Top

‘സംശുദ്ധം സദ്ഭരണം’; രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്രയ്ക്ക് ഇന്ന് തുടക്കം; ഉദ്ഘാടനം ഉമ്മന്‍ ചാണ്ടി

ഇടതുസര്‍ക്കാരിന്റെ ദുര്‍ഭരണത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാനാണ് കേരളത്തിലെ 140 മണ്ഡലങ്ങളിലും ഐശ്വര്യകേരള യാത്ര നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കിലൂടെ അറിയിച്ചു.

30 Jan 2021 8:48 PM GMT

‘സംശുദ്ധം സദ്ഭരണം’; രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്രയ്ക്ക് ഇന്ന് തുടക്കം; ഉദ്ഘാടനം ഉമ്മന്‍ ചാണ്ടി
X

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സംഘടിച്ച ഐശ്വര്യകേരള യാത്രയ്ക്ക് ഇന്ന് തുടക്കമാകും. കാസര്‍കോട് കുമ്പളയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സംശുദ്ധം സദ്ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടുള്ള യാത്രയുടെ ഉദ്ഘാടനച്ചടങ്ങിന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. എഐസിസി സെക്രട്ടറി താരീഖ് അന്‍വറാണ് ചടങ്ങിലെ മുഖ്യാതിഥി.

കേരളത്തിന്റെ വടക്കേ അറ്റത്തുനിന്നും ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22ന് തിരുവനന്തപുരത്തെത്തും. 23ന് നടക്കുന്ന സമാപന സമ്മേളനം വയനാട് എംപി രാഹുല്‍ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്യുക. ഇടതുസര്‍ക്കാരിന്റെ ദുര്‍ഭരണത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാനാണ് കേരളത്തിലെ 140 മണ്ഡലങ്ങളിലും ഐശ്വര്യകേരള യാത്ര നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കിലൂടെ അറിയിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടതു സര്‍ക്കാരിനെ തൂത്തെറിഞ്ഞ് ഐശ്വര്യപൂര്‍ണ്ണമായ സദ്ഭരണം കെട്ടിപ്പടുക്കുന്നതിന് വഴിയൊരുക്കുന്നതിനായി പ്രതിപക്ഷ നേതാവ് നയിക്കുന്ന യു.ഡി.എഫിന്റെ ‘ഐശ്വര്യ കേരള യാത്ര’യ്ക്ക് കാസര്‍ക്കോട്ടെ മഞ്ചേശ്വരത്ത് തുടക്കമാവും.’സംശുദ്ധം സദ്ഭരണം’ എന്നതാണ് ജാഥയുടെ മുദ്രാവാക്യം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാന്‍ ജനാധിപത്യ മതേതര പുരോഗമന ശക്തികളെ ഒരുമിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം യു.ഡി.എഫിന്റെ ബദല്‍ വികസന, കരുതല്‍ മാതൃകകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുക എന്നതും. തിരഞ്ഞെടുപ്പിനായുള്ള യു.ഡി.എഫിന്റെ പ്രകടന പത്രിക പൊതുജന പങ്കാളിത്തത്തോടെ രൂപപ്പെടുത്താനുള്ള അഭിപ്രായ സ്വരൂപണവും യാത്രയുടെ ലക്ഷ്യമാണ്.

രാജ്യവും സംസ്ഥാനവും നേരിടുന്ന ആനുകാലിക രാഷ്ട്രീയ വിഷയങ്ങളുടെ വിശദീകരണവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും അഴിമതികളും ജാഥയില്‍ തുറന്നു കാട്ടും.മഞ്ചേശ്വരത്ത് വൈകിട്ട് മൂന്ന് മണിക്ക് ജാഥ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരീഖ് അന്‍വര്‍ മുഖ്യാതിഥിയായിരിക്കും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കര്‍ണ്ണാടക മുന്‍മന്ത്രിമാരായ യു.ടി. ഖാദര്‍, വിനയകുമാര്‍ സോര്‍ക്കെ, രാമനാഥ് റായ്, മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍, യു.ഡി.എഫ് നേതാക്കളായ പി.ജെ. ജോസഫ്, എ.എ.അസീസ്, അനൂപ് ജേക്കബ്, സി.പി.ജോണ്‍, ജി.ദേവരാജന്‍, ജോണ്‍ ജോണ്‍, കെ.സുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുക്കും. യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് എത്തിച്ചേരും . 23 ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന റാലി രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.

Next Story