
കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി തിങ്കളാഴ്ച്ച വയനാട്ടിലെത്തും. മുണ്ടേരി സ്‌കൂളിന്റെ കെട്ടിട ഉദ്ഘാടനത്തിന് കളക്ടര്‍ ഡോ. അദീല അബ്ദുള്ള അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം.
എംഎസ്ഡിപി പദ്ധതി പ്രകാരം പണികഴിപ്പിച്ച മുണ്ടേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് സര്‍ക്കാരിനെ അറിയിച്ചില്ല എന്ന കാരണത്താല്‍ കളക്ടര്‍ തടഞ്ഞത്. രാഹുല്‍ ഗാന്ധി ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്യാനിരിക്കെയായിരുന്നു നടപടി. അനുമതി നിഷേധിച്ചതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് യുഡിഫ് ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് രാഹുല്‍ വയനാട്ടിലേക്ക് എത്തുന്നത്. സന്ദര്‍ശന തീരുമാനം വളരെ വേഗമായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഉദ്ഘാടനം നിഷേധിച്ചതില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് കലക്ടറോട് വിശദീകരണം തേടും. ചടങ്ങിന് അരമണിക്കൂര്‍ മുന്‍പ് മാത്രമാണ് അനുമതി റദ്ദാക്കി കളക്ടര്‍ ഉത്തരവിറക്കിയത്.
നിലവില്‍ കല്പറ്റ നിയമസഭാ മണ്ഡലവും കല്പറ്റ മുനിസിപ്പാലിറ്റിയും എല്‍ഡിഎഫ് ഭരിക്കുന്ന സാഹചര്യത്തിലാണ് ഈ അവഗണന ഉണ്ടായതെന്ന് യുഡിഎഫ് ആരോപിക്കുന്നു.
തിങ്കളാഴ്ച 11:30ന് കരിപ്പൂരിലെത്തുന്ന രാഹുല്‍ ഗാന്ധി 12:30ന് മലപ്പുറം കളക്ട്രേറ്റില്‍ കൊവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് വയനാട്ടിലേക്ക് പുറപ്പെടുന്ന അദ്ദേഹം 20ന് വയനാട് കളക്ട്രേറ്റില്‍ കൊവിഡ് അവലോകന യോഗത്തിലും തുടര്‍ന്ന് 11:30ന് കേന്ദ്രാവിഷ്‌കൃതപദ്ധതികളുടെ ജില്ലാ തല വികസന കോ- ഓര്‍ഡിനേഷന്‍ മോണിറ്ററിങ് യോഗത്തിലും പങ്കെടുക്കും. 21ന് ഉച്ചയ്ക്ക് മാനന്തവാടി ജില്ലാ ആശുപത്രി സന്ദര്‍ശിച്ച ശേഷം വൈകുന്നേരം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങും.
- TAGS:
- Rahul Gandhi