‘ചെറുപ്പക്കാരനല്ലേ, വീര്യത്തോടെ സംസാരിക്കുമ്പോള്‍ നാക്കു പിഴയൊക്കെയുണ്ടാവും’ ; സുരേന്ദ്രന്‍ ട്രോള്‍ കൊണ്ടു വളര്‍ന്നയാളെന്ന് രാജസേനന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ട്രോളുകള്‍ ഉപകാരപ്രദമാണെന്ന് സിനിമാ സംവിധായകനായ രാജസേനന്‍. വലിയ ആളുകളെയാണ് ട്രോള്‍ ചെയ്യുക, സാധാരണക്കാരെ ആരും ട്രോള്‍ ചെയ്യില്ലെന്നും രാജസേനന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.

രാജസേനന്റെ വാക്കുകള്‍,

ട്രോള്‍ ചെയ്യുക എന്ന് പറയുന്നത് അത്ര കുറ്റകരമായ ഒരു കൃത്യമല്ല. ഒരു കലാകാരനായാലും രാഷ്ട്രീയക്കാരനായാലും ട്രോള്‍ ചെയ്ത് ബൂസ്റ്റ് അപ്പ്് ആവുന്നത് നല്ല കാര്യം തന്നെയാണ്. നമ്മുടെ നാവില്‍ വരുന്ന പിഴവുകളായാലും ശരി, പോസിറ്റീവ് ആയാലും ശരി ട്രോളില്‍ വരിക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. ഒരു സാധാരണക്കാരനെ ആരും ട്രോള്‍ ചെയ്യുകയുമില്ല. കെ സുരേന്ദ്രനെ ട്രോള്‍ ചെയ്യുന്നു എന്ന് പറയുന്നത് കെ സുരേന്ദ്രന്റെ വലുപ്പം തന്നെയാണ്. സുരേന്ദ്രനെ ട്രോളുന്നത് കാണാന്‍ ആളുള്ളത് കൊണ്ടാണ്. അല്ലാതെ ഏതെങ്കിലും ആളെയല്ല ട്രോള്‍ ചെയ്യുന്നത്.

ഇ ശ്രീധരനെ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രിയായി സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചിട്ടില്ല. താല്‍പര്യം പ്രകടിപ്പിക്കുകയാണ് ചെയ്തത്. അത് നാക്കു പിഴയാണെന്ന് പറയാനാവില്ലെന്നും രാജസേനന്‍ പറഞ്ഞു.

‘അത്ര പ്രായമുള്ളയാളൊന്നുമല്ലല്ലോ. ചെറുപ്പക്കാരനല്ലേ. അപ്പോള്‍ വീര്യത്തോടെ സംസാരിക്കുമ്പോള്‍ ചെറിയ നാക്കു പിഴയൊക്കെയുണ്ടാവും. പിഴവ് കിട്ടിയില്ലെങ്കില്‍ ട്രോളുകാര്‍ പിന്നെ എന്തു ചെയ്യും. ട്രോള്‍ കൊണ്ട് ഒരു രാഷ്ട്രീയ നേതാവ് വളരുന്നതിന്റെ തെളിവുകൂടിയാണ് കെ സുരേന്ദ്രന്‍,’ രാജസേനന്‍ പറഞ്ഞു.

Covid 19 updates

Latest News