Top

ഉമ്മന്‍ ചാണ്ടി ഇന്ന് രാഹുലിനെ കാണും; ഹൈക്കമാന്‍ഡ് തീരുമാനങ്ങളില്‍ ഗ്രൂപ്പിന്റെ അതൃപ്തി അറിയിക്കുമെന്ന് സൂചന

വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ ഓണ്‍ലൈന്‍ യോഗം സോണിയ ഗാന്ധി ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്

23 Jun 2021 11:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉമ്മന്‍ ചാണ്ടി ഇന്ന് രാഹുലിനെ കാണും; ഹൈക്കമാന്‍ഡ് തീരുമാനങ്ങളില്‍ ഗ്രൂപ്പിന്റെ അതൃപ്തി അറിയിക്കുമെന്ന് സൂചന
X

രമേശ് ചെന്നിത്തലയുമായും വിഡി സതീശനുമായും കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ ഇന്ന് രാഹുല്‍ ഗാന്ധി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണും. പ്രതിപക്ഷ നേതാവിനേയും കെപിസിസി അധ്യക്ഷനേയും തെരഞ്ഞെടുത്തതില്‍ തങ്ങളുടെ താല്‍പ്പര്യം പരിഗണിക്കാത്തതില്‍ ഗ്രൂപ്പുകള്‍ക്ക് നീരസമുള്ള സാഹചര്യത്തിലാണ് ഇന്ന് ദില്ലിയില്‍ വെച്ച് ഉമ്മന്‍ ചാണ്ടി രാഹുലിനെ കാണുന്നത്. ഹൈക്കമാന്‍ഡ് തീരുമാനങ്ങളില്‍ ഗ്രൂപ്പുകള്‍ക്കുള്ള അതൃപ്തി ഉമ്മന്‍ ചാണ്ടി രാഹുലിനെ അറിയിക്കുമെന്നാണ് വിവരം.

വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ ഓണ്‍ലൈന്‍ യോഗം സോണിയ ഗാന്ധി ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കുക എന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ആന്ധ്രാപ്രദേശിന്റെ ചുമതല വഹിക്കുന്നയാള്‍ എന്ന നിലയില്‍ ഈ യോഗത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കും.

കെപിസിസി പുനസംഘടനയ്ക്കുള്ള തീരുമാനം എടുത്ത് കഴിഞ്ഞതിന് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏകോപനം ലക്ഷ്യമിട്ടുകൊണ്ടാണ് രാഹുല്‍ ഗാന്ധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. നേതൃമാറ്റത്തിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി രാഹുല്‍ ഗാന്ധി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി മുന്‍പ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വിഡി സതീശനേയും ഉമ്മന്‍ ചാണ്ടിയേയും ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് ക്ഷണിക്കുന്നത്.

Next Story