Top

‘എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് വന്നവരല്ലേ, ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കാനാണോ ഈ സര്‍ക്കാരിരിക്കുന്നത്?’; നിയമനവിവാദത്തില്‍ ചെന്നിത്തല

കേരളാഹൗസിലെ നിയമനങ്ങളെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയതാണെന്ന വ്യാജവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആ നിയമനങ്ങള്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ കത്ത് പരിഗണിച്ചുകൊണ്ടായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

10 Feb 2021 1:03 AM GMT

‘എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് വന്നവരല്ലേ, ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കാനാണോ ഈ സര്‍ക്കാരിരിക്കുന്നത്?’; നിയമനവിവാദത്തില്‍ ചെന്നിത്തല
X

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ അനധികൃതനിയമനങ്ങള്‍ നിരത്തിക്കാട്ടി നിയമനവിവാദത്തെ പ്രതിരോധിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ നിയമനവിവാദങ്ങള്‍ ആവര്‍ത്തിക്കാനാണോ ഈ സര്‍ക്കാര്‍ നോക്കേണ്ടത് എന്ന് ചോദിച്ച് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. കേരളാഹൗസിലെ നിയമനങ്ങളെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയതാണെന്ന വ്യാജവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആ നിയമനങ്ങള്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ കത്ത് പരിഗണിച്ചുകൊണ്ടായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

‘എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവരല്ലേ ഇപ്പോഴുള്ളത്? കഴിഞ്ഞ സര്‍ക്കാര്‍ ചെയ്ത തെറ്റ് ആവര്‍ത്തിക്കാനാണോ ഈ സര്‍ക്കാരിരിക്കുന്നത്? അതും ഇതും തമ്മിലുള്ള താരതമ്യം പോലും അനാവശ്യമാണ്.ഉദ്യോഗാര്‍ഥികളെ വഞ്ചിച്ച സര്‍ക്കാരാണ് ഇപ്പോഴുള്ളത്. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തെ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് അടിച്ചമര്‍ത്താനാണ് ധനമന്ത്രിയും സര്‍ക്കാരും ശ്രമിക്കുന്നത്. റാങ്ക് ലിസ്റ്റ് കാലാവധി പുതുക്കണം. പുതിയ തസ്തികകള്‍ സൃഷ്ടിക്കണം. അത് ഞങ്ങളും ആവശ്യപ്പെടുന്നു’. പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ ഇങ്ങനെ.

അതേസമയം പിന്‍വാതില്‍ നിയമനവിവാദങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ വകുപ്പ് തലവന്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയലുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിന്റെ എല്ലാ വിവരങ്ങളും ല്‍കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഈ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ നിയമനങ്ങളും ഒഴിവുകളും സംബന്ധിച്ച വിവരങ്ങളും മുഖ്യമന്ത്രി തേടിയിട്ടുണ്ടെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കാതിരുന്നതിന്റെ കാരണങ്ങളിലൊന്ന് അക്കാലത്തെ പിന്‍വാതില്‍ നിയമനമാണെന്ന് രമേശ് ചെന്നിത്തല തന്നെ പറഞ്ഞിരുന്നു. ചാണ്ടിയുടെ കാലത്ത് 175 പിന്‍വാതില്‍ നിയമനങ്ങള്‍ വിജിലന്‍സ് കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘അതുകൊണ്ടെല്ലാമാണ് ഞങ്ങളുടെ സര്‍ക്കാരിനെ ജനം തിരസ്‌കരിച്ചത്’ എന്ന മറുപടിയാണ് ഇന്നലെ രമേശ് ചെന്നിത്തല നല്‍കിയത്.

Next Story

Popular Stories