Top

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് കേരള കോണ്‍ഗ്രസ് എം നേതാവിന്റെ സ്വന്തം കിയ; വിവാദം, വിശദീകരണം

തിരുവനന്തപുരം: കഴിഞ്ഞ തവണ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിരുദ്ധ ചേരികളിലാണ്. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ പ്രചരണത്തിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം ഇരുപാര്‍ട്ടികളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുമുണ്ട്. എന്നാല്‍, കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് രാഹുല്‍ ഗാന്ധി പ്രചരണത്തിനെത്തിയപ്പോള്‍ പത്തനംതിട്ടയില്‍ ഉപയോഗിച്ചത് കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റിന്റെ സ്വന്തം കാര്‍. രാഹുലിന്റെ റോഡ് ഷോയിലുടനീളം ഉണ്ടായിരുന്നത് ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് എന്‍എം രാജുവിന്റെ കിയയാണ്. കെഎല്‍ […]

27 March 2021 7:31 AM GMT

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് കേരള കോണ്‍ഗ്രസ് എം നേതാവിന്റെ സ്വന്തം കിയ; വിവാദം, വിശദീകരണം
X

തിരുവനന്തപുരം: കഴിഞ്ഞ തവണ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിരുദ്ധ ചേരികളിലാണ്. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ പ്രചരണത്തിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം ഇരുപാര്‍ട്ടികളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുമുണ്ട്. എന്നാല്‍, കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് രാഹുല്‍ ഗാന്ധി പ്രചരണത്തിനെത്തിയപ്പോള്‍ പത്തനംതിട്ടയില്‍ ഉപയോഗിച്ചത് കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റിന്റെ സ്വന്തം കാര്‍. രാഹുലിന്റെ റോഡ് ഷോയിലുടനീളം ഉണ്ടായിരുന്നത് ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് എന്‍എം രാജുവിന്റെ കിയയാണ്.

കെഎല്‍ 10 ബിഇ 4455 എന്ന നമ്പറിലുള്ള രാജുവിന്റെ കാറില്‍ കയറിയുള്ള രാഹുലിന്റെ റോഡ് ഷോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കോണ്‍ഗ്രസ് നേതാവിന് വാഹനം നല്‍കിയതില്‍ രാജുവിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

എന്നാല്‍, സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഡീലര്‍ എന്ന നിലയില്‍ മാത്രമാണ് വാഹനം നല്‍കിയതെന്നുമാണ് എന്‍എം രാജുവിന്റെ വിശദീകരണം.

അതേസമയം, ഇടതുപക്ഷത്തിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് രാഹുല്‍ ഗാന്ധി ഇന്ന് പത്തനംതിട്ടയില്‍ ഉയര്‍ത്തിയത്. ഇടതുപക്ഷം ആര്‍എസ്എസിനേയും മോദിയേയും പോലെ ജനങ്ങളെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. മതസൗഹാര്‍ദ്ദം ഇപ്പോള്‍ ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. എരുമേലി ക്ഷേത്രവും വാവര്‍ പള്ളിയും എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഈ ക്ഷേത്രവും പള്ളിയും മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ മൂല്യങ്ങള്‍ ഇന്ത്യയില്‍ ഇപ്പോള്‍ ആക്രമിക്കപ്പെടുകയാണ്. ആര്‍എസ്എസും മോദിയും ജനങ്ങളെ വിഭജിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുന്നു. ആര്‍എസ്എസ് ചെയ്യുന്നതുതന്നെയാണ് കേരളത്തില്‍ ഇടതുപക്ഷവും ചെയ്യുന്നതെന്ന് രാഹുല്‍ ആഞ്ഞടിച്ചു.

എല്ലാത്തിനും ഉത്തരം മാര്‍ക്സ് എന്നാണെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നതായും രാഹുല്‍ ഗാന്ധി ആക്ഷേപിച്ചു. സമ്പദ് ഘടന നല്ല രീതിയില്‍ മുന്നോട്ടുപോകണമെങ്കില്‍ ജനങ്ങളുടെ കൈയ്യില്‍ പണം വേണം. അതിനാണ് ന്യായ് പദ്ധതി നടപ്പിലാക്കുന്നതെന്ന് രാഹുല്‍ വിശദീകരിച്ചു. പണം ജനങ്ങളുടെ കൈയ്യില്‍ നേരിട്ടെത്തിക്കും. വരുമാനം വര്‍ധിക്കുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറും. ഉല്‍പ്പാദനം വര്‍ധിക്കും. ജോലി സാധ്യത വര്‍ധിക്കും. ഇത് ആര്‍എസിസിന്റെ ആശയമല്ല, കാള്‍ മാര്‍ക്സിന്റെ ആശയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷക്കാരനായാല്‍ പരീക്ഷയില്‍ തോറ്റാലും ജോലി കിട്ടുമെന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്നും രാഹുല്‍ഗാന്ധി പരിഹസിച്ചു. ജോലിക്കായി ഇവിടെ യുവാക്കള്‍ മുട്ടിലിഴഞ്ഞ് യാചിക്കുമ്പോള്‍ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ജോലിനല്‍കാനാണ് കേരളത്തിലെ ഇടത് സര്‍ക്കാര്‍ ശ്രമിച്ചത്. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് രാജ്യം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളികള്‍. പിന്‍വാതിലിലൂടെ സ്വന്തക്കാരെ സര്‍ക്കാര്‍ തസ്തികകളില്‍ തള്ളിക്കയറ്റുകവഴി സര്‍ക്കാര്‍ യുവാക്കളോടും മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന അമ്മമാരോടും ചെയ്തത് വലിയ ദ്രോഹമാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Next Story