‘ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുന്നു’; വിഡി സതീശനെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല; കമന്റുമായി ബല്‍റാം
‘വി.ഡി സതീശനെ നേതാവായി തെരഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു. വി ഡി സതീശന് അഭിനന്ദനങ്ങള്‍… എല്ലാ ആശംസകളും നേരുന്നു’. ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
22 May 2021 12:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തുകൊണ്ടുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുന്നതായി രമേശ് ചെന്നിത്തല. വിഡി സതീശനെ അഭിനന്ദിക്കുന്നതായി ചെന്നിത്തല അറിയിച്ചു. ‘കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തിരുന്നു. വി.ഡി സതീശനെ നേതാവായി തെരഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു. വി ഡി സതീശന് അഭിനന്ദനങ്ങള്‍… എല്ലാ ആശംസകളും നേരുന്നു’. ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്റുമായി തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാമും രംഗത്തെത്തി. ‘കഴിഞ്ഞ അഞ്ച് വർഷം വിശ്രമരഹിതമായി താങ്കൾ പ്രവർത്തിച്ചു. ഭരണകൂട നെറികേടുകളേയും കാട്ടുകൊള്ളകളേയും തുറന്നുകാട്ടി. ജനദ്രോഹ നടപടികളെ തിരുത്തിച്ചു. കേരളീയ മനസ്സാക്ഷിയുടെ സംരക്ഷകനായി. ഓരോ യുഡിഎഫ് പ്രവർത്തകനേയും ചേർത്തു നിർത്തി അഭിമാനകരമായ പ്രവർത്തനം നടത്തി.
നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഇനിയും താങ്കൾ ഈ പ്രസ്ഥാനത്തിന് മുന്നിൽ നിൽക്കണം. ഒരു മികച്ച പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചരിത്രം താങ്കളെ വിലയിരുത്തും. ഉറപ്പ്’. ഇതായിരുന്നു ബല്‍റാമിന്റെ കമന്റ്.
വിഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞടുത്ത വിവരം ഹൈക്കമാന്റ് പ്രതിനിധിയായ മല്ലികാര്‍ജ്ജുന ഗാര്‍ഗെ സംസ്ഥാന നേതാക്കളെ അറിയിച്ചു. മാറ്റത്തിന് വേണ്ടിയാണ് ഹൈക്കമാന്‍ഡ് തീരുമാനം എന്നും ഗാര്‍ഗെ അറിയിച്ചു.പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശനെ ഉയര്‍ത്തണണെന്നാവശ്യപ്പെട്ട് ചില യുവ എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു. തലമുറമാറ്റം എന്ന നേതാക്കളുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു.
അതേസമയം തലമുറമാറ്റം എന്നതിലേക്ക് കാര്യങ്ങള്‍ പോവുകയാണെങ്കില്‍ അത് സംസ്ഥാന നേതാക്കളുമായി സംസാരിച്ച് ധാരണയിലെത്തെണമെന്നായിരുന്നു എകെ ആന്റണി മുന്നോട്ട് വെച്ചത്. ഇന്നലെയാണ് യുവ നേതാക്കള്‍ രാഹുലുമായി ബന്ധപ്പെട്ടത്. ഈ നിലയില്‍ തന്നെ പ്രതിപക്ഷം മുന്നോട്ട് പോവുകയാണെങ്കില്‍ വരാനിരിക്കുന്ന ഓരോ തെരഞ്ഞെടുപ്പിലും പരാജയം തന്നെയായിരിക്കും ഫലം എന്നാണ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചത്.