നണിയെ സംബന്ധിച്ച് ജനങ്ങളുടെ വിശ്വാസമാണ് പ്രധാനമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തിരുന്നുകൊണ്ട് യുഡിഎഫ് ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങള്‍ വിശ്വാസികള്‍ക്കുവേണ്ടി ചെയ്തുവെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളാണ് ഇതിനെയെല്ലാം തടസ്സപ്പെടുത്തിയതെന്നും ചെന്നിത്തല പറഞ്ഞു. ഐശ്വര്യകേരള യാത്രയ്ക്കിടയില്‍ ചാവക്കാടായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
ശബരിമലവിഷയത്തില്‍ യുഡിഎഫിന് എന്ത് ആത്മാര്ഥതയാണുള്ളതെന്ന എന്‍എസ്എസിന്റെ ആക്ഷേപത്തിനും ചെന്നിത്തല മറുപടി പറഞ്ഞു. വിശ്വാസികള്‍ക്കായി യുഡിഎഫ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്‍എസ്എസിന്റെ ശ്രദ്ധയില്‍ പെടാതെ പോയതാകാമെന്നും എന്‍എസ്എസിന് തെറ്റിദ്ധാരണയാണെന്നും ചെന്നിത്തല പറഞ്ഞു.
‘ പ്രതിപക്ഷത്തിരിക്കുമ്പോള്‍ സ്വകാര്യബില്ല് അവതരിപ്പിക്കുകമാത്രമാണ് ഞങ്ങള്‍ക്ക് ആകെ ചെയ്യാനുള്ളത്. സുപ്രിംകോടതി വിധി വന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ വിളിച്ചുചേര്‍ത്ത് അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് സുപ്രിംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ചെയ്തു. വേറൊരു പാര്‍ട്ടിയും ഹര്‍ജി കൊടുത്തിട്ടില്ല. ഇത്രയൊന്നും ബിജെപി ചെയ്തിട്ടില്ല. മനു അഭിഷേക് സിന്‍വി പ്രയാര്‍ ഗോപാലകൃഷ്ണനുവേണ്ടി വാദിച്ചു. ഇതില്‍ക്കൂടുതലൊക്കെ എന്ത് ചെയ്യാന്‍ പറ്റും ഞങ്ങള്‍ക്ക് പ്രതിപക്ഷത്തിരുന്ന്?’ ചെന്നിത്തല ചോദിച്ചു. വേണ്ടിവന്നാല്‍ എന്‍എസ്എസ് നേതൃത്വത്തെ നേരില്‍ കണ്ട് തെറ്റിദ്ധാരണ മാറ്റുമെന്നും ചെന്നിത്തല പറഞ്ഞു.
ഈ വിഷയം സുപ്രീം കോടതിയുടെ വിശാല ബഞ്ചിന്റെ പരിഗണനയില്‍ ഇരിക്കുമ്പോഴും ഇലക്ഷന് മുന്നില്‍ കണ്ടുകൊണ്ട് വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ വിശ്വാസികളെ സ്വാധീനിക്കുവാന്‍ വേണ്ടിയുള്ള പുതിയ വാദഗതികളുമായി രാഷ്ട്രീയ കക്ഷികള്‍ രംഗപ്രവേശനം ചെയ്തിരിക്കുന്നത് കൗതുകകരമാണെന്നും എന്‍എസ്എസ് ഒരു പ്രസ്താവനയിലൂടെ ആക്ഷേപിച്ചിരുന്നു. പ്രതിപക്ഷത്തിരിക്കുമ്പോള്‍തന്നെ വിശ്വാസം സംരക്ഷിക്കുന്നതിനു വേണ്ടി യു.ഡി.എഫിന് നിയമസഭയില്‍ ഒരു ബില്‍ അവതരിപ്പിക്കാമായിരുന്നു. അതിനു പകരം, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ വിശ്വാസികള്‍ക്കനുകൂലമായ നിയമനിര്‍മ്മാണം നടത്തുമെന്നുള്ള അവരുടെ പ്രഖ്യാപനത്തിന് എന്ത് ആത്മാര്‍ത്ഥതയാണുള്ളത്? വിശ്വാസം സംരക്ഷിക്കണമെന്ന് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന് താല്പര്യമുണ്ടെങ്കില് സുപ്രീംകോടതിയില്‍ അവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തിക്കൊടുക്കണം.അല്ലാത്തപക്ഷം നിയമനിര്‍മ്മാണത്തിലൂടെ ഈ വിഷയത്തിന് പരിഹാരം കാണാനോ ശ്രമിക്കണമെഎന്എസ്എസിന്റെ വിമര്‍ശനം.