Top

‘ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് അഥവാ പ്രാഞ്ചി ഡോക്ടറേറ്റ്’; പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വിവാദത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പത്താം ക്ലാസ് പാസ്സാകാതെ സ്വപ്ന സുരേഷിന് ഐ ടി വകുപ്പിന്റെ തലപ്പത്തെത്തിയതിന്റെ ഖ്യാതി മാറും മുമ്പാണ് ഷാഹിദ കമാല്‍ വിഷയം ചര്‍ച്ചയായിരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ജോസഫൈനെ സഹായിച്ചതുകൊണ്ടാണോ അവര്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നും അദ്ദേഹം പരിഹസിച്ചു. ഷാഹിദ കമാലിന്റെ ഡോക്ടറേറ്റിനെ പ്രാഞ്ചി ഡോക്ടറേറ്റ് എന്നു പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം. ചില അവകാശവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യൂത്ത് കോണ്‍ഗ്രസ് […]

27 Jun 2021 10:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് അഥവാ പ്രാഞ്ചി ഡോക്ടറേറ്റ്’; പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
X

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വിവാദത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പത്താം ക്ലാസ് പാസ്സാകാതെ സ്വപ്ന സുരേഷിന് ഐ ടി വകുപ്പിന്റെ തലപ്പത്തെത്തിയതിന്റെ ഖ്യാതി മാറും മുമ്പാണ് ഷാഹിദ കമാല്‍ വിഷയം ചര്‍ച്ചയായിരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ജോസഫൈനെ സഹായിച്ചതുകൊണ്ടാണോ അവര്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.

ഷാഹിദ കമാലിന്റെ ഡോക്ടറേറ്റിനെ പ്രാഞ്ചി ഡോക്ടറേറ്റ് എന്നു പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം. ചില അവകാശവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് അഥവാ പ്രാഞ്ചി ഡോക്ടറേറ്റ്

വിജ്ഞാനോൽപാദനവും സംവാദാത്മകവുമായ ഇടങ്ങളാണ് യൂണിവേഴ്സിറ്റികളെന്നതാണ് വിവക്ഷ. നമ്മുടെ സംസ്ഥാനത്തും ഇന്ത്യയിലും യൂനിവേഴ്സിറ്റികൾ പൊതുവെ യു.ജി, പി ജി ബിരുദങ്ങൾ നൽകുന്നവയും അത് പോലെ ഗവേഷണ കേന്ദ്രങ്ങളുമാണുള്ളത്. ടെക്നിക്കൽ, കൃഷി, സയൻസ്, സംസ്കാരം, ഭാഷ തുടങ്ങിയവയിലധിഷ്ഠിതമായ ഗവേഷണ കേന്ദ്രങ്ങളും സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളുമുണ്ട്. ഇത് കൂടാതെ സ്വകാര്യ മേഖലയിൽ ഡീംഡ് യൂനിവേഴ്സിറ്റികളും പ്രവർത്തിക്കുന്നുണ്ട് എന്നാൽ എല്ലാ സർവ്വകലാശാലയും യു.ജി.സി മാനദണ്ഡ പ്രകാരമാണ് പ്രവർത്തിക്കുന്നത്.

ഈ യൂണിവേഴ്സിറ്റികൾ ഗവേഷണ ബിരുദത്തിന് പുറമേ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരും അവർ രാഷ്ട്രത്തിനും സമൂഹത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചുമാണ് നൽകിയിട്ടുള്ളത്. കാലിക്കറ്റ് സർവ്വകലാശാല കൊടുത്തിട്ടുള്ള ഡി.ലിറ്റ് ബിരുദത്തിന് അർഹരായിട്ടുള്ള ഏതാനും പേരുകൾ പറയാം, അപ്പോഴറിയാം അതിന്റെ യോഗ്യത എന്തായിരിക്കുമെന്ന് വൈക്കം മുഹമ്മദ് ബഷീർ, സച്ചിൻ ടെണ്ടുൽക്കർ, മമ്മൂട്ടി, മോഹൻലാൽ, യു.എ.ഇ ഭരണാധികാരി ശൈഖ് സായിദ്… ഈ ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ ആർക്കെങ്കിലും അതിനർഹതയില്ല എന്ന് നിങ്ങൾ പറയുമോയെന്നറിയില്ല…

ഷാഹിദ കമാലിന്റെ അവകാശവാദം ശരിവെക്കുകയാണെങ്കിൽ 3 വസ്തുതകൾ ചൂണ്ടിക്കാണിക്കുവാനുണ്ട്..

1. ഷാഹിദാ കമാലിൻ്റെ അവകാശവാദപ്രകാരമാണെങ്കിൽ അവർ ഡി.ലിറ്റ് നേടിയിരിക്കുന്നത് ഇൻ്റർനാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ്, എന്നാൽ അവർ ബിരുദം വാങ്ങി നിൽക്കുന്ന ചിത്രത്തിലെ ഫയലിൻ്റെ മുദ്ര ശ്രദ്ധിച്ചാൽ ആ യൂണിവേഴ്‌സിറ്റി The Open International University for Complementary Medicines എന്ന ശ്രീലങ്ക കേന്ദ്രമായുള്ള സ്ഥാപനമാണെന്ന് മനസിലാക്കാം, ഇതേ പേരിൽ തമിഴ്നാട്ടിലെ ത്രിച്ചിയിൽ ഒരു തട്ടിക്കൂട്ട് സ്ഥാപനവുമുണ്ട്, ഒരു വർഷം മുൻപ് അവിടത്തെ വി.സി എന്ന് സ്വയം അവകാശപ്പെടുന്ന വ്യക്തിയെ പോലീസ് പിടിച്ചിട്ടുമുണ്ട്. അപ്പോൾ ബിരുദം തമിഴ്നാടാണോ?അതോ ശ്രീലങ്കയോ?

