Congress Party

രാമചന്ദ്ര ഗുഹ: ഇന്ത്യയെ രക്ഷിക്കാന്‍ സോണിയ മക്കളെയും കൂട്ടി രാഷ്ട്രീയം വിടണം

‘കൊവിഡ് മഹാമാരിയുടെയും കര്‍ഷകസമരത്തിന്റെയും പശ്ചാത്തലത്തില്‍ സോണിയ ഗാന്ധി ഇത്തവണത്തെ ജന്മദിനമാഘോഷിക്കില്ല’- കഴിഞ്ഞദിവസം ഹിന്ദുസ്ഥാന്‍ ടൈംസില്‍ പ്രത്യക്ഷപ്പെട്ട ഈ ഒരു തലക്കെട്ടിലുണ്ട് ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ പിശകും, എന്തുകൊണ്ട് നിലവിലെ നേതൃത്വത്തിന് കീഴില്‍ കോണ്‍ഗ്രസ് ഒരിക്കലും ബിജെപിക്ക് ബദലാകില്ല എന്നതിനുള്ള വിശദീകരണവും. ഈ പ്രഖ്യാപനത്തിലെ പൊങ്ങച്ചവും ആത്മാദരവും തീര്‍ത്തും സ്വാഭാവികമാണെങ്കില്‍ അത് അമ്പരിപ്പിക്കുന്നതാണ്. ‘ഗാന്ധി’കുടുംബം എന്താണ് കരുതിവെച്ചിരിക്കുന്നത്? അവര്‍ ഏതെങ്കിലും രാജകുടുംബത്തിന് സമാനമാണെന്നോ, അവരുടെ ആരുടെയെങ്കിലും ജന്മദിനാഘോഷം മാറ്റിവെയ്ക്കുന്നത് വഴി ദുരിതമനുഭവിക്കുന്ന പ്രജകളുമായി അവര്‍ക്ക് താദാത്മ്യപ്പെടാമെന്നോ?

ഈ വിഷയങ്ങള്‍ പരിഗണിച്ച് മുന്നോട്ടുപോകാം. ബിജെപി എന്ന പാര്‍ട്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു നേതാക്കളുടെ പേരെടുത്താല്‍ അത് മോദി, ഷാ, നദ്ദ എന്നിവരാണ്. അവര്‍ മൂന്നുപേരും തമ്മില്‍ ഒരു തരത്തിലുമുള്ള രക്തബന്ധമോ മറ്റെന്തെങ്കിലും ബന്ധുത്വമോ ഇല്ല. മൂവരും
മുന്നു ജീവിതസാഹചര്യങ്ങളിലാണ് ജനിച്ചുവളര്‍ന്ന് ജീവിക്കുന്നത്. ഇതില്‍ ആരുടെയും തന്നെ കുടുംബാംഗങ്ങളുടെയോ ബന്ധുക്കളുടെയോ സാന്നിധ്യം മുന്‍പ് സംസ്ഥാന രാഷ്ട്രീയത്തിലോ ദേശീയ രാഷ്ട്രീയത്തിലോ ഉണ്ടായിട്ടില്ല. ജീവിതവൃത്തിയിലും തങ്ങളെ പൂര്‍ണമായും സ്വയം സൃഷ്ടിച്ചെടുത്ത അവര്‍ സ്വപ്രയത്‌നം ഒന്നുകൊണ്ട് മാത്രമാണ് ഇന്ന് വഹിക്കുന്ന സ്ഥാനങ്ങളിലേക്ക് എത്തിച്ചേര്‍ന്നത്.

