Top

രജനി തിരുമ്പി വന്തിടുവേന്‍ ഡാ; രാഷ്ട്രീയ പ്രവര്‍ത്തനം തുടരുമെന്ന് സൂചിപ്പിച്ച് സൂപ്പര്‍ സ്റ്റാര്‍

രജനി മക്കള്‍ മണ്ഡ്രം നേതാക്കളുമായി ഇന്ന് തന്നെ പല സുപ്രധാന ചര്‍ച്ചകളും നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

12 July 2021 12:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രജനി തിരുമ്പി വന്തിടുവേന്‍ ഡാ; രാഷ്ട്രീയ പ്രവര്‍ത്തനം തുടരുമെന്ന് സൂചിപ്പിച്ച് സൂപ്പര്‍ സ്റ്റാര്‍
X

തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് മടങ്ങിവരുന്നതിനായി ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞെന്ന് റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടരാന്‍ ആലോചിച്ചുവരുന്നതായി താരം തന്നെയാണ് സൂചിപ്പിച്ചത്. ചര്‍ച്ചകള്‍ ആരംഭിച്ചുവെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനം ഇനിയെങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് നിലവില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് രജനികാന്തിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.

തന്റെ ആരാധകരും തമിഴ്‌നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാവിയെക്കുറിച്ച് നിരന്തരം അന്വേഷിക്കാറുണ്ടെന്ന് രജനികാന്ത് പറയുന്നു. ഈ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ തന്റെ സംഘടന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്ന തീരുമാനം മാധ്യമങ്ങളെ അറിയിക്കുമെന്നാണ് രജനീകാന്ത് ഇന്ന് പറഞ്ഞത്.

രജനി മക്കള്‍ മണ്ഡ്രം നേതാക്കളുമായി ഇന്ന് തന്നെ പല സുപ്രധാന ചര്‍ച്ചകളും നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് വ്യാപന ഭീതിയും ആരോഗ്യപ്രശ്‌നങ്ങളും ഷൂട്ടിംഗ് തിരക്കുകളും കാരണമാണ് തനിക്ക് ഇതുവരെ ചര്‍ച്ച നടത്താന്‍ സാധിക്കാതിരുന്നതെന്നും രജനീകാന്ത് മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു.

തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വിശദീകരിച്ചായിരുന്നു ഡിസംബര്‍ 29ന് രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്നും പിന്മാറിയത്. വാക്ക് പാലിക്കാനാകാത്തതില്‍ കടുത്ത വേദനയുണ്ടെന്നും വൃക്ക സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പിന്മാറുന്നുവെന്നും താരം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. രജനീകാന്തിന്റെ ഇന്നത്തെ തീരുമാനം കൊങ്കുനാടില്‍ കലങ്ങിമറിഞ്ഞ തമിഴകത്തെ രാഷ്ട്രീയത്തില്‍ അതീവ നിര്‍ണ്ണായകമാകും.

Next Story