2. ഷാഹിദ കമാൽ 2018 ൽ ഫേസ്ബുക്ക് വഴി സ്വയം വെളിപ്പെടുത്തിയത് അവർക്ക് Social commitment & Empowerment of Women എന്ന വിഭാഗത്തിലാണ് “PhD” എന്നാണ്, പിന്നീട് വിവാദമായപ്പോൾ അത് ഡി.ലിറ്റ് എന്ന് തിരുത്തി, P.hD ഒരു അംഗീകൃത ഗൈഡിന്റെ കീഴിൽ കഠിനമായ ഗവേഷണ മുറകളിലൂടെ കടന്ന് പോകുന്ന ഒരു പ്രക്രിയയും ഡി.ലിറ്റ് ഏതെങ്കിലും മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്ക് യൂണിവേഴ്‌സിറ്റി വച്ചുവാഴിച്ചു നൽകുന്നതാണ്, അതിനാകട്ടെ ഒരു പാട് കടമ്പകളുമുണ്ട്, ഒരാൾക്ക് ഡി.ലിറ്റ് അനുവദിക്കണമെങ്കിൽ ആ യൂണിവേഴ്‌സിറ്റിയുടെ Subject Expert Committee അംഗീകരിക്കണം, പിന്നീട് ഈ തീരുമാനം Academic Council, പിന്നീട് സർവകലാശാലയുടെ ഉന്നതാധികാര സമിതിയായ Executive Council, Senate, Syndicate ഇവയിലേതെങ്കിലും സമിതി അംഗീകാരം നൽകണം, അതുകഴിഞ്ഞാൽ ഡി.ലിറ്റ് ഔദ്യോഗികമായി അനുവദിക്കും മാത്രവുമല്ല അപൂർവ്വം പേർക്ക് മാത്രമേ ഡി.ലിറ്റ് അനുവദിക്കാറുമുള്ളൂ, ഇനി ഡി.ലിറ്റ് അല്ല Ph.D ആണെങ്കിൽ അവരുടെ ഗൈഡിൻ്റെ പേര് വെളിപ്പെടുത്തട്ടെ, ഒപ്പം മേൽപറഞ്ഞ വിഷയത്തിൽ എങ്ങനെയാണ് ഒരു മെഡിക്കൽ യൂണിവേഴ്‌സിറ്റി എന്ന് സ്വയം അവകാശപ്പെടുന്ന സ്ഥാപനത്തിൽ നിന്നും Ph.D ലഭിക്കുക?

3. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 18 പ്രകാരം സൈനികവും അക്കാദമികവുമായ സ്ഥാനപ്പേരുകൾ ഒഴികെ മറ്റെല്ലാ സ്ഥാനപ്പേരുകളും നിർത്തിയതാണ്, അങ്ങനെയെങ്കിൽ നടപടിക്രമങ്ങൾ പാലിച്ചു അംഗീകൃത സർവകലാശാലകൾ നൽകുന്ന ഡോക്ടറേറ്റ് സ്ഥാനപ്പേരുകൾ മാത്രമേ പേരിനൊപ്പം ചേർക്കാൻ സാധിക്കുകയുള്ളൂ, അങ്ങനെയാണെങ്കിൽ തട്ടിക്കൂട്ട് സ്ഥാപനം വഴി നേടുന്ന ഡി.ലിറ്റ് സ്ഥാനപ്പേരുകൾ ഉപയോഗിക്കാൻ പാടില്ല.

കടലാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഡി.ലിറ്റും, പി.ച്ച് ഡി യും നേടിയിട്ടുള്ളവരുടെ പട്ടിക പരിശോധിച്ചാൽ അവരെല്ലാം പ്രാഞ്ചിമാരായിരുന്നുവെന്ന് പറയേണ്ടി വരും.

പത്താം ക്ലാസ് പാസ്സാകാതെ സ്വപ്ന സുരേഷിന് ഐ ടി വകുപ്പിന്റെ തലപ്പത്ത് ജോലി നല്‍കിയതിന്റെ ഖ്യാതി മാറും മുമ്പേയാണ് ഷാഹിദ കമാലിന്റെ ഡി.ലിറ്റ് ചര്‍ച്ചയായിരിക്കുന്നത്, അവര്‍ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത് ജോസഫൈനെ സഹിച്ചതിനായിരുന്നോയെന്ന് എന്നും നിശ്ചയമില്ല… എല്ലാം മായയാകുന്ന ലോകത്ത് വനിത കമ്മിഷനംഗം ഈ ഡി.ലിറ്റ് ബിരുദത്തിന് സഹിക്കേണ്ടി വരും…

Next Story