Top

‘ലതികയുടെ വികാരപ്രകടനം അതിര് കടന്നു’; ബാക്കിയുള്ള സീറ്റുകളിലേക്ക് പരിഗണിക്കില്ലെന്നും ചെന്നിത്തല

ലതികാ സുഭാഷിന്റെ രാജിപ്രഖ്യാപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലതികയുടെ വികാരപ്രകടനം അതിര് കടന്നു പോയെന്നും ഇനിയുള്ള ആറ് സീറ്റിലേക്ക് അവരെ പരിഗണിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇത്രയും അധികം അംഗീകാരം ലഭിച്ച മറ്റൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയും ഉണ്ടായിട്ടില്ല. ഗ്രൂപ്പ് വൈരമോ തര്‍ക്കമോ ചര്‍ച്ചകളില്‍ ഉണ്ടായിട്ടില്ല. ലതികയോട് സംസാരിക്കുന്നതിന് മടിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സീറ്റ് കിട്ടാത്തതിന് ആരെങ്കിലും തലമുണ്ഡനം ചെയ്യുമോ എന്നായിരുന്നു സംഭവത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോദ്യം. ലതികയ്ക്ക് മറ്റെന്തെങ്കിലും കാരണുണ്ടാവാമെന്നും അദ്ദേഹം പ്രതികരിച്ചു. ‘ഒരു […]

14 March 2021 10:02 AM GMT

‘ലതികയുടെ വികാരപ്രകടനം അതിര് കടന്നു’; ബാക്കിയുള്ള സീറ്റുകളിലേക്ക് പരിഗണിക്കില്ലെന്നും ചെന്നിത്തല
X

ലതികാ സുഭാഷിന്റെ രാജിപ്രഖ്യാപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലതികയുടെ വികാരപ്രകടനം അതിര് കടന്നു പോയെന്നും ഇനിയുള്ള ആറ് സീറ്റിലേക്ക് അവരെ പരിഗണിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇത്രയും അധികം അംഗീകാരം ലഭിച്ച മറ്റൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയും ഉണ്ടായിട്ടില്ല. ഗ്രൂപ്പ് വൈരമോ തര്‍ക്കമോ ചര്‍ച്ചകളില്‍ ഉണ്ടായിട്ടില്ല. ലതികയോട് സംസാരിക്കുന്നതിന് മടിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സീറ്റ് കിട്ടാത്തതിന് ആരെങ്കിലും തലമുണ്ഡനം ചെയ്യുമോ എന്നായിരുന്നു സംഭവത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോദ്യം. ലതികയ്ക്ക് മറ്റെന്തെങ്കിലും കാരണുണ്ടാവാമെന്നും അദ്ദേഹം പ്രതികരിച്ചു. ‘ഒരു സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതിന് ആരെങ്കിലും തല മുണ്ഡനം ചെയ്യുമോ? ഒരിക്കലും ചെയ്യില്ല. അവര്‍ക്ക് മറ്റെന്തെങ്കിലും പ്രധാനപ്പെട്ട കാരണമുണ്ടായിരിക്കാം. ലതികാ സുഭാഷുമായി കൃത്യമായി സംസാരിച്ചതാണ്. കാര്യങ്ങള്‍ അവര്‍ക്ക് വിശദീകരിച്ച് കൊടുത്തതാണ്’, മുല്ലപ്പള്ളിയുടെ വിശദീകരണം ഇങ്ങനെ. ഏറ്റുമാനൂര്‍ മണ്ഡലം ഘടകകക്ഷിക്ക് കൊടുക്കേണ്ടി വന്നതുകൊണ്ടാണ് ലതികയെ പരിഗണിക്കാതിരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. ‘ഏറ്റുമാനൂര്‍ നിയോജകമണ്ഡലം കേരള കോണ്‍ഗ്രസിന് കൊടുക്കേണ്ടി വന്ന സാഹചര്യം അവര്‍ക്ക് എന്നേക്കാള്‍ നന്നായി അറിയാവുന്നതാണ്. അത് കൊടുക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് അവര്‍ക്ക് ഒരു നിരാശാ ബോധമുണ്ടായത്. അല്ലാതെ അവരെ അവഗണിച്ചിട്ടില്ല. അവരെ അവഗണിക്കുന്ന പ്രശ്നമില്ല. അവര്‍ക്ക് നിയമസഭയില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതാണ്. നാളെയും അവസരം കൊടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഒരിക്കലും പുറകിലായിരിക്കില്ല’, അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ തല മുണ്ഡനം ചെയ്തായിരുന്നു ലതിക സുഭാഷ് രാജി പ്രഖ്യാപിച്ച് പ്രതിഷേധിച്ചത്. ’32 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ച ഒരു പൊതു പ്രവര്‍ത്തക എന്ന നിലയില്‍ ഏതെങ്കിലും ഒരു അപ്പക്കഷ്ണത്തിന് വേണ്ടി കാത്തിരിക്കുന്നതിലും നല്ലത് ഇത്തരമൊരു നിലപാടാണ്. ഇനിയെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടെടുത്ത് സ്ത്രീകളെ അംഗീകരിക്കണം. അതിന് വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. ആരോടും പരിഭവമില്ല. ആരോടുമുള്ള പോരല്ല. ഞാന്‍ വേറൊരു പാര്‍ട്ടിയിലും പോവില്ല. ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കണമെന്ന് എന്നോട് എല്ലാവരും പറയുന്നുണ്ട്. അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല’, ലതിക സുഭാഷ് രാജി വെച്ചുകൊണ്ട് പറഞ്ഞതിങ്ങനെ.

പാര്‍ട്ടിക്കുവേണ്ടി അലയുന്ന സ്ത്രീകളെ കോണ്‍ഗ്രസ് പരിഗണിച്ചതേ ഇല്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഒരു ജില്ലയില്‍ ഒരു വനിതയെ എങ്കിലും പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ല. ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ളവര്‍ക്ക് സീറ്റ് കിട്ടിയതില്‍ സന്തോഷിക്കുന്നെന്നും അവര്‍ പറഞ്ഞു. ഏറ്റുമാനൂര്‍ സീറ്റ് താന്‍ പ്രതീക്ഷിച്ചിരുന്നു. 16 വയസ്സു മുതല്‍ ഈ പ്രസ്ഥാനത്തോടൊപ്പം നില്‍ക്കുന്ന ആളാണ് താന്‍. ഇപ്പോള്‍ എംഎല്‍എമാരായി ഇരിക്കുന്ന അനിയന്മാരേക്കാളും സീനിയോരിറ്റി തനിക്കുണ്ട് . എല്ലാ തെരഞ്ഞെടുപ്പിലും താന്‍ തഴയപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.

Next Story