‘യുപി ഗ്രാമങ്ങളിലെ ആരോഗ്യസംവിധാനം ദൈവത്തിന്റെ കരുണകാത്തുകിടക്കുന്നു’;സര്‍ക്കാരിനെതിരെ അലഹബാദ് ഹൈക്കോടതി
മീററ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൃദ്ധന്റെ മൃതദേഹം അജ്ഞാത മൃതദേഹം എന്ന് പറഞ്ഞ് സംസ്‌കരിച്ച സംഭവത്തെ പരാമര്‍ശിച്ചുകൊണ്ട് നഗരങ്ങളിലെ സ്ഥിതി ഇതാണെങ്കില്‍ വിദൂര ഗ്രാമങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്ന് അന്വേഷിച്ചു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ സംവിധാനങ്ങളുടെ പരാജയം ചൂണ്ടി വീണ്ടും പൊട്ടിത്തെറിച്ച് അലഹബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളിലേയും ചെറുപട്ടണങ്ങളിലേയും ആരോഗ്യസംവിധാനങ്ങള്‍ ദൈവത്തിന്റെ കാരുണ്യം കാത്തുകിടക്കുകയാണെന്ന് കോടതി വാക്കാലെ പരാമര്‍ശിച്ചു. ക്വാറന്റൈന്‍ സെന്ററില്‍ പ്രവേശിപ്പിച്ച വൃദ്ധന്‍ മരിച്ചപ്പോള്‍ അജ്ഞാത മൃതദേഹം എന്നുപറഞ്ഞ് സംസ്‌കരിച്ച സംഭവം പ്രത്യേകമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശനങ്ങള്‍. മീററ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥയെക്കുറിച്ചുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് വെര്‍മയും അജിത്ത് കുമാറും അടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങള്‍.
മീററ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൃദ്ധന്റെ മൃതദേഹം അജ്ഞാത മൃതദേഹം എന്ന് പറഞ്ഞ് സംസ്‌കരിച്ച സംഭവത്തെ പരാമര്‍ശിച്ചുകൊണ്ട് നഗരങ്ങളിലെ സ്ഥിതി ഇതാണെങ്കില്‍ വിദൂര ഗ്രാമങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്ന് അന്വേഷിച്ചു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ആളിന്റെ ഫയല്‍ പോലും സൂക്ഷിക്കാത്ത തരത്തിലുള്ള ഒരു ആരോഗ്യസംവിധാനമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും അശ്രദ്ധയോടെ പെരുമാറുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
നിരപരാധികളായ ജനങ്ങളുടെ ജീവിതം അധികൃതര്‍ക്ക് പന്താടാനുള്ളതല്ലെന്ന് കോടതി രൂക്ഷ ഭാഷയില്‍ താക്കീത് നല്‍കി. അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും കോടതി പറഞ്ഞു.