Top

‘വാക്‌സിന്‍ വാഗ്ദാനം നല്‍കിയ ബിജെപി ബീഹാറില്‍ ചട്ടലംഘനം നടത്തിയെന്ന് പറഞ്ഞ യെച്ചൂരിയ്‌ക്കൊപ്പം’; മുഖ്യമന്ത്രിയ്‌ക്കെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ചെന്നിത്തല

യുഡിഎഫ് ഉജ്ജ്വല വിജയമാണ് തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ നേടാനിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

14 Dec 2020 1:04 AM GMT

‘വാക്‌സിന്‍ വാഗ്ദാനം നല്‍കിയ ബിജെപി ബീഹാറില്‍ ചട്ടലംഘനം നടത്തിയെന്ന് പറഞ്ഞ യെച്ചൂരിയ്‌ക്കൊപ്പം’; മുഖ്യമന്ത്രിയ്‌ക്കെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ചെന്നിത്തല
X

കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത് ചട്ടലംഘനം തന്നെയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബീഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന ബിജെപിയുടെ പ്രഖ്യാപനം ചട്ടലംഘനമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ഇതേനിലപാടാണ് കേരളത്തില്‍ പ്രതിപക്ഷത്തിനുള്ളതെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതിയും കൊള്ളയും ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് ഉജ്ജ്വല വിജയമാണ് തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ നേടാനിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. സിപിഎം നില്‍ക്കക്കള്ളിയില്ലാതെ എസ്ഡിപിഐയുമായി കൂട്ടു ചേര്‍ന്നിരിക്കുന്നു. ചിലയിടങ്ങളില്‍ ബിജെപിയുമായും കൂട്ടു ചേര്‍ന്നിരിക്കുന്നു. ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയെന്നും ഇതിനെതിരെ അടിയന്തിര നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ വാക്‌സിന്‍ വിതരണം സംബന്ധിച്ച തീരുമാനത്തിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ചട്ടലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.

Next Story