Top

’40 വര്‍ഷം നേതാവായിരുന്ന ഖാഗന്‍ മുര്‍മു, നികുഞ്ച പൈക്ക പോയത് 3,000 പ്രവര്‍ത്തകര്‍ക്കൊപ്പം’; ബിജെപിയില്‍ പോയ സിപിഐഎം നേതാക്കളെ എണ്ണിപ്പറഞ്ഞ് ചെന്നിത്തല

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അമിത് ഷായ്‌ക്കെതിരെയോ നരേന്ദ്ര മോദിക്കെതിരേയോ ഒരു തവണപോലും സംസാരിക്കാന്‍ ധൈര്യം കാണിക്കാത്ത സിപിഎമ്മുകാരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവസരം കിട്ടിയാല്‍ എന്തും കുറഞ്ഞ വിലയ്ക്ക് വിറ്റു കളയുന്ന ഒരാളാണ് കേരളത്തിലെ മുഖ്യമന്ത്രിയെന്നും അങ്ങനെ കട കാലിയാക്കല്‍ വില്പനയില്‍ സ്വയം മികവ് തെളിയിച്ച ഒരു ഭരണാധികാരിയാണ് പിണറായി വിജയനെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പുതുച്ചേരിയിലെ കാര്യം ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ്സുകാര്‍ ബിജെപിയിലേക്ക് പോകുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ബംഗാളില്‍ സ്വന്തം […]

5 March 2021 11:21 AM GMT

’40 വര്‍ഷം നേതാവായിരുന്ന ഖാഗന്‍ മുര്‍മു, നികുഞ്ച പൈക്ക പോയത് 3,000 പ്രവര്‍ത്തകര്‍ക്കൊപ്പം’; ബിജെപിയില്‍ പോയ സിപിഐഎം നേതാക്കളെ എണ്ണിപ്പറഞ്ഞ് ചെന്നിത്തല
X

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അമിത് ഷായ്‌ക്കെതിരെയോ നരേന്ദ്ര മോദിക്കെതിരേയോ ഒരു തവണപോലും സംസാരിക്കാന്‍ ധൈര്യം കാണിക്കാത്ത സിപിഎമ്മുകാരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവസരം കിട്ടിയാല്‍ എന്തും കുറഞ്ഞ വിലയ്ക്ക് വിറ്റു കളയുന്ന ഒരാളാണ് കേരളത്തിലെ മുഖ്യമന്ത്രിയെന്നും അങ്ങനെ കട കാലിയാക്കല്‍ വില്പനയില്‍ സ്വയം മികവ് തെളിയിച്ച ഒരു ഭരണാധികാരിയാണ് പിണറായി വിജയനെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പുതുച്ചേരിയിലെ കാര്യം ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ്സുകാര്‍ ബിജെപിയിലേക്ക് പോകുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ബംഗാളില്‍ സ്വന്തം പാര്‍ട്ടിക്ക് സംഭവിക്കുന്നത് എന്താണ് എന്ന് അദ്ദേഹം പറയുന്നില്ല. ബംഗാളിലെ സി പി എം ഓഫീസുകള്‍ ബിജെപി ഓഫീസുകളായി മാറുന്ന വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നു.സിപിഎമ്മില്‍ നിന്ന് എംഎല്‍എമാര്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക് ചേക്കേറുന്ന വാര്‍ത്തകളും പുറത്തു വരുന്നു. അമിത് ഷായുടെ ജാഥയില്‍ വച്ചാണ് ഹരിദാസ് തപസ്വിയും അനുയായികളും ആഘോഷപൂര്‍വം ബിജെപിയിലേക്ക് ചേര്‍ന്നത്.

സ്വദേശ് നായിക്ക് എന്ന മറ്റൊരു എംഎല്‍എ ആയിരം പ്രവര്‍ത്തകരോടൊപ്പമാണ് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ സിപിഎം എംഎല്‍എ നികുഞ്ച പൈക്ക 3000 പ്രവര്‍ത്തകരോടൊപ്പമാണ് ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വമെടുത്തത്. ജ്യോതിര്‍മയി സിക്തര്‍ എന്ന സിപിഎം എംപി ജൂണ്‍ മാസത്തില്‍ ബി ജെ പിയില്‍ പോയി. 40 വര്‍ഷം സിപിഎം നേതാവായിരുന്ന ഖാഗന്‍ മുര്‍മു എന്ന നേതാവ് ഇപ്പോള്‍ നോര്‍ത്ത് മാള്‍ടയിലെ ബിജെപി എംപി ആണ്, ഹാല്‍ദിയ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ തപസി മണ്ഡലും ബിജെപിയില്‍ ചേര്‍ന്നു.

