‘ഐഷ സുല്‍ത്താനയല്ല, പ്രഫുല്‍ പട്ടേലാണ് രാജ്യദ്രോഹി’; ഇന്ത്യ മുട്ടിലിഴയുന്നവരുടെ രാജ്യമല്ലെന്ന് വി ശിവദാസന്‍ എംപി
സംഘപരിവാര്‍ ആക്രമണത്തില്‍ ഐഷ സുല്‍ത്താനക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യസഭാ എംപിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ. വി ശിവദാസന്‍. ഐഷ സുല്‍ത്താനയല്ല, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേലാണ് രാജ്യദ്രോഹിയെന്ന് വി ശിവദാസന്‍ പറഞ്ഞു. ഐഷാ സുല്‍ത്താനയുടെ ബയോവെപ്പണ്‍ പ്രയോഗത്തിനെതിരെ സംഘപരിവാര്‍ ആക്രമണം നടക്കുന്നതിനിടെയാണ് എംപി പിന്തുണയറിയിച്ചെത്തിയത്. ഒരു ജനതയുടെ സ്വാതന്ത്യത്തിനായി പോരാടുന്നതാണോ രാജ്യദ്രോഹകുറ്റമെന്നും തന്റെ രാജ്യം പൊരുതുന്നവരുടേതാണ് മറിച്ച് മുട്ടിലിഴയുന്നവരുടേതല്ലായെന്നും ശിവദാസന്‍ പ്രതികരിച്ചു. വി ശിവദാസന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം- ഐഷ സുല്‍ത്താനയല്ല, പ്രഫുല്‍ പട്ടേലാണ് രാജ്യദ്രോഹിഒരു […]
11 Jun 2021 1:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംഘപരിവാര്‍ ആക്രമണത്തില്‍ ഐഷ സുല്‍ത്താനക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യസഭാ എംപിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ. വി ശിവദാസന്‍. ഐഷ സുല്‍ത്താനയല്ല, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേലാണ് രാജ്യദ്രോഹിയെന്ന് വി ശിവദാസന്‍ പറഞ്ഞു. ഐഷാ സുല്‍ത്താനയുടെ ബയോവെപ്പണ്‍ പ്രയോഗത്തിനെതിരെ സംഘപരിവാര്‍ ആക്രമണം നടക്കുന്നതിനിടെയാണ് എംപി പിന്തുണയറിയിച്ചെത്തിയത്.
ഒരു ജനതയുടെ സ്വാതന്ത്യത്തിനായി പോരാടുന്നതാണോ രാജ്യദ്രോഹകുറ്റമെന്നും തന്റെ രാജ്യം പൊരുതുന്നവരുടേതാണ് മറിച്ച് മുട്ടിലിഴയുന്നവരുടേതല്ലായെന്നും ശിവദാസന്‍ പ്രതികരിച്ചു.
വി ശിവദാസന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം-
ഐഷ സുല്‍ത്താനയല്ല, പ്രഫുല്‍ പട്ടേലാണ് രാജ്യദ്രോഹി
ഒരു ജനതയുടെ സ്വാതന്ത്രത്തോടെ ജീവിക്കാനുള്ള അവകാശത്തിനായി ധീരമായി നിലകൊള്ളുന്നത് രാജ്യദ്രോഹമാണോ?
മണ്ണും തീരവും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് രാജ്യദ്രോഹമാണോ?
തെറ്റായ നയങ്ങളിലൂടെ ദ്വീപില്‍ മഹാമാരി പടര്‍ത്താന്‍ കാരണക്കാരായവരെ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമാണോ?
ഭക്ഷണത്തിനും സംസ്കാരത്തിനും മേലുള്ള കടന്നുകയറ്റം ചെറുക്കുന്നത് രാജ്യദ്രോഹമാണോ?
