‘ജലീലിന്റെ മാത്രമല്ല’: മുഖ്യമന്ത്രിയുടെയും സിപിഐഎമ്മിന്റെയും മുഖത്തേറ്റ പ്രഹരമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സ്വജനപക്ഷപാതവും അധികാരദുര്‍വ്വിനിയോഗവും അഴിമതിയും നടത്തിയ കെ.ടി ജലീലിന്റെ മാത്രമല്ല, അദ്ദേഹത്തെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും മുഖത്തേറ്റ പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ധാര്‍മ്മികത ഒന്നുമല്ല, നില്‍ക്കക്കള്ളിയില്ലാതെ നാണംകെട്ടാണ് കെ.ടി.ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചതെന്ന് പ്രതിപക്ഷം പറഞ്ഞത് ഹൈക്കോടതി വിധിയോടെ ശരിയെന്ന് തെളിഞ്ഞിരിക്കുന്നു. ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ജലീല്‍ രാജിവച്ചത്. ബന്ധുനിയമനക്കേസില്‍ ജലീലിന്റെ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്. ജലീലിന്റെ ബന്ധുവിനെ നിയമിക്കുന്നതിന് ന്യൂനപക്ഷവികസന ധനകാര്യകോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയുടെ യോഗ്യതയില്‍ […]

തിരുവനന്തപുരം: സ്വജനപക്ഷപാതവും അധികാരദുര്‍വ്വിനിയോഗവും അഴിമതിയും നടത്തിയ കെ.ടി ജലീലിന്റെ മാത്രമല്ല, അദ്ദേഹത്തെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും മുഖത്തേറ്റ പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ധാര്‍മ്മികത ഒന്നുമല്ല, നില്‍ക്കക്കള്ളിയില്ലാതെ നാണംകെട്ടാണ് കെ.ടി.ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചതെന്ന് പ്രതിപക്ഷം പറഞ്ഞത് ഹൈക്കോടതി വിധിയോടെ ശരിയെന്ന് തെളിഞ്ഞിരിക്കുന്നു. ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ജലീല്‍ രാജിവച്ചത്. ബന്ധുനിയമനക്കേസില്‍ ജലീലിന്റെ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്. ജലീലിന്റെ ബന്ധുവിനെ നിയമിക്കുന്നതിന് ന്യൂനപക്ഷവികസന ധനകാര്യകോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയുടെ യോഗ്യതയില്‍ മന്ത്രിസഭയെ മറികടന്ന് ഇളവുവരുത്തിയത് മുഖ്യമന്ത്രിയാണ്. അതിനാല്‍ ഹൈക്കോടതിയിലെ ഈ വിധി മുഖ്യമന്ത്രിയ്ക്കെതിരായ കുറ്റപത്രം കൂടിയാണ്. ധാര്‍മ്മികത അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിയും ആസ്ഥാനത്ത് തുടരരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ബന്ധുനിയമനവിവാദത്തില്‍ വഴിവിട്ട് നീക്കങ്ങള്‍ നടത്തിയ കെടി ജലീല്‍ രാജി വയ്ക്കണമെന്ന ലോകായുക്തയുടെ ഉത്തരവില്‍ തെറ്റില്ലെന്നും, ഇടപെടില്ലെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. എല്ലാ രേഖകളും പരിശോധിച്ച് ലോകായുക്ത പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്ന് നിലപാടെടുത്ത ഹൈക്കോടതി ജലീലിന്റെ ഹര്‍ജി തള്ളുകയായിരുന്നു.
ജലീലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാര്‍ നിലപാടിനും ഈ ഉത്തരവ് കനത്ത തിരിച്ചടിയാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ജലീലിന് പിന്തുണയുമായി നേരിട്ട് കോടതിയെ സമീപിക്കണമെന്നായിരുന്നു സര്‍ക്കാരിന് എ ജി നല്കിയ നീയമോപദേശം.
ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എജി സര്‍ക്കാരിന് നല്കിയ നിയമോപദേശം. ലോകായുക്ത ആക്ട് സെക്ഷന്‍ 9 പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തില്‍ എജി പറയുന്നു. പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് മുമ്പ് എതിര്‍കക്ഷിക്ക് പരാതിയുടെ പകര്‍പ്പ് നല്‍കണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്. ജലീലിന് പരാതിയുടെ പകര്‍പ്പ് നല്‍കിയത് അന്തിമ ഉത്തരവിന് ഒപ്പമെന്നും ഇത് നിലനില്‍ക്കില്ലെന്നും എജി നിയമോപദേശത്തില്‍ നിരീക്ഷിച്ചിരുന്നു. ഇതേ വാദങ്ങളാണ് കെ ടി ജലീല്‍ കോടതിയിലും ഉന്നയിച്ചത്. എന്നാല്‍ റിട്ട് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നതില്‍ നിന്ന് അവസാന നിമിഷം സര്‍ക്കാര്‍ പിന്മാറുകയായിരുന്നു.
കെ.ടി. ജലീല്‍ മന്ത്രി സ്ഥാനം രാജിവച്ച കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഈ പിന്മാറ്റം. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കെ ടി ജലീലിനെതിരെ നേരത്തെ തന്നെ ലോകായുക്തയ്ക്ക് പരാതി പോയിരുന്നു. തുടര്‍ന്ന് ലോകായുക്ത അന്വേഷണം നടത്തുകയും നിരവധി സ്റ്റിംഗുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലോകായുക്ത മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.സംസ്ഥാന ന്യൂനപക്ഷ കോര്പറേഷന് ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ബന്ധുവായ കെ ടി അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. മലപ്പുറം സ്വദേശിയായ വി കെ മുഹമ്മദ് ഷാഫി നല്കിയ പരാതിയിലാണ് വിധി.എന്നാല്‍ ലോകായുക്തയുടെ നടപടികള്‍ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നായിരുന്നു ജലീലിന്റെ വാദം. തനിക്കെതിരായ പരാതിയില്‍ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധയോ ഉണ്ടായില്ല. ചട്ടങ്ങള്‍ക്ക് പുറത്തുനിന്നാണ് ലോകായുക്ത നടപടികള്‍ സ്വീകരിച്ചതും ഉത്തരവിറക്കിയതും. ഈ സാഹചര്യത്തില്‍ ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ജലീലിന്റെ ആവശ്യം.
ഹൈക്കോടതി ഉത്തരവ് കൂടി വന്ന സാഹചര്യത്തില്‍ കെ.ടി.ജലീല്‍ ലോകായുക്ക്ത വിധി ചോദ്യം ചെയ്ത് മറ്റൊരു കോടതിയെ സമീപിക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ സംസ്ഥാനത്ത് തുടര്‍ ഭരണം വരികയും, ജലീല്‍ വീണ്ടും എം. എല്‍ .എ. ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്താലും മന്ത്രി സ്ഥാനത്തേക്കുള്ള തിരിച്ചു വരവിന് ഈ ലോകായുക്ത വിധി കെ.ടി.ജലീലിന് കനത്ത തടസം സൃഷ്ടിക്കും.