രമേശ് ചെന്നിത്തല

തൃപുരയിലും സ്ഥിതി വ്യത്യസ്തമല്ല, സിപിഎം മുന്‍ എംഎല്‍എ ബിശ്വജിത്ത് ദത്ത, മുന്‍ അസംബ്ലി സ്പീക്കര്‍ ജിതേന്ദ്ര സര്‍ക്കാര്‍ ഇവരെല്ലാം ബിജെപിയിലേക്ക് ചുവടുമാറ്റം നടത്തിയത് പിണറായി വിജയന്‍ തിരക്കിനിടയില്‍ മറന്നു പോയതായിരിക്കാം. ബിജെപിയിലേക്ക് കട കാലിയാക്കല്‍ വില്‍പന നടത്തുന്നത് ആരാണ് എന്ന് ജനങ്ങള്‍ക്കറിയാം. ബിജെപിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ജോലിയാണ് തങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ സിപിഎം ഏറ്റെടുത്തിരിക്കുന്നത്. കോവളം ഏരിയ കമ്മിറ്റിയുടെ രണ്ട് ബ്രാഞ്ച് കമ്മിറ്റികള്‍ ഒന്നാകെ
ബി ജെ പിയിലേക്ക് ചേക്കേറി. തോട്ടം വള്ളിക്കുന്ന് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബിജെപി കാര്യാലയമായി മാറി.

ഒരേസമയം ബിജെപിയെ വളര്‍ത്തുകയും ബിജെപിയ്ക്ക് നേട്ടങ്ങളില്ലാത്ത സ്ഥലങ്ങളില്‍ വര്‍ഗീയത വിതറി അവര്‍ക്ക് അടിത്തറയൊരുക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഐഎമ്മെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇന്ത്യയില്‍ രണ്ട് സീറ്റിലേക്ക് ഒതുങ്ങിയിരുന്ന ബിജെപിയെ അധികാരത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സിപിഎം നല്‍കിയ സംഭാവന ആര്‍ക്കും മറക്കാനാവില്ല. 1989 ല്‍ രാജീവ് ഗാന്ധിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ സിപിഎമ്മും ഇടതുപക്ഷ കക്ഷികളും ജനതാദളും ബിജെപിയുമായി ചേര്‍ന്ന അഖിലേന്ത്യാ തലത്തില്‍ നടത്തിയ ഗൂഢാലോചനയാണ് ഇന്ത്യയിലെ ബിജെപിയെ ശക്തി പ്രാപിക്കാന്‍ സഹായിച്ചത്. ഡല്‍ഹിയിലെ അന്നത്തെ അത്താഴവിരുന്നുകളിലും അന്തിച്ചര്‍ച്ചകളിലും വാജ്‌പേയിയോടും അദ്വാനിയോടും ഒപ്പം തോളോട് തോള്‍ ചേര്‍ന്ന് കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത് സിപിഎമ്മിന്റെ ദേശീയ നേതാക്കന്മാര്‍ ആയിരുന്നു. ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കും എന്നായിരുന്നു ഇഎംഎസ് പറഞ്ഞത്. അതിനായി അവര്‍ കൂട്ടുപിടിച്ച ചെകുത്താന്‍ ഇന്ത്യയുടെ മതേതരത്വത്തെ തകര്‍ക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.1984 ല്‍ രണ്ടു സീറ്റില്‍ ഒതുങ്ങിയിരുന്ന ബിജെപിയെ 1989ല്‍ 88 സീറ്റിലേക്ക് വളര്‍ത്തിയത് സിപിഎമ്മാണ്. സിപിഎമ്മും ഇടതുകക്ഷികളും ബിജെപിയുമായി ചേര്‍ന്നുണ്ടാക്കിയ ദേശീയ മുന്നണിയാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഇന്ത്യയില്‍ കളമൊരുക്കിയത്.

അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയില്‍ നിയമസഭയ്ക്ക് അകത്തോ പുറത്തോ അമിത് ഷായ്‌ക്കെതിരെയോ നരേന്ദ്ര മോദിക്കെതിരേയോ ഒരുതവണ പോലും സംസാരിക്കാന്‍ മുഖ്യമന്ത്രി ധൈര്യം കാട്ടിയിട്ടില്ല. ബിജെപിയുമായുള്ള ഈ ഒത്തുകളി വെളിച്ചത്തായതിന്റെ ജാള്യത മറയ്ക്കാനാണ് അദ്ദേഹം ഇപ്പോള്‍ വെപ്രാളം കാട്ടുന്നത്. ലാവ്‌ലിന്‍ കേസിലും മറ്റും ബിജെപി തിരികെ പിണറായിയെ സഹായിക്കുകയാണ്.

ബിജെപിയിലേക്ക് കട കാലിയാക്കല്‍ വില്‍പ്പന നടത്തുന്ന കോണ്‍ഗ്രസ് നേതാവാണ് പ്രതിപക്ഷ നേതാവ് എന്നാണ് അദ്ദേഹം എനിക്കെതിരെ നടത്തിയ പരാമര്‍ശം. കട കാലിയാക്കല്‍ അല്ല കേരളത്തെ തന്നെ കാലിയാക്കുന്ന നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളാണ് മുഖ്യമന്ത്രി. 5000 കോടി രൂപയുടെ കരാര്‍ എഴുതി കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കന്‍ കുത്തകയ്ക്ക് കൈമാറാന്‍ പദ്ധതിയിട്ടയാളാണ് പിണറായി വിജയന്‍. കൊവിഡ് കാലത്ത് മലയാളികളുടെ ആരോഗ്യ വിവരങ്ങള്‍ മറ്റൊരു അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറിനു നല്‍കി കാശുണ്ടാക്കാന്‍ ശ്രമിച്ചതും ഈ സര്‍ക്കാരാണ്.

1977 ല്‍ ഇന്ദിരാഗാന്ധിയെ പുറത്താക്കാന്‍ ജനസംഘം ലയിച്ചുചേര്‍ന്ന ജനതാ പാര്‍ട്ടിയുമായിട്ടായിരുന്നു സിപിഎമ്മിന് ബാന്ധവം. 1977 ല്‍ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് വേണ്ടി കെ ജി മാരാര്‍ വോട്ടു പിടിച്ചു. ആര്‍എസ്എസിന്റെയും ബിജെപിയുടെയും വോട്ട് വാങ്ങിച്ചു ജയിച്ച പിണറായി വിജയന്റെ ഇപ്പോളത്തെ വായ്ത്താരികള്‍ ഒരു തമാശയായി കണ്ടാല്‍ മതി. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ബിജെപിയുമായി സിപിഎം ഉണ്ടാക്കുന്ന അവിശുദ്ധ സഖ്യമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനെയും,യുഡിഎഫിനെയും തറപറ്റിക്കാനാണ് ബിജെപിയെ കൂട്ടുപിടിക്കുന്നത്. മുസ്ലിം ലീഗിനെ സിപിഎം നേതാക്കള്‍ വര്‍ഗീയത കലര്‍ത്തി ആക്രമിക്കുന്നതും ഇതിന്റെ പേരിലാണ്. 17.5 കോടി രൂപയുടെ ഭൂമിയാണ് സിപിഎം- ആര്‍എസ്എസ് അവിശുദ്ധബന്ധത്തിന്റെ ഇടനിലക്കാരനായ ശ്രീ എമ്മിന് തിരുവനന്തപുരത്ത് സൗജന്യമായി നല്‍കിയിരിക്കുന്നത്. ഇത് ആര്‍ എസ് എസ് പ്രീണനത്തിന്റെ ഭാഗമാണ്. എന്നിട്ടും കോണ്‍ഗ്രസിനു മേല്‍ പഴിചാരാന്‍ ശ്രമിക്കുന്ന തൊലിക്കട്ടിക്കും സിപിഎമ്മിന്റെ വര്‍ഗീയ പ്രചാരണത്തിനും ജനം മറുപടി നല്‍കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Next Story