‘രാഷ്ട്രീയം വിടുകയാണെന്ന കുറിപ്പ് വ്യാജം’; ആരോഗ്യപ്രശ്നങ്ങളുണ്ടെന്നത് ശരിയെന്ന് രജനികാന്ത്
കുറിപ്പില്‍ പറയുന്നതുപോലെ തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നത് വാസ്തവമാണെന്നും രാഷ്ട്രീയരംഗത്തുനിന്ന് പിന്മാറുന്നകാര്യം ഫാന്‍സ് അസോസിയേഷനുമായി ചര്‍ച്ചശേഷം അറിയിക്കാമെന്നും രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.

ആരോഗ്യപ്രശ്നങ്ങള്‍ മൂലം താന്‍ രാഷ്ട്രീയം വിടുകയാണെന്ന പ്രചരണം വ്യാജമെന്ന് തമിഴ് സൂപ്പര്‍താരം രജനാകാന്ത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ രാഷ്ട്രീയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണെന്നും പറയുന്ന ഒരു കുറിപ്പ് രജനീകാന്തിന്റേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വാര്‍ത്തതള്ളി രജനീകാന്ത് നേരിട്ടെത്തിയത്. കുറിപ്പില്‍ പറയുന്നതുപോലെ തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നത് വാസ്തവമാണെന്നും രാഷ്ട്രീയരംഗത്തുനിന്ന് പിന്മാറുന്നകാര്യം ഫാന്‍സ് അസോസിയേഷനുമായി ചര്‍ച്ചശേഷം അറിയിക്കാമെന്നും രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.
രജനീകാന്ത്് നവംബര്‍ മാസത്തില്‍ പാര്‍ട്ടിപ്രഖ്യാപനം നടത്തുമെന്ന് വാര്‍ത്തകള്‍ വന്നതിനുപിന്നാലെയാണ് ഉറവിടമറിയാത്ത വ്യാജവാര്‍ത്തകള്‍ പ്രചരിച്ചുതുടങ്ങിയത്. രജനീകാന്ത് രാഷ്ട്രീയരംഗത്തുനിന്ന് പിന്മാറുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.
‘എന്റേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു കത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. അത് എന്റെ പ്രസ്താവനയായിരുന്നില്ല. എന്നിരിക്കിലും എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കത്തില്പ്പറയുന്ന കാര്യങ്ങള്‍ വാസ്തവമാണ്. രാഷ്ട്രീയപ്രവേശം സംബന്ധിച്ച കാര്യങ്ങള്‍ രജനി മക്കള്‍ മന്‍ഡ്രവുമായി ആലോചിച്ചശേഷം ശരിയായ സമയത്ത് ഞാന്‍ പ്രഖ്യാപിക്കും’. രജനീകാന്തിന്റെ ട്വിറ്ററിലൂടെയുള്ള വിശദീകരണം ഇങ്ങനെ.
കൊവിഡ് വാക്സിന് എത്തുന്നതിനുമുന്പ് രാഷ്ട്രീയത്തിലിറങ്ങുന്നത് അത്ര നല്ല തീരുമാനമായിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ താരത്തെ ഉപദേശിച്ചുവെന്നായിരുന്നു രജനീകാന്തിന്റേതായി പ്രചരിക്കുന്ന കത്തിന്റെ ഉള്ളടക്കം. സ്വന്തം കാര്യത്തെക്കുറിച്ചോര്ത്തല്ല ഭയമെന്നും തന്നെ സംബന്ധിച്ച് ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്ന് താരം പറഞ്ഞതായും കത്തിലുണ്ടായിരുന്നു.