Top

രാഷ്ട്രീയത്തിലേക്കില്ലെന്ന് വീണ്ടും പറഞ്ഞ് രജനീകാന്ത്; രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു

നിലവിലെ സാഹചര്യത്തില്‍ താന്‍ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നും എന്തായാലും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും രജനീകാന്ത് മാധ്യമങ്ങളെ അറിയിച്ചു.

12 July 2021 1:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഷ്ട്രീയത്തിലേക്കില്ലെന്ന് വീണ്ടും പറഞ്ഞ് രജനീകാന്ത്; രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു
X

തമിഴ്‌നാട്ടില്‍ ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. തീരുമാനത്തിന് പിന്നാലെ രജനി മക്കള്‍ മന്‍ട്രം എന്ന സംഘടന താരം പിരിച്ചുവിട്ടു. ഇനി തന്റെ സിനിമാ ആരാധകരുടെ കൂട്ടായ്മയായി മാത്രമാകും സംഘടന പ്രവര്‍ത്തിക്കുകയെന്നും രജനീ കാന്ത് വ്യക്തമാക്കി. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ആലോചിച്ചുവരുന്നതായി താരം എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ താന്‍ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നും എന്തായാലും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും രജനീകാന്ത് മാധ്യമങ്ങളെ അറിയിച്ചു.

രജനി മക്കള്‍ മണ്ഡ്രം നേതാക്കളുമായി ഇന്ന് തന്നെ പല സുപ്രധാന ചര്‍ച്ചകളും നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് ഒടുവില്‍ രജനീകാന്ത് തീരുമാനിച്ചത്.തന്റെ ആരാധകരും തമിഴ്‌നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാവിയെക്കുറിച്ച് നിരന്തരം അന്വേഷിക്കാറുണ്ടെന്ന് രജനികാന്ത് പറയുന്നു. ഈ പശ്ചാത്തലത്തിലാണ് തന്റെ സംഘടന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് രജനി അറിയിച്ചിരുന്നത്.

കൊവിഡ് വ്യാപന ഭീതിയും ആരോഗ്യപ്രശ്‌നങ്ങളും ഷൂട്ടിംഗ് തിരക്കുകളും കാരണമാണ് തനിക്ക് ഇതുവരെ ചര്‍ച്ച നടത്താന്‍ സാധിക്കാതിരുന്നതെന്നും രജനീകാന്ത് മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞിരുന്നു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വിശദീകരിച്ചായിരുന്നു ഡിസംബര്‍ 29ന് രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്നും പിന്മാറിയത്. വാക്ക് പാലിക്കാനാകാത്തതില്‍ കടുത്ത വേദനയുണ്ടെന്നും വൃക്ക സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പിന്മാറുന്നുവെന്നും താരം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. രജനീകാന്തിന്റെ ഇന്നത്തെ തീരുമാനം കൊങ്കുനാടില്‍ കലങ്ങിമറിഞ്ഞ തമിഴകത്തെ രാഷ്ട്രീയത്തില്‍ അതീവ നിര്‍ണ്ണായകമാകും.

Next Story