‘മന്ത്രിസഭയില്‍ എല്ലാവര്‍ക്കും മറവിരോഗം’; സര്‍ക്കാരിന്റെ കള്ളങ്ങള്‍ പ്രതിപക്ഷം കൈയ്യോടെ പിടികൂടിയെന്ന് ചെന്നിത്തല
ആദ്യം ജനങ്ങളുടെ ആരോഗ്യം വിറ്റ് കാശാക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഇപ്പോള്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കാനാണ് ശ്രമം നടത്തുന്നതെന്ന് ചെന്നിത്തല ആരോപിക്കുന്നു.

ആഴക്കടല്‍ മത്സ്യബന്ധനവിവാദമുയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ കള്ളം കൈയ്യോടെ പ്രതിപക്ഷം പിടിച്ചെന്നും പ്രതിപക്ഷം ഇടപെട്ടില്ലായിരുന്നെങ്കില്‍ മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കിക്കൊണ്ടുള്ള ഉടമ്പടിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചേനെയെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആദ്യം ജനങ്ങളുടെ ആരോഗ്യം വിറ്റ് കാശാക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഇപ്പോള്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കാനാണ് ശ്രമം നടത്തുന്നതെന്ന് ചെന്നിത്തല ആരോപിക്കുന്നു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിട്ട് മത്സ്യസമ്പത്ത് വിറ്റ് കാശാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ ആ രണ്ട് ശ്രമങ്ങളും പ്രതിപക്ഷം കൈയ്യോടെ പിടികൂടി തടഞ്ഞുവെന്ന് ചെന്നിത്തല പറഞ്ഞു.
‘കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികള്‍ എന്ന് പറയുന്ന സര്‍ക്കാര്‍ മറുഭാഗത്ത് അവരെ പട്ടിണിയിലേക്ക് തള്ളിയിടുന്ന കരാറുകളില്‍ ഒപ്പുവെയ്ക്കുന്നു. എന്നിട്ട് പ്രതിപക്ഷം കൈയ്യോടെ പിടിയ്ക്കുമ്പോള്‍ തങ്ങള്‍ ചെയ്ത പാഴ്‌വേല മുഴുവന്‍ ഉദ്യോഗസ്തരുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. സാധാരണഗതിയില്‍ ആര്‍ക്കും സന്ദര്‍ശനത്തിന് അനുമതി നല്‍കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇഎംസിസി പ്രതിനിധികളുമായി രണ്ട് തവണ കൂടിക്കാഴ്ച്ച നടത്തി. എന്നിട്ട് ഇതൊന്നും ഓര്‍മ്മ വരുന്നില്ലെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നത്. മന്ത്രിസഭയിലുള്ള എല്ലാവര്‍ക്കും മറവിരോഗമാണ്’. ചെന്നിത്തല പറഞ്ഞു.