‘അർഹതപ്പെട്ട പലതും കിട്ടാതെ പോയ വ്യക്തിയാണ് സതീശൻ, കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോവും’; രമേശ് ചെന്നിത്തല
പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിർവ്വഹിക്കുന്ന വ്യക്തിയാണ് സതീശൻ. അതിന് കിട്ടിയ അംഗീകരമാണ് പുതിയ പദവി. ഞങ്ങളെല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോവും. ചെന്നിത്തല വ്യക്തമാക്കി.
23 May 2021 11:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: അർഹതപ്പെട്ട പല സ്ഥാനങ്ങളും കിട്ടാതെ പോയ വ്യക്തിയാണ് നിയുക്ത പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ചെന്നിത്തല സതീശനെ സന്ദർശിച്ചിരുന്നു. പിന്നാലെ മാധ്യമങ്ങളെ കാണാവെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിർവ്വഹിക്കുന്ന വ്യക്തിയാണ് സതീശൻ. അതിന് കിട്ടിയ അംഗീകരമാണ് പുതിയ പദവി. ഞങ്ങളെല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോവും. ചെന്നിത്തല വ്യക്തമാക്കി.
”കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളാ നിയമസഭയിൽ പ്രശോഭിക്കുന്ന സാമാജികവായി പ്രവർത്തിക്കാൻ സതീശന് കഴിഞ്ഞിട്ടുണ്ട്. ഇക്കാലയളവിൽ ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി പ്രതിപക്ഷത്തിന് വേണ്ടി അദ്ദേഹം ഉയർത്തിപ്പിടിക്കുകയും ചെയ്തു. അർഹതപ്പെട്ട പല സ്ഥാനമാനങ്ങളും ലഭിക്കാതെ പോയ വ്യക്തിയാണ് വിഡി സതീശൻ. എന്നാൽ പാർട്ടിക്ക് വേണ്ടി നിലകൊണ്ട നേതാവായി അദ്ദേഹം എപ്പോഴും നിലകൊണ്ടു. ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥമായി നിറവേറ്റി. ഇതിന് ലഭിച്ച അംഗീകാരമാണ് പുതിയ പദവി. സോണിയാ ഗാന്ധിയുടെ തീരുമാനം പ്രശംസനീയമാണ്. ഞങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുപോകും.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് യുഡിഎഫും കോൺഗ്രസും മുന്നോട്ടുപോകുന്നത്. എന്റെ കൊച്ചനുജനായ സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ . അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.”
രമേശ് ചെന്നിത്തല
അതേസമയം സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിസി വിഷ്ണുനാഥ് മത്സരിക്കും. തൃത്താലയില്‍ നിന്നുള്ള എംബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. കുണ്ടറയില്‍ ഫിഷറീസ് മന്ത്രിയായിരുന്നു ജെ മേഴ്‌സികുട്ടിയമ്മക്കെതിരെയാണ് പിസി വിഷ്ണുനാഥിന്റെ ജയം. പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം പുരോഗമിക്കുകയാണ്.
53 പേരാണ് പുതുതായി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ അംഗങ്ങളുടെ 37 % പുതുമുഖങ്ങളാണ്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങള്‍ വീണ്ടും വിജയിച്ചു. 2016 ന് മുമ്പ് അംഗങ്ങളായിരുന്നു 12 പേര്‍ സഭയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.