‘ജീവിച്ചതും ശ്വസിച്ചതും പാര്‍ട്ടിക്ക് വേണ്ടി’; ‘അവസാനം വരെ പാര്‍ട്ടിക്കൊപ്പം നിന്നു’; അഹമ്മദ് പട്ടേലിനെ അനുശോചിച്ച് രാഹുലും പ്രിയങ്കയും
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി.

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ പാര്‍ട്ടിയുടെ നെടുന്തൂണായും പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ ഉയര്‍ത്തിയെടുക്കാനും പ്രധാന പങ്ക് വഹിച്ച പാര്‍ട്ടിയുടെ നയതന്ത്രജ്ഞനായിരുന്നു അഹമ്മദ് പട്ടേല്‍. അദ്ദേഹം പാര്‍ട്ടിക്കൊരു മുതല്ക്കൂട്ടായിരുന്നുവെന്നാണ് രാഹുല്‍ പ്രതികരിച്ചത്.
‘ഇന്ന് വേദനാജനകമായ ഒരു ദിവസമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നെടുന്തൂണായിരുന്നു ശ്രീ അഹമ്മദ് പട്ടേല്‍. അദ്ദേഹം ജീവിച്ചതും ശ്വസിച്ചതും കോണ്‍ഗ്രസിന് വേണ്ടിയായിരുന്നു. പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹം പാര്‍ട്ടിയുടെ ഒപ്പം നിന്നു. അദ്ദേഹം കോണ്‍ഗ്രസിന് ഒരു മുതല്‍ക്കൂട്ടായിരുന്നു’, രാഹുല്‍ ഗാന്ധി പറഞ്ഞു.
‘അഹമ്മദ് ജി ബുദ്ധിമാനും പരിചയ സമ്പന്നനുമായ ഒരു നേതാവ് മാത്രമായിരുന്നില്ല, എനിക്കൊരു ഉപദേശകന് കൂടിയായിരുന്നു. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും വിശ്വസ്തനുമായിരുന്ന അദ്ദേഹം അവസാന ശ്വാസം വരെയും പാര്‍ട്ടിയുടെ ആശ്രയമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ’, പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
ഇന്ന് പുലര്‍ച്ചെയായിരുന്നു അഹമ്മദ് പട്ടേലിന്റെ അപ്രതീക്ഷിത വിയോഗം. കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരവെയായിരുന്നു മരണം. നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ അദ്ദേഹം മൂന്നു തവണ ലോക്സഭയിലും നാല് തവണ രാജ്യസഭയിലും അംഗമായിരുന്നു. 2004, 2009 വര്‍ഷങ്ങളില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു പട്ടേല്‍. ഈ പത്ത് വര്‍ഷക്കാലവും യുപിഎ ഭരണത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
മകന് ഫൈസല്‍ പട്ടേലാണ് മരണ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വീട്ടില്‍ ചികിത്സയിലിരിക്കെ സ്ഥിതി ഗുരുതരമായതോടെ നവംബര്‍ 15 നാണ് അദ്ദേഹത്തെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.