
രാജസ്ഥാൻ: കാർഷികനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പാർലമെന്റ് ഘരാവോ ചെയ്യുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്. 40 ലക്ഷം ട്രാക്ടറുകളെ അണിനിരത്തി എപ്പോൾ വേണമെങ്കിലും പാർലമെന്റ് വളഞ്ഞേക്കുമെന്നാണ് ടിക്കായത് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ‘ദില്ലി മാർച്ചി’നുള്ള ആഹ്വാനം എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്നും അതിനാൽ കർഷകരോട് തയ്യാറായിരിക്കണമെന്നും ടിക്കായത് അഭ്യർത്ഥിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ സിക്കാറിൽ കിസാൻ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇങ്ങനെ അറിയിച്ചത്. പാർലമെന്റ് ഘരാവോ ചെയ്യാനുള്ള തീയതി യുണൈറ്റഡ് ഫ്രണ്ടിന്റെ നേതാക്കൾ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇത്തവണ പാർലമെന്റ് ഘരാവോ ചെയ്യുകയെന്നതാണ് ലക്‌ഷ്യം. അതിനായി ഞങ്ങൾ ദില്ലിയിലേക്ക് മാർച്ച് ചെയ്യും. നാല് ലക്ഷത്തിന് പകരം 40 ലക്ഷം ട്രാക്ടറുകളാണ് ഇത്തവണ ഉണ്ടാവുക’, ടിക്കായത് പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റിനടുത്തുള്ള പാർക്കുകൾ കർഷകർ ഉഴുതുമറിക്കുമെന്നും അവിടെ വിളകൾ നടുമെന്നും ടിക്കായത് സൂചിപ്പിച്ചു.
മൂന്ന് വിവാദ നിയമങ്ങളും റദ്ദാക്കുക, താങ്ങുവില നടപ്പാക്കുക എന്നീവ ചെയ്യുന്നില്ലെങ്കിൽ വൻകിട കമ്പനികളുടെ ഗോഡൗണുകൾ തങ്ങൾ പൊളിക്കുമെന്ന് പരസ്യമായ വെല്ലുവിളിക്കുകയാണെന്നും ടിക്കായത് പറഞ്ഞു. ഇതിനുള്ള തീയതിയും യുണൈറ്റഡ് ഫ്രണ്ട് വൈകാതെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പബ്ലിക് ദിനത്തിൽ കർഷകർ സംഘടിപ്പിച്ച ട്രാക്ടർ റാലിയിൽ ഉണ്ടായ അക്രമങ്ങൾ കർഷകരെ അപമാനിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് അദ്ദേഹം കുറ്റപെടുത്തി. കർഷകർ സ്നേഹിക്കുന്നത് ത്രിവർണ്ണത്തെയാണ് അല്ലാതെ ഈ രാജ്യത്തെ നേതാക്കളെയല്ല എന്നും അദ്ദേഹം പ്രസ്താവിച്ചു.