Top

‘ജയലളിത സ്വര്‍ഗത്തില്‍ ഇരുന്ന് സന്തോഷിക്കുന്നുണ്ടാവും’; കങ്കണയുമായി അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷെ ‘തലൈവിക്ക്’ സല്യൂട്ടെന്ന് റാം ഗോപാല്‍ വര്‍മ്മ

നടി കങ്കണ റണാവത്തും സംവിധായകന്‍ റാം ഗോപാല്‍ വര്‍മ്മയും തമ്മില്‍ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന പല കാര്യങ്ങളിലും ഇരുവര്‍ക്കും വ്യത്യസ്ത നിലപാടാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും കങ്കണയുടെ അഭിനയത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് റാം ഗോപാല്‍ വര്‍മ്മ. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് രാം ഗോപാല്‍ കങ്കണയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്. തലൈവി ട്രെയ്‌ലറിന് സല്യൂട്ടെന്നും അദ്ദേഹം പറഞ്ഞു. കങ്കണ ട്വീറ്റിന് മറുപടിയും കൊടുത്തിരുന്നു. ‘ചില കാര്യങ്ങളില്‍ എനിക്ക് നിങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. […]

24 March 2021 8:51 PM GMT
ഫിൽമി റിപ്പോർട്ടർ

‘ജയലളിത സ്വര്‍ഗത്തില്‍ ഇരുന്ന് സന്തോഷിക്കുന്നുണ്ടാവും’; കങ്കണയുമായി അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷെ ‘തലൈവിക്ക്’ സല്യൂട്ടെന്ന് റാം ഗോപാല്‍ വര്‍മ്മ
X

നടി കങ്കണ റണാവത്തും സംവിധായകന്‍ റാം ഗോപാല്‍ വര്‍മ്മയും തമ്മില്‍ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന പല കാര്യങ്ങളിലും ഇരുവര്‍ക്കും വ്യത്യസ്ത നിലപാടാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും കങ്കണയുടെ അഭിനയത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് റാം ഗോപാല്‍ വര്‍മ്മ.

കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് രാം ഗോപാല്‍ കങ്കണയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്. തലൈവി ട്രെയ്‌ലറിന് സല്യൂട്ടെന്നും അദ്ദേഹം പറഞ്ഞു. കങ്കണ ട്വീറ്റിന് മറുപടിയും കൊടുത്തിരുന്നു.

‘ചില കാര്യങ്ങളില്‍ എനിക്ക് നിങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷെ തലൈവി ട്രെയ്‌ലറിലെ പ്രകടനത്തിന് നിങ്ങള്‍ക്ക് ഒരു സല്യൂട്ട് തന്നെ പറ്റു. ട്രെയ്‌ലര്‍ വളരെ നല്ലതായയിരുന്നു. ജയലളിത സ്വര്‍ഗത്തില്‍ ഇരുന്ന് സന്തോഷിക്കുന്നുണ്ടാവുമെന്നതില്‍ സംശയമില്ല.’

റാം ഗോപാല്‍ വര്‍മ്മ

‘സര്‍, എനിക്ക് നിങ്ങളുമായ അഭിപ്രായ വ്യത്യാസമൊന്നുമില്ല. എനിക്ക് നിങ്ങളെയും നിങ്ങളുടെ കഴിവിനെയും ഇഷ്ടമാണ്. ഭയങ്കരമായ സീരീയസ് വ്യക്തികള്‍ക്കിടയിലാണ് നമ്മള്‍ ഉള്ളത്. അവര്‍ക്ക് ഞാന്‍ എന്തെങ്കിലും പറയുമ്പോഴേക്കും അഭിമാനക്ഷതം സംഭവിക്കുന്നു. നിങ്ങള്‍ അങ്ങനെയല്ല എന്നതില്‍ സന്തോഷമുണ്ട്. താങ്കളുടെ അഭിനന്ദനത്തിന് നന്ദി.’

കങ്കണ റണാവത്ത്

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കങ്കണ താന്‍ ലോകത്തെ തന്നെ മികച്ച അഭിനേത്രിയാണെന്ന് പറയുകയുണ്ടായിരുന്നു. കൂടാതെ ഹോളിവുഡ് നടി മെറില്‍ സ്ട്രീപ്പിനെ പോലെയാണ് താന്‍ എന്നും കങ്കണ അവകാശപ്പെട്ടിരുന്നു. ഇതിന് താരത്തിനെ വിമര്‍ശിച്ചും ട്രോളിയും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ അന്ന് കങ്കണ പറഞ്ഞത് ശരിയാണെന്നാണ് ഇപ്പോള്‍ റാം ഗോപാല്‍ വര്‍മ്മ പറയുന്നത്.

‘വളരെ വ്യത്യസ്തവും ദൃഢവുമായ അഭിപ്രായങ്ങള്‍ ഉള്ളവര്‍ക്ക് എന്നും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. നിങ്ങള്‍ ഹോളിവുഡ് ലെജന്റുകളുമായി നിങ്ങളെ താരതമ്യം ചെയ്തപ്പോള്‍ ഞാന്‍ അതിനോട് യോജിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അതിനോട് നൂറ് ശതമാനം യോജിക്കുകയും അങ്ങനെ ചെയ്യാത്തതിന് മാപ്പ് പറയുകയും ചെയ്യുന്നു. നിങ്ങള്‍ ലോകത്തെ തന്നെ മികച്ച അഭിനേത്രിയാണ്’

റാം ഗോപാല്‍ വര്‍മ്മ

കങ്കണയുടെ 34 പിറന്നാള്‍ ദിനത്തിലായിരുന്നു തലൈവിയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ മുന്‍ തമിഴ് നാട് മുഖ്യമന്ത്രിയായ ജയലളിതയായാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം

2021 ഏപ്രില്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ഭാഗ്യശ്രീയും തലൈവിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

2020 ജൂണ്‍ 26 ന് ചിത്രം റിലീസ് ചെയ്യേണ്ടതായിരുന്നുവെങ്കിലും കൊവിഡ് മൂലം റിലീസ് മാറ്റിവച്ചു. തലൈവി അടുത്ത വര്‍ഷം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ റിലീസ് ചെയ്യും. വിഷ്ണു ഇന്ദൂരി, ഷൈലേഷ് ആര്‍ സിംഗ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

നിലവില്‍ ധക്കട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കങ്കണ പൂര്‍ത്തിയാക്കി. അതിന് പുറമെ തേജസ് എന്ന ചിത്രത്തിലാണ് കങ്കണ അഭിനയിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍മുഖത്തേക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് 2016ലാണ്. ഇതിനെ ആസ്പദമാക്കിയാണ് ‘തേജസി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയിരുന്നു. സര്‍വേഷ് മെവര്‍യാണ് തേജസിന്റെ സംവിധായകന്‍. ‘ഉറി’ എന്ന ചിത്രത്തിന് ശേഷം ‘ആര്‍എസ്വിപി’ നിര്‍മ്മിക്കുന്ന ചിത്രമാണിത്. 2021 ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയായി മറ്റൊരു ചിത്രത്തില്‍ കങ്കണ വേഷമിടും. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഒരു ജീവചരിത്രമല്ല. കങ്കണയ്ക്ക് പുറമെ ചിത്രത്തില്‍ നിരവധി പ്രമുഖ നടന്‍മാരും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Story