Top

‘കേരളത്തില്‍ നടക്കുന്നത് പിന്‍വാതില്‍ നിയമനമേള’;ഇപി ജയരാജന്റെ ബന്ധുമുതല്‍ നിനിത കണിച്ചേരി വരെ; എണ്ണിപ്പറഞ്ഞ് ചെന്നിത്തല

കേരളത്തില്‍ നടക്കുന്ന നിയമനങ്ങള്‍ സുതാര്യമാണെങ്കില്‍ വിവാദ നിയമനങ്ങളുടെ ഫയലുകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറകണെന്നും ചെന്നിത്തല പറഞ്ഞു.

6 Feb 2021 12:15 AM GMT

‘കേരളത്തില്‍ നടക്കുന്നത് പിന്‍വാതില്‍ നിയമനമേള’;ഇപി ജയരാജന്റെ ബന്ധുമുതല്‍ നിനിത കണിച്ചേരി വരെ; എണ്ണിപ്പറഞ്ഞ് ചെന്നിത്തല
X

കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അനധികൃത നിയമനങ്ങളുടേയും ബന്ധുനിയമനങ്ങളുടേയും മേളയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇപി ജയരാജന്റെ ബന്ധുവിന്റെ നിയമനം മുതല്‍ എംബി രാജേഷിന്റെ ഭാര്യ നിനിത കിണിച്ചേരിയുടെ വിവാദ നിയമനം വരെ ചൂണ്ടിക്കാട്ടിയായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. പിന്‍വാതില്‍ നിയമനങ്ങളുടെ ലിസ്റ്റ് വളരെ നീണ്ടതാണെന്നും അദ്ദേഹം ഐശ്വര്യകേരള യാത്രയ്ക്കിടെ മലപ്പുറത്ത് പറഞ്ഞു. പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരോട് സര്‍ക്കാര്‍ എന്തുകൊണ്ടാണ് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാത്തതെന്നും ചെന്നിത്തല ആഞ്ഞടിച്ചു.

കേരളത്തില്‍ നടക്കുന്ന നിയമനങ്ങള്‍ സുതാര്യമാണെങ്കില്‍ വിവാദ നിയമനങ്ങളുടെ ഫയലുകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറകണെന്നും ചെന്നിത്തല പറഞ്ഞു. കിന്‍ഫ്രയിലേക്ക് യോഗ്യതയില്ലാത്തവരെ സര്‍ക്കാര്‍ തള്ളിക്കയറ്റിയെന്നും ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഇത്തരം അനധികൃത നിയമനങ്ങളെത്തടയാന്‍ നിയമനിര്‍മ്മാണം നടത്തുമെന്നും ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു.

ഈ സര്‍ക്കാരിന്റെ കാലത്തെ പിന്‍വാതില്‍ നിയമനങ്ങളുടെ ലിസ്റ്റില്‍ ഇപി ജയരാജന്റെ ബന്ധുവിന്റെ നിയമനം ആദ്യത്തേതായി ചേര്‍ത്തുകൊണ്ടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. എഎം ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുടെ നിയമനം,കെടി ജലീലിന്റെ ബന്ധുവിന്റെ നിയമനം, മുന്‍ എംപി സീമയുടെ ഭര്‍ത്താവിനെ സിഡിറ്റ് ഡയറക്ടരാക്കി നിയമിച്ചത്, സിപിഐഎം നേതാവിന്റെ മകന്‍ കെവി മനോജ് കുമാറിന്റെ നിയമനം, എ വിജയരാഘവന്റെ ഭാര്യയുടെ നിയമനം, കോടിയേരി ബാലകൃഷ്ണന്റെ ബന്ധു എസ് ആര്‍ വിനയകുമാറിന്റെ നിയമനം, ഇകെ നയനാരുടെ കൊച്ചുമകന്റെ നിയമനം, ആനത്തലവട്ടം ആനന്ദന്റെ കുടുംബാംഗത്തിന്റെ നിയമനം, സിപിഐഎം സംസ്ഥാനകമ്മിറ്റിയംഗം വരദരാജന്റെ മകന്റെ നിയമനം എന്നിങ്ങനെയുള്ള നീണ്ടലിസ്റ്റ് വായിച്ചശേഷം പേരുകള്‍ ഇനിയും തീരുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

Next Story