സ്വാതന്ത്രത്തിനും ജനാധിപത്യത്തിനും വേണ്ടി നിവര്‍ന്നു നില്‍ക്കുന്നത് രാജ്യദ്രോഹമാണോ?
ആവര്‍ത്തിക്കുന്നു,
ഒരു കോവിഡ് കേസ് പോലും ഇല്ലാതിരുന്ന ലക്ഷദ്വീപില്‍ കോവിഡ് അതിതീവ്രമായി പടരാന്‍ കാരണക്കാരനായ ഒരു ഭരണാധികാരിയെ വിമര്‍ശിച്ചു എന്നതാണ് ഐഷ ചെയ്ത കുറ്റം. ആ കുറ്റത്തിന്റെ കൂടെ മാത്രമേ രാജ്യസ്നേഹമുള്ളവര്‍ക്ക് നില്ക്കാന് സാധിക്കുകയുള്ളൂ. ക്രിമിനല്‍ വിചാരണ ചെയ്യപ്പെടേണ്ട കുറ്റവാളി ദ്വീപിനെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററാണ്.
എന്റെ രാജ്യം സ്വാതന്ത്രത്തിന്റേതാണ്, അടിമത്തത്തിന്റേതല്ല
എന്റെ രാജ്യം ജനങ്ങളുടേതാണ്, പരമാധികാരികളുടേതല്ല
എന്റെ രാജ്യം സ്നേഹിക്കുന്നവരുടേതാണ്, വെറുപ്പിന്റെ വ്യാപാരികളുടേതല്ല
എന്റെ രാജ്യം പൊരുതുന്നവരുടേതാണ്, മുട്ടിലിഴയുന്നവരുടേതല്ല
ഐഷ സുല്‍ത്താനയ്ക്കും
പൊരുതുന്ന ലക്ഷദ്വീപിനും
ഐക്യദാര്‍ഢ്യം
മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ഐഷ സുല്‍ത്താന്‍ ബയോവെപ്പണ്‍ എന്ന പ്രയോഗം നടത്തിയത്. ലക്ഷ്യദ്വീപില്‍ ജൈവായുധ പ്രയോഗം നടത്തിയെന്നായിരുന്നു ഐഷ പറഞ്ഞത്. പിന്നാലെ സംഘപരിവാര്‍ അനൂകൂലികള്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ഐഷക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കവരത്തി പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
വിഷയത്തില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഐഷക്ക് പിന്തുണയറിച്ചിട്ടുണ്ട്. ബയോവെപ്പണ്‍’ പ്രയോഗത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയും വീഡിയോയിലൂടെയും വളരെ വ്യക്തമായ വിശദീകരണമാണ് ഐഷ സുല്‍ത്താന നല്‍കിയത്. താന്‍ രാജ്യത്തിനോ, ഇന്ത്യന്‍ സര്‍ക്കാരിനോ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനോ എതിരായി അല്ല ആ വാക്ക് ഉപയോഗിച്ചതെന്നും വളരെ വ്യക്തമായി പറഞ്ഞതാണ്. ആ സ്ഥിതിക്ക് പിന്നെ അതിന്റെ മേലൊരു കേസിന് പ്രസക്തിയില്ല. രാജ്യദ്രോഹകുറ്റം ചുമത്താന്‍ രാജ്യത്തിനെതിരായി സംസാരിക്കണം. അത് ചെയ്തിട്ടില്ല എന്ന് ഐഷ സുല്‍ത്താന തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നിയമനടപടികളുമായി മുന്നോട്ടുപോകുന്നതില്‍ അടക്കം ആവശ്യമുള്ള എല്ലാ പിന്തുണയും കൊടുക്കുക എന്നത് എംപിയെന്ന നിലയില്‍ എന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്വമാണ്. താന്‍ അതുചെയ്യുമെന്നും മുഹമ്മദ് ഫൈസല്‍ എംപി വ്യക്തമാക്കി.
- TAGS:
- Aisha Sultana
- V Sivadasan