Top

ടിക്കായത്തിനെ തൊട്ടതിൽ കേന്ദ്രത്തിന് പാളി; യുപിയിൽ രാഷ്ട്രീയം ഇളകി മറിയുന്നു

യുപി: ഗാസിപൂരില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരോട് ഒഴിയണമെന്നാവശ്യപ്പെട്ട അധികാരികളോട് പ്രതിഷേധം അവസാനിക്കില്ലെന്ന് വ്യക്തമാക്കി ഭാരതീയ കിസാന്‍ യൂണിയന്‍ സംഘടനാ വക്താവായ രാകേഷ് ടിക്കായത്. വളരെ വികാരാധീനനായാണ് അദ്ദേഹം കര്‍ഷകരോട് സംസാരിച്ചത്. ഗാസിപൂരിലെ പ്രതിഷേധവേദി ശൂന്യമാകുമെന്ന് പ്രതീക്ഷിച്ച സാഹചര്യത്തിൽ നിന്നും വിഭിന്നമായി ടിക്കായത്തിന്റെ പ്രസ്താവനയിലെ ഊര്‍ജം ഉള്‍ക്കൊണ്ട അണികള്‍ സമരമുഖത്ത് തുടരുകയായിരുന്നു. ഈ സർക്കാർ കർഷകരെ നശിപ്പിക്കുമെന്നും ബിജെപിയുടെ ഗുണ്ടകൾ പൊലീസിനൊപ്പം ചേർന്ന് കർഷകരെ ആക്രമിക്കുമെന്നുമാണ് രാകേഷ് ടിക്കായത് അണികളോട് കണ്ണീരോടെ പറഞ്ഞത്. പൊലീസിന്റെ ബുള്ളറ്റുകളെ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം […]

30 Jan 2021 2:27 AM GMT

ടിക്കായത്തിനെ തൊട്ടതിൽ കേന്ദ്രത്തിന് പാളി; യുപിയിൽ രാഷ്ട്രീയം ഇളകി മറിയുന്നു
X

യുപി: ഗാസിപൂരില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരോട് ഒഴിയണമെന്നാവശ്യപ്പെട്ട അധികാരികളോട് പ്രതിഷേധം അവസാനിക്കില്ലെന്ന് വ്യക്തമാക്കി ഭാരതീയ കിസാന്‍ യൂണിയന്‍ സംഘടനാ വക്താവായ രാകേഷ് ടിക്കായത്. വളരെ വികാരാധീനനായാണ് അദ്ദേഹം കര്‍ഷകരോട് സംസാരിച്ചത്. ഗാസിപൂരിലെ പ്രതിഷേധവേദി ശൂന്യമാകുമെന്ന് പ്രതീക്ഷിച്ച സാഹചര്യത്തിൽ നിന്നും വിഭിന്നമായി ടിക്കായത്തിന്റെ പ്രസ്താവനയിലെ ഊര്‍ജം ഉള്‍ക്കൊണ്ട അണികള്‍ സമരമുഖത്ത് തുടരുകയായിരുന്നു.

ഈ സർക്കാർ കർഷകരെ നശിപ്പിക്കുമെന്നും ബിജെപിയുടെ ഗുണ്ടകൾ പൊലീസിനൊപ്പം ചേർന്ന് കർഷകരെ ആക്രമിക്കുമെന്നുമാണ് രാകേഷ് ടിക്കായത് അണികളോട് കണ്ണീരോടെ പറഞ്ഞത്. പൊലീസിന്റെ ബുള്ളറ്റുകളെ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സമരവേദിയില്‍ നിന്നും പന്‍വാങ്ങുന്നതിലും നല്ലത് ആത്മഹത്യയാണെന്നാണ് ടിക്കായത് അഭിപ്രായപ്പെട്ടത്. തന്റെ ഗ്രാമത്തിലെ വെള്ളം മാത്രം കുടിച്ച് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധിക്കുന്ന കർഷകരെ സർക്കാർ ആക്രമിക്കുമെന്നും കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് കൃഷിക്കാരുടെ നേർക്കുള്ള ഒരു മരണവാറണ്ടാകുമെന്നുമുള്ള നിസ്സഹായതയിൽ നിന്നാണ് അദ്ദേഹം ഇത്രകണ്ട് വികാരാധീനനായതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ സൂചിപ്പിക്കുന്നു. ഏതായാലും ടിക്കായത്തിന്റെ കണ്ണുനീർ ആശ്ചര്യജനകമായ ഫലമാണ് സൃഷ്ടിച്ചത്.

