Top

‘തമ്പി ഹാള്‍ പൊളിച്ചുപണിത കഥ കേട്ടാല്‍ ഞെട്ടും’; സ്പീക്കര്‍ മാധ്യമങ്ങളെ കാണാത്തത് കുറ്റബോധം കൊണ്ടെന്ന് ചെന്നിത്തല

തദ്ദശ വോട്ടിങ്ങിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുന്നതിനിടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കടത്ത് കേസുമായി സ്പീക്കറുടെ പേര് ബന്ധപ്പെടുത്തി വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. സ്പീക്കര്‍ എന്നത് ഉന്നതമായ പദവി അത് കളങ്കപ്പെട്ട ചരിത്രമില്ലെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഇന്ന് സ്പീക്കര്‍ക്ക് എതിരെ ഉയരുന്നത് കടുത്ത ആരോപണമാണ്. എന്നിട്ടും തന്റെ ന്യായം പറയാന്‍ സ്പീക്കര്‍ മാധ്യമങ്ങളെ കാണാത്തത് കുറ്റബോധം കൊണ്ടാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള നിയമസഭയുമായി ബന്ധപ്പെട്ട് കോടികളുടെ […]

9 Dec 2020 11:17 PM GMT

‘തമ്പി ഹാള്‍ പൊളിച്ചുപണിത കഥ കേട്ടാല്‍ ഞെട്ടും’; സ്പീക്കര്‍ മാധ്യമങ്ങളെ കാണാത്തത് കുറ്റബോധം കൊണ്ടെന്ന് ചെന്നിത്തല
X

തദ്ദശ വോട്ടിങ്ങിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുന്നതിനിടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കടത്ത് കേസുമായി സ്പീക്കറുടെ പേര് ബന്ധപ്പെടുത്തി വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. സ്പീക്കര്‍ എന്നത് ഉന്നതമായ പദവി അത് കളങ്കപ്പെട്ട ചരിത്രമില്ലെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഇന്ന് സ്പീക്കര്‍ക്ക് എതിരെ ഉയരുന്നത് കടുത്ത ആരോപണമാണ്. എന്നിട്ടും തന്റെ ന്യായം പറയാന്‍ സ്പീക്കര്‍ മാധ്യമങ്ങളെ കാണാത്തത് കുറ്റബോധം കൊണ്ടാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരള നിയമസഭയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് നടന്നത്. സ്പീക്കറുടെ പക്ഷപാതിത്വവും നിയമസഭയിലെ ധൂര്‍ത്തും അഴിമതിയും ഞെട്ടിപ്പിക്കുന്നതാണ്.

രമേശ് ചെന്നിത്തല

പ്രവാസികളുടെ ക്ഷേമത്തിനായി ആരംഭിച്ച ലോക കേരള സഭയെ സര്‍ക്കാര്‍ ധൂര്‍ത്തിന്റേയും അഴിമതിയുടേയും പര്യായമാക്കി മാറ്റി. ലോക കേരള സഭ ചേരുന്നതിനായി നിയമസഭയിലെ പ്രൗഢ ഗംഭീരമായ ശങ്കരനാരായണന്‍ തമ്പി ഹാള്‍ പൊളിച്ചുപണിത കഥ കേട്ടാല്‍ ഞെട്ടും. തമ്പിഹാള്‍ നവീകരണത്തിനായി 1.84 കോടി രൂപ ചെലവാക്കി. ഊരാളുങ്കല്‍ സൊസൈറ്റിയാണ് ഇത് നടത്തിയത്. ടെണ്ടര്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പ്രവൃത്തി ഏല്‍പിച്ചത്. 2020ല്‍ ലോക കേരള സഭ ചേര്‍ന്നപ്പോള്‍ വീണ്ടും 16.65 കോടി രൂപ ചെലവഴിച്ച് നവീകരണ നടപടികള്‍ സ്വീകരിച്ചു. ഇതും ഊരാളുങ്കലിന് ടെണ്ടറില്ലാതെ നല്‍കി. വെറും ഒന്നര ദിവസത്തെ ലോക കേരള സഭ പരിപാടിയ്ക്ക് വേണ്ടിയായിരുന്നു ഇത്. 12 കോടിയുടെ ബില്‍ ആണ് ഇതുവരെ ഊരാളുങ്കലിന് നല്‍കിയിരിക്കുന്നത്. കൊവിഡ് സാമ്പത്തിക നിയന്ത്രണത്തിനിടയില്‍ ഇതിന് പ്രത്യേക ഇളവ് നല്‍കി.

നിയമസഭ പേപ്പര്‍ രഹിതമാക്കുന്ന പദ്ധതിയ്ക്കായി 52.33 കോടി രൂപയുടെ പദ്ധതിയും ഊരാളുങ്കലിനെ തന്നെ ഏല്‍പിച്ചു. 13.53 കോടി രൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കി. നിയമസഭയ്ക്ക് വേണ്ടി 52.31 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്.

രമേശ് ചെന്നിത്തല

ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി എന്ന് പേരിട്ട നടത്തിയ പരിപാടി അഴിമതിയുടെ ഉത്സവമായിരുന്നു. ആറ് പരിപാടിക്ക് പദ്ധതിയിട്ട് കൊവിഡ് മൂലം രണ്ടായി ചുരുക്കി. ഇതിനുമാത്രമായി രണ്ടേകാല്‍ കോടി രൂപ ചെലവാക്കി. ഈ പരിപാടിയുടെ ഭക്ഷണചെലവ് മാത്രം 68 ലക്ഷം രൂപയായി. യാത്രാ ചിലവിനത്തില്‍ 42 ലക്ഷം രൂപ. പരസ്യത്തിന് 31 ല്ക്ഷവും മറ്റുചിലവുകള്‍ക്കായി 1.21 കോടി രൂപയും ചെലവഴിച്ചു. പരിപാടി പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിന് ശേഷവും ജീവനക്കാര്‍ 30,000 രൂപ ശമ്പളം വാങ്ങുന്നുണ്ട്. ഈയിനത്തില്‍ മാത്രം 21.61 ലക്ഷം രൂപ ചെലവാക്കി.

രേഖകളുടെ പിന്‍ബലത്തില്‍ മാത്രമാണ് ഞാന്‍ സംസാരിക്കുന്നത്.

രമേശ് ചെന്നിത്തല

സഭാ ടിവിയുടെ പേരിലും വന്‍ ധൂര്‍ത്ത് നടത്തിയിട്ടുണ്ട്. എല്ലാ അഴിമതിയും ധൂര്‍ത്തും സ്പീക്കറുടെ നേതൃത്വത്തിലാണ് നടന്നത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Next Story