ഇനി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മൂന്നു പ്രധാന പേരുകാരെയെടുത്താല്‍ അത് ഗാന്ധി, ഗാന്ധി, ഗാന്ധി എന്നിങ്ങനെയാണ്. ഒരേ അണുകുടുംബത്തിലെ മൂന്നുപേര്‍- ഒരാള്‍ അമ്മയും മറ്റു രണ്ട് പേര്‍ ആ അമ്മയുടെ മക്കളും. ജീവിതത്തിന്റെ ഭൂരിഭാഗവും ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ ജീവിച്ചവര്‍. അതിലെല്ലാവരുടെയും രാഷ്ട്രീയപ്രവേശം ഏതെങ്കിലും ഒരു കുടുംബാംഗം പരമ്പരാഗതമെന്നപോലെ കൈമാറി നല്‍കിയ അധികാരസ്ഥാനത്തേക്ക്. അമ്മ മുന്‍പ്രധാനമന്ത്രിയുടെ ഭാര്യയായി കോണ്‍ഗ്രസിലെത്തിയപ്പോള്‍ മക്കള്‍ അവരുടെ മാതാപിതാക്കള്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം വഹിച്ചവരാണെന്ന കാരണത്താല്‍ പാര്‍ട്ടിയിലെത്തി. അങ്ങനെ ജീവിതവൃത്തിയുടെ കാര്യമെടുക്കുകയാണെങ്കില്‍, മൂന്നു ഗാന്ധികളും അധികാരത്തിന് മേല്‍ പ്രത്യേക അര്‍ഹതയും കുത്തവകാവകാശവും ലഭിച്ചവരാണ്. അവര്‍ ഇന്ന് എത്തിനില്‍ക്കുന്ന സ്ഥാനങ്ങളിലേക്കെല്ലാം അവരെത്തിയത് ഗാന്ധി എന്ന കുടുംബപ്പേര് ഒന്നുകൊണ്ട് മാത്രമാണ്.

മോഡി, ഷാ, നദ്ദ എന്നിവരെ ഒന്നിപ്പിക്കുന്നത് അവരുള്‍ക്കൊള്ളുന്ന ഹിന്ദുത്വമെന്ന രാഷ്ട്രീയ പ്രത്യേയശാസ്ത്രമാണ്. അവര്‍ക്ക് പാര്‍ട്ടിയോടും അതിന്റെ ആശയസംഹിതയോടുമുള്ള സമര്‍പ്പണം വ്യക്തിപരമോ കുടുംബപരമോ ആയ താല്‍പര്യങ്ങള്‍ക്ക് അതീതമാണ്. തങ്ങളുടെ അധികാരത്തെ ബലപ്പെടുത്താനും ഹിന്ദുക്കളുടെ മാത്രം താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചലിക്കുന്ന ഒരു മതാധിപത്യഭരണക്രമത്തെ പടുത്തുയര്‍ത്തുക എന്ന ലക്ഷ്യത്തിലെത്താനും അവരെക്കൊണ്ട് കഠിനാധ്വാനം ചെയ്യിക്കുന്നത് ആ ആശയസംഹിതയാണ്.

മറുവശത്ത്, ഗാന്ധി, ഗാന്ധി, ഗാന്ധി എന്നിവരുടെ രാഷ്ട്രീയ വൃത്തിയെ ബന്ധിപ്പിക്കുന്ന ഒരു പൊതു പ്രത്യയശാസ്ത്രം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ഒരു ദിവസം നീതിമാന്മാരായ മതനിരപേക്ഷവാദികളെന്ന് സ്വയം അവകാശപ്പെടുന്ന സോണിയയും രാഹുലും അടുത്ത ദിവസം മൃദു ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കും. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പരിപോഷിപ്പിച്ചെടുത്ത സ്വതന്ത്ര വിപണി പരിഷ്‌കാരങ്ങളുടെ ഖ്യാതി ഏറ്റെടുക്കുന്ന അവര്‍ അതിന് തൊട്ടുപിന്നാലെ സംരംഭകര്‍ക്കുമേല്‍ പരിഹാസം ചൊരിയും. രാഷ്ട്രീയത്തില്‍ സജീവമായിട്ട് ചുരുക്കം കാലം മാത്രമായ പ്രിയങ്ക ഗാന്ധിയാണെങ്കില്‍ കോണ്‍ഗ്രസിന്റെ സുപ്രധാന നയങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. ഒരുപക്ഷേ, കോണ്‍ഗ്രസിനെയും അതുവഴി ഇന്ത്യയെതന്നെയും ഭരിക്കാനുള്ള വിശേഷാധികാരം തങ്ങള്‍ക്കുണ്ടെന്ന വിശ്വാസം മാത്രമായിരിക്കും ആ കുടുംബത്തെ നയിക്കുന്നത്.