ഹരിയാനയിൽ നിന്നും ഉത്തർപ്രദേശിന്റെ പശ്ചിമമേഖലയിൽ നിന്നും മണിക്കുറുകള്‍ക്കുള്ളില്‍ കൂട്ടം കൂട്ടമായാണ് കർഷകർ ഗാസിപൂരിലെ സമരവേദിലേക്കെത്തിയത്. വ്യഴാഴ്ചയോടെ ആരംഭിച്ച ഈ ഒഴുക്ക് അതിശക്തമായാണ് തുടരുന്നത്. കർഷകരുടെ അഭൂതപൂർവ്വമായ പിന്തുണയും ഊർജ്ജവുമാണ് ഇതോടെ ഗാസിപുർ സമരവേദിക്ക് ലഭിച്ചിട്ടുള്ളത്.

‘ടിക്കായത് കരയുന്നു രാജ്യം ചിരിക്കുന്നു’ എന്ന് ട്വീറ്റ് ചെയ്ത ബിജെപി നേതാവ് കപിൽ മിശ്രയ്ക്കും, കേന്ദ്രനിലപാടിനെ അനുകൂലിച്ചു കൊണ്ട് സമരം ഇതോടെ അവസാനിക്കുന്നു എന്നു കരുതിയ ചില മാധ്യമങ്ങൾക്കും ആണ് ഇത് അപ്രതീക്ഷിത തിരിച്ചടിയായത്.

പ്രതിഷേധിക്കുന്ന യൂണിയനുകൾക്കിടയിൽ അനുരഞ്ജനശ്രമങ്ങൾക്കൊരു പാലമായാണ് രാകേഷ് ടിക്കായത് ആദ്യം കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രസ്ഥാനത്തിലെ ഏറ്റവും ശക്തമായ ശബ്ദമായി ടിക്കായത് മാറിയിരിക്കുകയാണ്.

ആരാണ് ഈ രാകേഷ് ടിക്കായത് ?

മീററ്റ് സർവകലാശാലയിൽ നിന്നുമുള്ള ബിരുദധാരിയാണ് 52 കാരനായ രാകേഷ് ടിക്കായത്. നിലവിൽ ഭാരതീയ കിസാന്‍ യൂണിയന്റെ സംഘടനാ വക്താവായ അദ്ദേഹം രണ്ട് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. രാഷ്ട്രീയ ലോക് ദളിന്റെ പേരിലും സ്വതന്ത്രനായുമാണ് മത്സരിച്ചതെങ്കിലും രണ്ടുവട്ടവും പരാജയപ്പെടുകയായിരുന്നു .

1980 മുതൽ ഉത്തരേന്ത്യയിൽ ആധിപത്യം പുലർത്തിയിരുന്ന ഭാരതീയ കിസാൻ യൂണിയന്റെ പ്രധാന നേതാവായിരുന്ന മഹേന്ദ്ര സിംഗ്‌ ടിക്കായത്തിൻറെ ഇളയ മകനാണ് ഇദ്ദേഹം. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ സിസൗലിയിലാണ് ഇദ്ദേഹത്തിന്റെ കുടുംബം. ഉത്തർപ്രദേശിലെ 84 ഗ്രാമങ്ങളിലെ ‘ബാലിയൻ ഖാപ്പിന്’ ടിക്കായത് കുടുംബമാണ് നേതൃത്വം നൽകുന്നത്. ഉത്തർപ്രദേശിന്റെ പശ്ചിമമേഖലയിലെയും ഹരിയാനയിലെയും ജാട്ട് സമൂഹത്തിൽ ഗണ്യമായ സ്വാധീനമാണ് ബാലിയൻ ഖാപ്പിനുള്ളത്. മാലിക്, ദേശ്വാൾ ഖാപ്പുകളിലും ബികെയുവിന് സ്വാധീനമുണ്ട്. ( ഒരു വംശത്തെ അല്ലെങ്കിൽ ഒരു കൂട്ടം അനുബന്ധ വംശങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സാമൂഹ്യ സംഘടനയാണ് ഖാപ് എന്നറിയപ്പെടുന്നത്. ഉത്തരേന്ത്യയിൽ ഇത്തരം ഖാപ്പുകൾക്ക് വലിയ സാമൂഹ്യ രാഷ്ട്രീയ പ്രസക്തി ആണുള്ളത്.)

