
കൊവിഡ് മഹാമാരി മൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് 3000 രൂപവീതം ദുരിതാശ്വാസമായി നല്‍കാനൊരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. നിര്‍മ്മാണത്തൊഴിലാളികള്‍ക്കുള്ള ക്ഷേമബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഉടന്‍ പണം വിതരണം ചെയ്തുതുടങ്ങുമെന്നാണ് അമരീന്ദര്‍ സിംഗ് അറിയിക്കുന്നത്. കൂലിത്തൊഴിലാളികളാണ് കൊവിഡ് കാലത്ത് ഏറ്റവും ദുരിതമനുഭവിക്കുന്നതെന്നും അതിനാല്‍ അവര്‍ക്കായി പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞു.
ഭക്ഷ്യകിറ്റ് വിതരണത്തിനുപുറമേ 3000 രൂപ വീതം ജനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച അമരീന്ദര്‍ സിംഗാണ് റിയല്‍ ക്യാപ്റ്റനെന്ന് വാര്‍ത്ത ചൂണ്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഒരു ദിവസം ജോലിയില്ലെങ്കില്‍ പട്ടിണിയിലേക്ക് വീഴുന്ന തൊഴിലാളികളെ ചേര്‍ത്തുപിടിക്കുന്ന അമരീന്ദര്‍ സിംഗിന് രാഹുല്‍ അഭിവാദ്യമര്‍പ്പിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
റിയൽ ക്യാപ്റ്റൻ…
ഈ കോവിഡ് മഹാമാരി നമ്മുടെ ജീവനു വെല്ലുവിളി ഉയർത്തി, നമ്മുടെ ജീവിത ശൈലികളെ തന്നെ തകർത്തെറിയുമ്പോൾ നാം നേരിടുന്ന പ്രധാന പ്രശ്നമാണ് തൊഴിലില്ലായ്മ.തൊഴിലില്ലായ്മയുടെ ഏറ്റവും രൂക്ഷമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന അടിസ്ഥാന വിഭാഗമാണ്.
ഒരു ദിവസം ജോലിയില്ലെങ്കിൽ പട്ടിണിയിലേക്ക് വീഴുന്ന അത്തരം തൊഴിലാളികളെ ചേർത്ത് പിടിക്കുകയാണ് പഞ്ചാബിലെ ക്യാപ്റ്റൻ അമരീന്ദർ സിംഗിൻ്റെ സർക്കാർ.പഞ്ചാബിലെ രണ്ട് ലക്ഷത്തിതൊണ്ണൂറ്റിയോരായിരം തൊഴിലാളി കുടുംബങ്ങൾ കോവിഡ് ദുരിതാശ്വാസമായി 3000 രൂപ വീതം നല്കുവാൻ ക്യാപ്റ്റൻ്റെ സർക്കാർ തീരുമാനിച്ചു. സർക്കാർ നല്കുന്ന കിറ്റിന് പുറമേയാണിത്…അഭിവാദ്യങ്ങൾ ക്യാപ്റ്റൻ