Congress leader Rahul Gandhi names popular sister Priyanka to party post -  Reuters

കോണ്‍ഗ്രസിന്റെ തലപ്പത്തുള്ളരില്‍ നിന്ന് ബിജെപിയുടെ തലപ്പത്തുള്ളവരെ വ്യത്യസ്തരാക്കുന്ന മൂന്നു അടിസ്ഥാന കാരണങ്ങളാണുള്ളത്. ആദ്യത്തേത് അവര്‍ സ്വപ്രയത്‌നം കൊണ്ട് വളര്‍ന്നുവന്നവരാണ്. രണ്ടാമത്തേത്, കുടുംബത്തിന്റെ കുത്തകാവകാശത്തിനപ്പുറം അവരെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ആശയസംഹിത അവര്‍ക്കുണ്ട്. മുന്നാമത്തേത്, അവര്‍ കഠിനാധ്വാനികളാണ്. കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പാതി വഴിയ്ക്കിട്ട് രാഹുല്‍ ഗാന്ധി ഹിമാചല്‍ പ്രദേശില്‍ ഒഴിവുകാലം ആസ്വദിക്കാന്‍ പോയി. ആ സംഭവം ആര്‍ജെഡിയുടെ ഒരു മുതിര്‍ന്ന നേതാവിനെക്കൊണ്ട് പറയിച്ചത് –
‘തെരഞ്ഞെടുപ്പ് പൂര്‍ണമായും സജീവമായിരിക്കെ പ്രിയങ്ക ജിയുടെ ഷിംലയിലെ വീട്ടില്‍ പിക്‌നിക്കിലായിരുന്നു രാഹുല്‍ ഗാന്ധി’ എന്നാണ്.

ഇങ്ങനയാണോ ആ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്? കോണ്‍ഗ്രസിന്റെ ഈ പോക്ക് ഗുണം ചെയ്യുന്നത് ബിജെപിക്കാണ് എന്ന അനുമാനത്തിലേക്കാണ് ഈ ആരോപണങ്ങളെല്ലാം എത്തിച്ചേരുന്നത്. ഏറ്റവും അടുത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ എന്‍സിപിയുടെ നേതാവ് ശരത് പവാറും അധ്യക്ഷനായിരിക്കാനുള്ള രാഹുലിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്തു.

ബിഹാര്‍ തെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം തന്റെ നേട്ടങ്ങള്‍ക്കുമുകളില്‍ വിശ്രമിക്കാതെ ദുര്‍ബലമായിരിക്കുന്ന മേഖലകളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് നൂറുദിന യാത്ര പ്രഖ്യാപിക്കുകയാണ് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ ചെയ്തത്. കേന്ദ്രത്തിലെയും രാജത്തിന്റെ ഉത്തര, പശ്ചിമ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗത്തിന്റേയും ഭരണം കയ്യിലുണ്ടായിരുന്നിട്ടും ദക്ഷിണ, കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടിയുടെ ചുവടുറപ്പിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം ചിന്തിച്ചത്. എന്തായാലും വിജയം കൂടുതല്‍ പ്രയത്‌നിക്കാന്‍ നദ്ദയെ പ്രേരിപ്പിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് തോല്‍വി രാഹുല്‍ഗാന്ധിയെ തനിക്കേറ്റവും പ്രിയപ്പെട്ടതും തന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പ്രധാനവേദിയുമായ ട്വിറ്ററില്‍ അഭയം നേടാനാണ് പ്രേരിപ്പിച്ചത്.

ഈ ലേഖനത്തിന്റെ എഴുത്തുകാരന്‍ കോണ്‍ഗ്രസിന്റെ നിലവിലെ അവതാരത്തിന്റെ വിമര്‍ശകനാണെങ്കില്‍ അതിലുമധികം ബിജെപിയുടെ വിമര്‍ശകനാണ്. അയാള്‍ക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെങ്കില്‍ അത് മഹാത്മാഗാന്ധിയുടെ കോണ്‍ഗ്രസിനോടാണ്. ഇന്നത്തെ വ്യാജഗാന്ധിമാരുമായി ഒരു തരത്തിലുള്ള സാദൃശ്യവുമില്ലാത്ത ഒരു പാര്‍ട്ടിയോടാണ്. സ്വാതന്ത്രസമരം നയിച്ച, സ്വാതന്ത്രലബ്ദിക്ക് ശേഷം ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ ഒരു രാജ്യത്തെ പടുത്തുയര്‍ത്താന്‍ സഹായിച്ച യഥാര്‍ഥ കോണ്‍ഗ്രസിനോട് മാത്രമാണ്.

മോഡിയും ഷായും പ്രതിനിധീകരിക്കുന്ന ഹിന്ദുത്വ ആശയങ്ങള്‍ ആ രാജ്യത്തെ പൂര്‍ണമായും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദുത്വം കേവലം സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ മാത്രമൊതുങ്ങുന്നതല്ല. സ്വതന്ത്ര വ്യവസ്ഥകളെ ദുര്‍ബ്ബലപ്പെടുത്തുന്നതിനും ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതിനുംപുറമെ മോഡി സര്‍ക്കാര്‍ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെയും തകര്‍ക്കുകയും ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ സ്ഥാനം താഴേക്ക് കൊണ്ടുവരികയും ചെയ്തുകഴിഞ്ഞു.

The Man Driving Modi's Kashmir Power Grab - OZY | A Modern Media Company

സര്‍ക്കാരിന്റെ എല്ലാ പരാജയങ്ങളും വ്യക്തമായിതന്നെ മുന്നിലുണ്ടെങ്കിലും മോഡി-ഷാ ഭരണത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ സ്ഥാനഭ്രഷ്ടരാക്കുക എന്നത് ദുഷ്‌കരമാണ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ‘ഗാന്ധികള്‍’ നയിക്കുന്ന കാലത്തോളമെങ്കിലും അത് അങ്ങനെത്തന്നെ തുടരും. എന്തെന്നാല്‍ തങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളുണ്ടെന്ന് കരുതുന്നതിനും പ്രത്യയശാസ്ത്രപരമായ ആശയക്കുഴപ്പം കൊണ്ടുനടക്കുന്നതിനപ്പുറം കോണ്‍ഗ്രസിന്റെ തലപ്പത്തിരിക്കുന്ന ആ കുടുംബം കഠിനാധ്വാനം ചെയ്യാന്‍ സാമര്‍ത്ഥ്യമില്ലാത്തവരാണ്. ഒരിക്കല്‍ സോണിയ ഗാന്ധി അതിന് പര്യാപ്തയായിരുന്നു. എന്നാലിപ്പോള്‍ ക്ഷയിക്കുന്ന ആരോഗ്യവും പ്രായവും അവരില്‍ നിന്നത് നഷ്ടമാക്കി. അവരുടെ മക്കളിലാണെങ്കില്‍ തുടക്കം മുതലെ അങ്ങനെയൊന്ന് ഉണ്ടായിട്ടുമില്ല. കാലാകാലങ്ങളില്‍ ഫോട്ടോ- അവസരങ്ങള്‍ കണ്ടെത്തി സാമൂഹിക മാധ്യമങ്ങളിലെ അനുകൂലികളാല്‍ പ്രശംസിക്കപ്പെടുമെങ്കിലും ആ ഫോട്ടോകള്‍ക്കപ്പുറം എന്തുണ്ടാകുന്നു എന്നത് ഒരിക്കലും പിന്തുടരപ്പെട്ടില്ല. ഹത്രാസിലേക്കുള്ള മാര്‍ഗമധ്യേ പൊലീസിനാല്‍ തടയപ്പെടുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രത്തില്‍ യോഗി ആദിത്യനാഥിനെതിരാകാന്‍ ശേഷിയുള്ള ഒരു മുഖ്യമന്ത്രിയെ ആരാധകര്‍ കണ്ടു. എന്നാല്‍ യുപി ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനം അത്തരം ചര്‍ച്ചകള്‍ കുറച്ചു.

അവസാന കാരണത്തം ‘ഗാന്ധി’കുടുംബത്തിന്റെ വിളവുകളില്‍നിന്ന് ബിജെപി നേട്ടമുണ്ടാക്കുന്നു എന്നതാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിര ഗാന്ധിയുടെയും പിന്മുറക്കാരാണ് ഇതുവരെ പ്രധാന പ്രതിപക്ഷപാര്‍ട്ടിയെ നയിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ നിലവിലെ ഭരണകൂടത്തിന് അവരുടെ തെറ്റുകള്‍ക്കുനേരെയുണ്ടാകുന്ന വിമര്‍ശനങ്ങളെ
നെഹ്‌റുവിന്റെയും ഇന്ദിരയുടെയും നയങ്ങളെ എടുത്തുകാട്ടി വഴിതിരിച്ചുവിടാനാകും. അങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് നേരെ മോഡി സര്‍ക്കാര്‍ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചും നിയമവ്യവസ്ഥയെ തങ്ങളുടെ കീഴിലാക്കുന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥകാലം മറുചോദ്യമാകുന്നതും, ചൈനയുടെ കടന്നുകയറ്റത്തെ അപ്പോള്‍ നെഹ്‌റുവോ? 1962ഓ? എന്ന ചോദ്യം കൊണ്ട് സര്‍ക്കാര്‍ നേരിടുന്നതും. എല്ലാമൊത്തുചേര്‍ന്ന് വരുമ്പോള്‍ കോണ്‍ഗ്രസിന്റെ തലപ്പത്തെ പ്രധാന മൂന്നുപേര്‍ -ഗാന്ധിയും ഗാന്ധിയും പിന്നെ മറ്റൊരു ഗാന്ധിയുമാകുന്നതാണ് മോഡി-ഷാ-നദ്ദ കൂട്ടുകെട്ടിന് സൗകര്യം.

