‘ട്വിറ്ററിന്റെ ഇരട്ടത്താപ്പ് നടക്കില്ല, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടുത്തെ നിയമങ്ങള്‍ പാലിക്കണം’; മുന്നറിയിപ്പുമായി സഭയില്‍ രവിശങ്കര്‍ പ്രസാദ്
ട്വിറ്റര്‍ ഈ ഇരട്ടത്താപ്പ് സമീപനം അവസാനിപ്പിക്കണമെന്നും ഇവിടുത്തെ ഭരണഘടനയ്ക്ക് അനുസൃതമായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയിലും അമേരിക്കയിലും ട്വിറ്റര്‍ സ്വീകരിക്കുന്നത് രണ്ട് നിലപാടാണെന്ന വിമര്‍ശനവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. അമേരിക്കയിലെ ക്യാപിറ്റോള്‍ അക്രമവും ഇന്ത്യയിലെ കര്‍ഷകസമരവും തമ്മില്‍ താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു രാജ്യസഭയില്‍ രവിശങ്കര്‍ പ്രസാദിന്റെ വിമര്‍ശനം. ക്യാപിറ്റോള്‍ അക്രമത്തിന്റ കാലത്ത് അക്രമത്തെ തടയാന്‍ പൊലീസിനെ പിന്തുണച്ച ട്വിറ്റര്‍ പക്ഷേ രാജ്യത്ത് കര്‍ഷകസമരം നടക്കുമ്പോള്‍ അക്രമത്തെ തടയാന്‍ ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ട്വിറ്റര്‍ ഈ ഇരട്ടത്താപ്പ് സമീപനം അവസാനിപ്പിക്കണമെന്നും ഇവിടുത്തെ ഭരണഘടനയ്ക്ക് അനുസൃതമായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
‘നിരവധി സോഷ്യല്‍ മീഡിയ കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ഇന്ത്യക്കാരായ നിരവധി അംഗങ്ങള്‍ ഉണ്ടെന്നതും അവര്‍ ഇവിടുന്ന് ധാരളം വരുമാനമുണ്ടാക്കുന്നതും ഞങ്ങള്‍ കാണുന്നു. അതിനെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. അവര്‍ ചെയ്യുന്ന ബിസിനസില്‍ എതിര്‍പ്പില്ല. പക്ഷേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇവിടുത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. ഇവിടുത്തെ ഭരണഘടനയെ മാനിക്കാതെ അവര്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കും. അത് ട്വിറ്ററായാലും ഫേസ്ബുക്ക് ആയാലും വാട്ട്‌സ്ആപ്പ് ആയാലും ലിന്‍ക്ഡ്ഇന്‍ ആയാലും മാറ്റമില്ല’. രവിശങ്കര്‍ പ്രസാദിന്റെ വാക്കുകള്‍ ഇങ്ങനെ.
കര്‍ഷക പ്രക്ഷോഭത്തെ ആളിക്കത്തിക്കാന്‍ ട്വിറ്ററില്‍ നിരവധി വ്യാജഅക്കൗണ്ടുകളുണ്ടെന്ന സര്‍ക്കാരിന്റെ ആരോപണത്തെ തുടര്‍ന്ന് ട്വിറ്റര്‍ 250ഓളം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു.അക്കൗണ്ടുകള്‍ ഉടനടി നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമ വിഭാഗവും ട്വിറ്ററിനെ സമീപിച്ചിരുന്നു.