Top

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം: ഗവര്‍ണ്ണറും കൈയ്യൊഴിഞ്ഞതില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും താന്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചെന്നും തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് താന്‍ വിശ്വസിക്കുന്നതായും ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അറിയിച്ചിരുന്നു.

5 Feb 2021 4:34 AM GMT

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം: ഗവര്‍ണ്ണറും കൈയ്യൊഴിഞ്ഞതില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം
X

രാജീവ് ഗാന്ധി വധക്കേസില്‍ മൂന്ന് പതിറ്റാണ്ടുകാലമായി ജയില്‍ശിക്ഷ അനുഭവിക്കുന്ന പ്രതികളുടെ മോചനം ആവശ്യപ്പെടുന്ന തമിഴ്‌നാട് മന്ത്രിസഭാപ്രമേയം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കുവിട്ടു. പ്രതികളുടെ മോചനം ഇനിയും വൈകുമെന്നതിനാല്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഗവര്‍ണറുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രാജ്ഭവന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും താന്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചെന്നും തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് താന്‍ വിശ്വസിക്കുന്നതായും ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അറിയിച്ചിരുന്നു. എന്നാല്‍ ഗവര്‍ണറുടെ ഈ നീക്കത്തിനെതിരെ പ്രതികളുടെ കുടുംബം കോടതിയെ സമീപിച്ചു. മന്ത്രിസഭാ തീരുമാനം പരിഗണിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നായിരുന്നു മുന്‍ ജസ്റ്റിസ് കെടി തോമസിന്റെ അഭിപ്രായം.

മോചനം ആവശ്യപ്പെട്ട് കേസിലെ പ്രതികളിലൊരാളായ പേരറിവാളന്‍ സമര്‍പ്പിച്ച ഹര്‍ജി അടിത്തയാഴ്ച്ച സുപ്രിംകോടതി വീണ്ടും പരിഗണിക്കാനിരിക്കെയായിരുന്നു ഗവര്‍ണറുടെ നീക്കം. തീരുമാനമെടുക്കാനുള്ള അധികാരം ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്ക് വിട്ടുനല്‍കിയതോടെ പ്രതികളുടെ മോചനം വീണ്ടും വൈകുമെന്ന് ഉറപ്പായി. 1991ലെ രാജീവ്ഗാന്ധിവധക്കേസിലെ പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് 2018ലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയത്.

പേരറിവാളന്റെ മോചനവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിളശോധിച്ചശേഷം സുപ്രിംകോടതി നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ മന്ത്രിസഭാപ്രമേയത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മൂന്ന് പതിറ്റാണ്ടായി ജയില്‍ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയ്ക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ. പേരറിവാളന്‍, നളിനി, മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നീ ഏഴുപേരാണ് കേസിലെ പ്രതികള്‍. ഇവരുടെ വധശിക്ഷ പിന്നീട് ജീവപര്യന്തമായി കോടതി ഇളവുചെയ്തുനല്‍കുകയായിരുന്നു.

Next Story