
സ്വര്ണ്ണക്കള്ളക്കടത്തിനിടയിലും സംഘാംഗങ്ങള്ക്കടിയില് കള്ളത്തരമുണ്ടായെന്ന വെളിപ്പെടുത്തലുമായി പ്രതികളിലൊരാളായ സ്വപ്ന സുരേഷ്. കള്ളക്കടത്തിനിടെ റമീസും സന്ദീപും പറ്റിച്ചെന്ന് സ്വപ്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്കി. എത്തിയ സ്വര്‍ണത്തിന്റെ അളവ് ഇരുവരും കുറച്ചാണ് പറഞ്ഞതെന്ന് സ്വപ്ന ഇഡി അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയ്ക്ക് മുമ്പും താന്‍ കമ്മീഷന് തുക കൈപ്പറ്റിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. 2018ലെ പ്രളയത്തിന് ശേഷം യുഎഇ കോണ്‍സുലേറ്റ് കേരളത്തിലേക്ക് സഹായം എത്തിച്ചിരുന്നു. വിവിധ ജില്ലകളിലായുള്ള 150 വീടുകളുടെ വയറിങ്ങ് ഉള്‍പ്പെടെ മാറ്റുന്നതിനാണ് യുഎഇ കോണ്‍സുലേറ്റ് വഴി പണമെത്തിയത്. നേരിട്ട് ഇടപെടാന്‍ കഴിയാത്തതിനാല്‍ കോണ്‍സുലേറ്റുമായി അടുപ്പമുള്ള തിരുവനന്തപുരം സ്വദേശിക്ക് പണം ചിലവഴിക്കാനുള്ള ചുമതല നല്കി. ഇദ്ദേഹമാണ് തനിക്ക് പന്തളത്തേത് ഉള്‍പ്പെടെയുള്ള അറ്റ്കുറ്റപ്പണികള്ക്ക് കമ്മീഷന് നല്‍കിയതെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. 1.08 ലക്ഷം വീതം രണ്ട് തവണ അറ്റാഷേയ്ക്ക് കമ്മീഷന് നല്‍കിയെന്നും സ്വപ്ന ഇഡിയോട് പറഞ്ഞു.
സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത കമ്മീഷന് തുകയില്‍ ലൈഫ് മിഷന് കമ്മീഷനൊപ്പം പ്രളയ സഹായത്തിലെ തുകയുമുണ്ടാകാമെന്നാണ് അനുമാനം.
ശിവശങ്കറെ കോണ്‍സുലേറ്റുമായുള്ള കാര്യങ്ങള്‍ക്ക് നിയോഗിച്ചത് മുഖ്യമന്ത്രിയാണെന്ന സ്വപ്നയുടെ മൊഴി വിവാദമായിരുന്നു. കോണ്‍സുലേറ്റ് കാര്യങ്ങളില്‍ ശിവശങ്കറിന് മാത്രമാകും ചുമതലയെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന് സ്വപ്ന അന്വേഷണസംഘത്തോട് പ്രതികരിച്ചു. കോണ്‍സുല്‍ ജനറലുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്. അന്ന് മുതല്‍ ശിവശങ്കറുമായി തനിക്ക് ബന്ധമുണ്ട്. തങ്ങള്‍ പരസ്പരം വിളിക്കാറുണ്ടായിരുന്നെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.