മോഡി ഭക്തരല്ലാഞ്ഞിട്ട് കൂടി ഇന്ത്യന്‍ രാഷ്ട്രീയം പഠിക്കുന്ന ചില വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിയെ ആര്‍ക്കും തടയാനാകില്ലെന്ന് കരുതുന്നു. അവരുടെ ആ കീഴടങ്ങലിനോട് ഞാന്‍ യോജിക്കുന്നില്ല. മോഡി അജയ്യനൊന്നുമല്ല. എതായാലും 1970കളില്‍ അധികാരത്തിന്റെ ഉച്ചസ്ഥായിയിലിരുന്ന ഇന്ദിര ഗാന്ധിയോളമൊരിക്കലുമല്ല. കഴിഞ്ഞ മാസത്തെ ബിഹാര്‍ തെരഞ്ഞെടുപ്പ് തന്നെ പരിഗണിച്ചാല്‍ കാണാം പണത്തിന്റേയും സംഘടനാബലത്തിന്റെയും കടുത്ത ആധിപത്യമുണ്ടായിട്ടും, മാധ്യമങ്ങളെക്കുമേല്‍ നിയന്ത്രണവും സംസ്ഥാന ഭരണത്തിന്റെ പിന്തുണയും ഉണ്ടായിരുന്നിട്ടും ഭരണപക്ഷ മുന്നണിയായ എന്‍ഡിഎ കഷ്ടിച്ചാണ് ഒന്നു കടന്നുപോന്നത്.

ഭരണ നിര്‍വ്വഹണത്തിലെ സാമര്‍ഥ്യമില്ലായ്മയാണ് ഭരണകക്ഷിയുടെ പ്രധാന പോരായ്മ. രാഷ്ട്രീയ പ്രചാരണത്തിലും സംഘടനാബലത്തിനുമപ്പുറം സാമ്പത്തികവ്യവസ്ഥയെ നേരിടുന്നതില്‍ അവര്‍ പൂര്‍ണമായും അസമര്‍ഥരല്ലാതെ മറ്റൊന്നുമല്ല. നാട്ടില്‍ പ്രസിദ്ധനായ ഒരാളാണ് മോഡിയെങ്കിലും അയല്‍ക്കാര്‍ക്കിടയില്‍ വെറുക്കപ്പെടുന്നവനും ലോകത്തിനാലാകെ അവിശ്വസിക്കപ്പെടുന്നവനുമാണ് അദ്ദേഹം. മഹാമാരിക്ക് മുന്‍പ് തന്നെ തകര്‍ച്ചയിലായിരുന്ന സമ്പദ് വ്യവസ്ഥ് കൊവിഡ് അവസാനിക്കുമ്പോളേക്കും ഒരു പൂര്‍ണ വികാസത്തിലെത്തുമെന്നതും അസാധ്യമായ കാര്യമാണ്. സര്‍ക്കാരിന്റെ നയങ്ങള്‍ സമൂഹത്തെ പിന്നോട്ട് വലിച്ച് വളര്‍ച്ചയെ തടസപ്പെടുത്തുന്നതിനൊപ്പം തങ്ങളുടെ മുതലാളി സുഹൃത്തുക്കനുകൂലമായി നിയമങ്ങള്‍ വളച്ചൊടിക്കുന്നതില്‍ കൂടി അവര്‍ വിജയിക്കുമ്പോള്‍ അത് അസാധ്യമാകാനുള്ള കാരണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. എന്നാല്‍ ഇനിയുമെത്രകാലം മുസ്ലിംങ്ങള്‍ക്കുമേല്‍ ദുഷ്‌പേര് മൂദ്രകുത്തിയും ഗോവധനിരോധനത്തിനായും മിശ്രവിവാഹത്തിനെതിരായും നിയമങ്ങള്‍ കൊണ്ടുവന്ന് കര്‍ഷകരുടെയും തൊഴിലാളികളുടെയും കലാകാരന്മാരുടെയും യുവാക്കളുടെയും തൊഴില്‍രഹിതരുടെയും ശ്രദ്ധതിരിച്ചുവിടാന്‍ സര്‍ക്കാരിനാകും?