പൊതുവായ സാമ്പത്തിക താൽപ്പര്യങ്ങൾ പങ്കുവെച്ചിരുന്ന പശ്ചിമ യുപിയിലെ ഹിന്ദു-മുസ്ലീം കർഷകർക്കിടയിൽ മഹേന്ദ്ര സിംഗ് ടിക്കായത് ജനപ്രിയനായിരുന്നു. കർഷകരുടെ പ്രശ്‌നങ്ങളിൽ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനുമെതിരെ നിരവധി വിപുലമായ പ്രകടനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ആ മേഖലയിലെ ഒരു പ്രധാന ഊർജ്ജ കേന്ദ്രമായിരുന്നു. 1988ൽ ദില്ലിയുടെ ഹൃദയഭാഗത്തുള്ള ബോട്ട് ക്ലബിൽ ലക്ഷക്കണക്കിന് കർഷകർ ഒത്തുകൂടി അന്നത്തെ രാജീവ് ഗാന്ധി സർക്കാരിനെ മുട്ടുകുത്തിക്കുകയുണ്ടായി. ടിക്കായത്തിൻറെ നേതൃത്വത്തിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധങ്ങളിൽ ഒന്നായിരുന്നു അത്.

മൂത്തമകന് അധികാരം കൈമാറുന്ന ജാട്ട് സമൂഹത്തിന്റെ പതിവ് കാരണം, രാകേഷിന്റെ മൂത്ത സഹോദരനായ നരേഷാണ് മഹേന്ദ്ര സിംഗിൽ നിന്നും ബികെയു, ബാലിയൻ ഖാപ്പ് എന്നിവയുടെ നേതൃത്വം ഏറ്റെടുത്തത്. പിന്നീട് ബികെയുവിന്റെ വക്താവായി മാറിയ രാകേഷ് ഇന്നിപ്പോൾ അദ്ദേഹം വഹിക്കുന്ന സ്ഥാനത്തേക്കാൾ പതിന്മടങ് സ്വാധീനമാണ് അണികൾക്കിടയിൽ പുലർത്തുന്നത്.

പിതാവായ മഹേന്ദ്ര സിംഗ് ടിക്കായത്തിൻറെ ഉയർന്ന വ്യക്തിത്വം ടിക്കായത് സഹോദരന്മാർക്ക് വലിയ ഉത്തരവാദിത്വങ്ങളാണ് നൽകുന്നത്. അത്രയും വലിയൊരു ജനമുന്നേറ്റം നടത്താനോ അവരെ കൂടെ നിർത്താനോ ടിക്കായത് സഹോദരന്മാർക്ക് ഇനിയും സാധിച്ചിട്ടില്ലെങ്കിലും പടിഞ്ഞാറൻ ഉത്തർപ്രദേശിൽ വർദ്ധിച്ചുവരുന്ന സാമുദായിക സംഘർഷങ്ങളെ ചെറുക്കുവാനുള്ള ആശ്രയകേന്ദ്രമായാണ് ടിക്കായത് സഹോദരന്മാരെ ഇപ്പോൾ വിലയിരുത്തുന്നത്.

എന്നിരുന്നാലും, ജാട്ട് സമുദായത്തിനെ സംവരണത്തിൽ പെടുത്താനായുള്ള അദ്ദേഹത്തിന്റെ ആവശ്യത്തിനും ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ചലനാത്മകതയ്ക്കും ടിക്കായത് നൽകിയ പിന്തുണ മറ്റ് സമുദായങ്ങൾക്കിടയിൽ അവരുടെ സ്വാധീനം കുറച്ചിട്ടുണ്ട്. 2011ൽ മഹേന്ദ്ര സിംഗ് ടിക്കായത്തിൻറെ നിര്യാണം ബി‌കെ‌യുവിന്റെ രാഷ്ട്രീയ സ്വാധീനത്തെ മാത്രമല്ല, അടുത്ത ബന്ധമുള്ള ആർ‌എൽ‌ഡിയെ ദുർബലപ്പെടുത്തുകയും ആയിരുന്നു. 2013ൽ മുസാഫർനഗറിൽ നടന്ന വർഗീയ സംഘർഷങ്ങളും പ്രദേശത്തെ മുസ്ലിം ജനതയിൽ നിന്നും ടിക്കായത് സഹോദരന്മാരെ അകറ്റുകയായിരുന്നു.

