
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ പതിനൊന്നരയ്ക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ യുഡിഎഫ് നേതാക്കള്‍ സ്വീകരിക്കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, കെപിസിസി ഉപാധ്യക്ഷന്‍ ടി സിദ്ധിക്ക്, എംപിമാരായ എം കെ രാഘവന്‍, പികെ കുഞ്ഞാലികുട്ടി, മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി വി പ്രകാശ്, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ ബിവി ശ്രീനിവാസ്, സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ തുടങ്ങിയ നേതാക്കള്‍ സ്വീകരണത്തിനായി വിമാനത്താവളത്തിലെത്തും.
ഒക്ടോബര്‍ 19, 20, 21 തീയതികളിലാണ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക സ്വീകരണ പരിപാടികളൊന്നും ഒരുക്കിയിട്ടില്ല. 11.30 യോടെ കരിപ്പൂരില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് 12.45 മുതല്‍ 1.30 വരെ മലപ്പുറം കളക്ടറേറ്റിലെ കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കും. പിന്നീട് 1.30-ന് കവളപ്പാറ ദുരന്തത്തില്‍ കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ട കാവ്യയ്ക്കും കാര്‍ത്തികയ്ക്കും നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കളക്ടറേറ്റില്‍ വച്ച് നിര്‍വ്വഹിക്കും. രണ്ട് മണിയോടെയായിരിക്കും വയനാട്ടിലേക്കുള്ള യാത്ര.
ഒക്ടോബര്‍ 20ന് രാവിലെ 10.30 മുതല്‍ 11.15 വരെ വയനാട് കളക്ടറേറ്റില്‍ നടക്കുന്ന കോവിഡ് അവലോകന യോഗത്തിലും , 11.30 മുതല്‍ 1.00 മണി വരെ ദിശ യോഗത്തിലും പങ്കെടുക്കും. ഒക്ടോബര്‍ 21-ന് ഉച്ചയ്ക്ക് 2.30 മുതല്‍ 3.15 വരെ മാനന്തവാടി ജില്ലാ ആശുപത്രി സന്ദര്‍ശിക്കും. വൈകുന്നേരം 3.20-ന് മാനന്തവാടിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്ന അദ്ദേഹം 5 മണിയോടെ ഡല്‍ഹിയിലേക്ക് തിരിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ നിവേദനങ്ങള്‍ സ്വീകരിക്കുന്നതും സന്ദര്‍ശകരെ അനുവദിക്കുന്നതും പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോേക്കാള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും.