ആറാട്ട് ടീസർ ബിജിഎം ഫാൻ മേഡ് പോലയാണെന് പ്രേക്ഷകൻ; ട്വിസ്റ്റുണ്ടെന്ന് രാഹുൽ രാജ്

മോഹൻലാൽ നായകനായെത്തുന്ന ആറാട്ടിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ടീസർ ഇതിനകം മൂന്ന് മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. മോഹൻലാലിന്റെ അഴിഞ്ഞാട്ടം ടീസറിലേത് എന്നാണ് പ്രേക്ഷക പ്രതികരണം. ടീസറിലെ ബിജിഎമ്മിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ടീസർ ബിജിഎമ്മിനെ കുറിച്ചുളള ഒരു പ്രേക്ഷകന്റെ കമന്റിന് രസകരമായ മറുപടി നൽകിയിരിക്കുകയാണ് സംഗീത സംവിധായകൻ രാഹുൽ രാജ്.

ടീസർ ഒരു മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള രാഹുൽ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് ഒരു വ്യക്തി ബിജിഎമ്മിനെ കുറിച്ച് കമന്റുമായി എത്തിയത്. ‘ടീസർ ബിജിഎം രാഹുലേട്ടൻ അല്ലെന്ന് കേട്ടപ്പോൾ സന്തോഷം. ഫാൻസ്‌ ഇറക്കുന്ന ഫാൻ മേഡ് ബിജിഎം പോലാണ്. പടത്തിൽ മിന്നിച്ചേക്കണം’, എന്നായിരുന്നു കമന്റ്. ഉടൻ തന്നെ കമന്റിന് മറുപടിയുമായി രാഹുൽ രാജും എത്തി. ‘ബിജിഎം ഫാൻ മേഡ് തന്നെ. പക്ഷേ ആ ഫാൻ ഞാൻ ആണെന്നുള്ളതാ ഇതിലെ ട്വിസ്റ്റ്‘, രാഹുൽ രാജിന്റെ മറുപടി.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആരാധകര്‍ക്ക് വിഷു സമ്മാനമായി ടീസര്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ മാസ്സ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രം എന്ന് ഉറപ്പ് നല്‍കുന്നതാണ് ടീസര്‍. മുണ്ടും മടക്കി കുത്തി തോളും ചെരിച്ച് മോഹന്‍ലാലിന്റെ ആക്ഷന്‍, മാസ്സ് രംഗങ്ങള്‍ അടങ്ങിയ തകര്‍പ്പന്‍ പ്രകടനമാണ് ടീസറില്‍ ഉള്ളത്. അതിനൊപ്പം തന്നെ തലയുടെ വിളയാട്ടം എന്ന ബിജിഎമ്മും കൂടെ ചേരുമ്പോള്‍ ചിത്രം ആരാധകര്‍ക്ക് ആഘോഷത്തിനുള്ള വകുപ്പ് തന്നെ ആയിരിക്കുമെന്ന് ഉറപ്പ്.

Also Read: https://www.reporterlive.com/music-director-rahul-raj-talks-with-reporter-live-on-his-new-movie-the-priest/54501/

കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ് ആറാട്ട്. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ‘ആറാട്ടെന്ന്’ ബി ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്.

വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്. രാഹുല്‍ രാജ് സംഗീതം നല്‍കും. ജോസഫ് നെല്ലിക്കല്‍ കലാ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറാണ്.

ശ്രദ്ധ ശ്രീനാഥാണ് ‘ആറാട്ടില്‍’ മോഹന്‍ലാലിന്റെ നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. പലക്കാടിന് പുറമെ ഹൈദ്രബാദാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.

Also Read:https://www.reporterlive.com/shankar-reply-to-aascar-ramachandran-on-anniyan-issue/92247/

Covid 19 updates

Latest News