പശ്ചിമ യുപിയിൽ ബിജെപിയുമായി ടിക്കായത് കുടുംബം മോശമല്ലാത്ത ബന്ധം പുലർത്തിയിരുന്നു. 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയെ നിശബ്ദമായി അവർ സഹായിച്ചിട്ടുണ്ടെന്നൊരു ആരോപണവുമുണ്ട്. എന്നാൽ ഉത്തർപ്രദേശിന്റെ പശ്ചിമമേഖലയിലെ കാർഷിക-ജാട്ട് രാഷ്ട്രീയത്തെ നശിപ്പിക്കാനായി എന്ന വിശ്വാസത്തിന്റെ ബലത്തിൽ രാകേഷ് ടിക്കായത്തിനെ അവഗണിച്ചതാണ് ബിജെപി ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി എന്നൊരു സംസാരം ഇപ്പോൾ കര്ഷകസമരത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്നുണ്ട്.

കര്ഷകസമരത്തിന്റെ മുന്നണിയിൽ നിൽക്കുന്ന മറ്റു പല സംഘടനാ നേതാക്കളെക്കാളും ഇടപെടാൻ എളുപ്പമുള്ള നേതാവെന്ന നിലയിൽ വിലകുറച്ചാണ് രാകേഷ് ടിക്കായതിനെ ബിജെപി കണ്ടതെന്നാണ് കരുതേണ്ടത്. മറ്റുള്ള കാർഷിക സംഘടനകൾ അധികവും ഇടതു ചായ്‌വുള്ള സിഖ് വംശജർ നയിക്കുന്നതായതിനാൽ കേന്ദ്രവും അവരെ എതിർപക്ഷമെന്ന നിലയിലാണ് കൈകാര്യം ചെയ്തത്. മാത്രമല്ല ടിക്കായതിനെ പിന്തുണയ്ക്കുന്നവരിൽ വലിയൊരു വിഭാഗം ബിജെപി അനുകൂലികളായതിനാൽ പ്രതിഷേധ നേതൃത്വങ്ങളോട് വിട്ടുവീഴ്ച ചെയ്യിപ്പിക്കാൻ രാകേഷ് ടിക്കായതിനെ ഉപയോഗിക്കാം എന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടലും.

എന്നാൽ നിലനിൽപ്പിനായി രാകേഷ് ടിക്കയത് ബിജെപിക്കൊപ്പം നിന്നുവെങ്കിൽ പോലും പുതിയ കാർഷിക നിയമങ്ങളോട് കടുത്ത എതിർപ്പ് തന്നെയാണ് അദ്ദേഹം പുലർത്തുന്നത്. ഈ നിയമങ്ങൾ തീർച്ചയായും പിൻവലിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ആത്മാർഥമായി തന്നെ കരുതുന്നുണ്ട് എന്നാണ് മനസ്സിലാക്കേണ്ടതും.

ടിക്കായത് സഹോദരന്മാരും അജിത് സിംഗും മകനും ചേർന്ന് പടിഞ്ഞാറൻ യുപിയിലെ കാർഷിക-ജാട്ട് രാഷ്ട്രീയത്തെ പുനരുജ്ജീവിപ്പിക്കാനും ബിജെപിക്ക് മേൽ ആധിപത്യം നേടാനും ശ്രമിക്കുന്നു എന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്. ടിക്കായതിന്റെ വികാരനിർഭരമായ പ്രസംഗത്തിന് ശേഷം ആദ്യം പ്രതികരിച്ച രാഷ്ട്രീയ നേതാവും അജിത് സിംഗായിരുന്നു. അതുകൊണ്ടു തന്നെ ബിജെപിക്ക് ലഭിക്കേണ്ട വലിയൊരു വിഭാഗം വോട്ടുകളാണ് രാകേഷ് ടിക്കയത്തിനെ പിണക്കുന്നതിലൂടെ പാർട്ടിക്ക് നഷ്ടപ്പെടാൻ പോകുന്നത്. ഏതായാലും ഈ നിയമങ്ങൾ മൂലം ജാട്ടുകൾക്കിടയിൽ ഉണ്ടായ പ്രതിഷേധത്തെയും ടിക്കായതിന്റെ സ്വാധീനത്തെയും വിലകുറച്ചു കണ്ടത് കേന്ദ്രം ചെയ്ത അക്ഷന്തവ്യമായ തെറ്റായാണ് ഇപ്പോൾ കണക്ക് കൂട്ടപ്പെടുന്നത്.

Next Story