നമ്മുടെ രാജ്യത്തിന്റെ ഭാവി ഈ ചോദ്യത്തിന്റെ ഉത്തരത്തെ ആശ്രയിച്ചാണിരിക്കുന്നത്. കോണ്‍ഗ്രസിലെ നിലവിലെ നേതൃത്വത്തിന്റെ അസാമര്‍ത്ഥ്യവും സ്വജനപക്ഷപാതവും ബിജെപിയ്ക്ക് ഭരണത്തില്‍ പിടി മുറുക്കുന്നതില്‍ സഹായിച്ചുവെന്ന് നിശംസ്സയം പറയാം. ഇന്ത്യയുടെ പ്രധാന പ്രതിപക്ഷപാര്‍ട്ടിയുടെ തലപ്പത്തേക്ക് ഒരു ഗാന്ധി തന്നെയെത്തണമെന്ന പിടിവാശി, സ്വന്തം തെറ്റുകുറ്റങ്ങളില്‍ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാന്‍ ഭരണകകക്ഷിയ്ക്ക് എളുപ്പ അവസരവും നല്‍കി. കോണ്‍ഗ്രസിന് കുറച്ചുകൂടി കേന്ദ്രീകൃതവും ഊര്‍ജ്ജസ്വലമായതുമായ ഒരു നേതൃത്വമുണ്ടായിരുന്നെങ്കില്‍ അവര്‍ അധികാരത്തെ ജന്മാവകാശമായി കാണാതിരിക്കുന്നവരായിരുന്നെങ്കില്‍ ഈ ശ്രദ്ധതിരിക്കല്‍ കൂടുതല്‍ കടുപ്പമാക്കാമായിരുന്നു.

SPG cover for Sonia Gandhi, Rahul and Priyanka withdrawn, CRPF to move in -  india news - Hindustan Times

അടുത്ത പൊതു തെരഞ്ഞെടുപ്പിന് ഇനിയും മൂന്നു വര്‍ഷമുണ്ട്. ആ സമയം മതിയാകും കോണ്‍ഗ്രസിന് ഒരു പുതിയ നേതൃത്വത്തിന് കീഴില്‍ സ്വയം പൊളിച്ചുപണിയാനും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യം സ്ഥാപിക്കാനും. തങ്ങളുടെ പാര്‍ട്ടിയുടെയും രാജ്യത്തിന്റേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഗാന്ധികുടുംബം യാത്രപറയേണ്ട സമയമായി. കോണ്‍ഗ്രസിന്റെ തലപ്പത്തുനിന്ന് മാത്രമല്ല, പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണമായി തന്നെ വേണമത്. എന്തെന്നാല്‍ അവര്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്ന കാലത്തോളം ഒരു സമാന്തര നേതൃത്വത്തെ പ്രതിനിധീകരിക്കും. അത് സങ്കീര്‍ണ്ണതയ്ക്കും കലഹത്തിനും മാത്രമായിരിക്കും എണ്ണപകരുക.

സോണിയ ഗാന്ധി ഈ വര്‍ഷമോ വരാനിരിക്കുന്ന വര്‍ഷങ്ങളിലോ ജന്മദിനമാഘോഷിക്കുകയോ ആഘോഷിക്കാതിരിക്കുകയോ ചെയ്യട്ടെ. അത് ഈ രാജ്യത്തിന്റെ ഭാവിയെ ഒരു തരത്തിലും ബാധിക്കുന്നതല്ല. യഥാര്‍ഥത്തില്‍ സോണിയ ചെയ്യേണ്ട ത്യാഗം രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുക എന്നതാണ്, കൂടെ മക്കളെയും കൊണ്ടുപോകണം. എന്തെന്നാല്‍ അവരുടെ പുറപ്പാടോടെ നമുക്കിപ്പോള്‍ ബാക്കിയുള്ള ഈ രാജ്യത്തെ കെടുതിയില്‍ നിന്നും ഹിന്ദുത്വ പ്രാമാണിത്വത്തില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള സാധ്യതയാണ് വര്‍ദ്ധിക്കുന്നത്.

എന്‍ഡിടിവിയില്‍ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. വിവര്‍ത്തനം: അനുപമ ശ്രീദേവി

Latest News