‘ഇതിഹാസം നിങ്ങളിലേക്ക് എത്താന്‍ 40 ദിനങ്ങള്‍’; മരക്കാര്‍ ഇന്ത്യന്‍ സിനിമയിലെ മികച്ചതെന്ന് ഉറപ്പ് നല്‍കി രാഹുല്‍ രാജ്

മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രം തന്റെ ജീവിതത്തില്‍ തന്നെ ചെയ്തതില്‍ വെച്ച് ഏറ്റവും വലിയ വര്‍ക്ക് ആണെന്ന് സംഗീത സംവിധായകന്‍ രാഹുല്‍ രാജ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ ക്രാഫ്റ്റ് ചെയ്യപ്പെട്ട ചിത്രമാണ് മരക്കാരെന്നും രാഹുല്‍ രാജ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.

ദേശിയ പുരസ്‌കാരം ലഭിച്ച ഇതിഹാസം നിങ്ങളിലേക്ക് എത്താന്‍ ഇനി 40 ദിനങ്ങള്‍. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വര്‍ക്ക്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ ക്രാഫ്റ്റ് ചെയ്യപ്പെട്ട ചിത്രം.

രാഹുല്‍ രാജ്

നേരത്തെ മരക്കാറിനെ ഹോളിവുഡ് ചിത്രങ്ങളോടാണ് താരതമ്യപ്പെടുത്തേണ്ടത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ‘എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍, പ്രിയന്‍ സാറിന്റെ മരക്കാറിലെ ക്രാഫ്റ്റ്മാന്‍ഷിപ്പ് താരതമ്യം ചെയ്യേണ്ടത് ബാഹുബലിയോടൊന്നുമല്ല. ബാഹുബലി മോശം എന്നല്ല അതിനര്‍ത്ഥം. എങ്കിലും, എന്നോട് ചോദിച്ചാല്‍, അതിന് അനുയോജ്യമായ താരതമ്യം എനിക്കേറ്റവും ഇഷ്ടപെട്ട ചില ഹോളിവുഡ് സംവിധായകരുടെ പീരീഡ് എപ്പിക്ക്‌സ് ആയിട്ടാണ്. നിങ്ങളാരും സിനിമ കാണാത്തത് കൊണ്ടാണ് ബാഹുബലിയുമായുള്ള ഈ താരതമ്യം വരുന്നതെന്നറിയാം. എങ്കിലും, മരക്കാര്‍ കാണാത്ത ഏതൊരു സിനിമാപ്രേമിക്കും ഒരു കാര്യം ആലോചിച്ചാല്‍ മാത്രം മതിയാവും. 1996ല്‍ കാലാപാനി ക്രാഫ്റ്റ് ചെയ്ത മാന്ത്രികനാണ് മരക്കാറും ചെയ്തിരിക്കുന്നത്’, രാഹുല്‍ രാജിന്റെ വാക്കുകള്‍ ഇങ്ങനെ.

#40Days for this National Award-winning epic to open in cinemas near you!My biggest scoring assignment till date. The best-crafted motion picture in Indian cinema.#PriyanSir #Lalettan 😍😍😍

Posted by Rahul Raj on Saturday, April 3, 2021

മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മെയ് 13നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Covid 19 updates

Latest News