Top

‘അട്ടിമറിക്ക് സാധ്യതയുണ്ട്, അതീവ ജാഗ്രത പാലിക്കണം’; പ്രവര്‍ത്തകരോട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ കാര്യത്തില്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അട്ടിമറി ശ്രമമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും വോട്ടുകള്‍ രേഖപ്പെടുത്തിയ യന്ത്രങ്ങള്‍ സീല്‍ ചെയ്യുന്നതുമുതല്‍ സൂക്ഷിക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമക്കേട് എത്രമാത്രം വ്യാപകവും സംഘടിതവുമായിരുന്നു എന്ന് നമ്മള്‍ കണ്ടതാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ഇലക്ഷന്‍ പ്രക്രിയ അവസാനിക്കാത്തതിനാല്‍ മേയ് രണ്ടിനാണ് വോട്ടെണ്ണല്‍. ഈ കാലയളവില്‍ വോട്ടുകള്‍ രേഖപ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നുണ്ടോ എന്നുറപ്പു വരുത്തേണ്ടതും, […]

6 April 2021 9:44 AM GMT

‘അട്ടിമറിക്ക് സാധ്യതയുണ്ട്, അതീവ ജാഗ്രത പാലിക്കണം’; പ്രവര്‍ത്തകരോട് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ കാര്യത്തില്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അട്ടിമറി ശ്രമമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും വോട്ടുകള്‍ രേഖപ്പെടുത്തിയ യന്ത്രങ്ങള്‍ സീല്‍ ചെയ്യുന്നതുമുതല്‍ സൂക്ഷിക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമക്കേട് എത്രമാത്രം വ്യാപകവും സംഘടിതവുമായിരുന്നു എന്ന് നമ്മള്‍ കണ്ടതാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ഇലക്ഷന്‍ പ്രക്രിയ അവസാനിക്കാത്തതിനാല്‍ മേയ് രണ്ടിനാണ് വോട്ടെണ്ണല്‍. ഈ കാലയളവില്‍ വോട്ടുകള്‍ രേഖപ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നുണ്ടോ എന്നുറപ്പു വരുത്തേണ്ടതും, അട്ടിമറികള്‍ നടക്കാതെ സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. വോട്ടെണ്ണല്‍ ദിനം കഴിയുന്നത് വരെ സ്‌ട്രോങ്ങ് റൂമിന്റെ പുറത്ത് കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തണം’, ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വോട്ട് ചെയ്തവര്‍ക്ക് ചെന്നിത്തല നന്ദിപറയുകയും ചെയ്തു. യുഡിഎഫ് മുന്നോട്ടുവച്ച പ്രകടന പത്രികയെ പിന്തുടരുന്ന ഒരു സര്‍ക്കാരായിരിക്കും മേയ് രണ്ടിനു ശേഷം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുക. കേരളം മുഴുവന്‍ യുഡിഎഫിന് അനുകൂലമായ തരംഗമാണ് വീശിയത്. ഐക്യ ജനാധിപത്യ മുന്നണി ഐതിഹാസിക വിജയം നേടും. പിആര്‍ ഏജന്‍സികളുടെ സഹായത്തോടെ ഇടതുമുന്നണി നടത്തിയ പ്രചരണ കോലാഹലം അവരെ രക്ഷിക്കില്ല. ആചാരങ്ങളും വിശ്വാസങ്ങളും ചവിട്ടി മെതിച്ച സര്‍ക്കാര്‍ ഈ തിരഞ്ഞെടുപ്പ് കാലത്തും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കിയത് എന്ന് ഭക്തര്‍ തിരിച്ചറിഞ്ഞു. പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടു വന്ന ഇടതു സര്‍ക്കാരിന്റെ അഴിമതികള്‍ ഇടതു പക്ഷത്തിന്റെ തനിനിറം ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

‘പരാജയ ഭീതി പൂണ്ട ഇടതു മുന്നണി സംസ്ഥാനത്തിന്റെ പല ഭാഗത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ടിരിക്കുകയാണ്. നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഇടതു മുന്നണി എന്തു പ്രകോപനമുണ്ടാക്കിയാലും യുഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വോട്ടര്‍പട്ടികയില്‍ സിപിഎമ്മും ഇടതു മുന്നണിയും നടത്തിയ കൃത്രിമം നമ്മള്‍ മുന്‍കൂട്ടി കണ്ടെത്തുകയും വോട്ടെടുപ്പ് ദിനത്തില്‍ നമ്മുടെ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കുകയും ചെയ്തതിനാല്‍ കള്ളവോട്ട് വലിയ തോതില്‍ തടയുന്നതിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും തളിപ്പറമ്പ് ഉള്‍പ്പടെ പല സ്ഥലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതിയുണ്ട്. മറ്റു മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നിട്ടുണ്ടോ എന്നു കണ്ടെത്താന്‍ സൂക്ഷ്മമായ പരിശോധന വരും ദിവസങ്ങളില്‍ യുഡിഎഫ് നടത്തും’, അദ്ദേഹം വിശദീകരിച്ചു.

പരസ്യ പ്രചാരണങ്ങള്‍ക്കുപയോഗിച്ച കൊടിതോരണങ്ങളും ഫ്‌ളക്‌സും മറ്റും അഴിച്ചുമാറ്റി പൊതു ഇടങ്ങള്‍ ശുചീകരിക്കണമെന്ന് എല്ലാ യുഡിഎഫ് പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story