Top

രാഹുൽ ഇനിയും നടന്നാൽ ഇന്ത്യ കൂടെ നടക്കുമെന്നുറപ്പാണ്

1 Oct 2020 11:22 PM GMT
ഹരി മോഹൻ

രാഹുൽ ഇനിയും നടന്നാൽ ഇന്ത്യ കൂടെ നടക്കുമെന്നുറപ്പാണ്
X

നാലുവര്‍ഷം മുന്‍പ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയുടെ മുന്‍പിലൊരുക്കിയ സമരപ്പന്തലിലേക്കായിരുന്നു ആ മനുഷ്യന്‍ അര്‍ധരാത്രി പിന്നിട്ടപ്പോള്‍ നടന്നുകയറിയത്. കൈ തെറുത്തുകയറ്റിയ ചാരനിറത്തിലുള്ള ടീഷര്‍ട്ടും ജീന്‍സുമിട്ട് ആ രാത്രി രണ്ടരമണിക്കൂര്‍ അയാളവിടെയിരുന്നു. പിറ്റേദിവസം 12 മണിക്കൂര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ധര്‍ണയും.

രാഹുല്‍ ഗാന്ധി ആള്‍ക്കൂട്ടത്തിലേക്കിറങ്ങാന്‍ തുടങ്ങിയത് ഇന്നലെയല്ലെന്നാണു പറഞ്ഞുവരുന്നത്. അതു കൃത്യമായി അറിയാവുന്നത് ഇന്നത്തെ അങ്കമാലി എം.എല്‍.എ റോജി എം ജോണിനാവും. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ രോഹിത് വെമുലയ്ക്കു വേണ്ടിയുയര്‍ന്ന മുദ്രാവാക്യങ്ങളില്‍ റോജിയോടൊപ്പമോ അതിനേക്കാളോ ഉയരത്തില്‍ രാഹുലിന്റെ കൈകളുയര്‍ന്നിട്ടുണ്ടാവും.

അതിനു തൊട്ടടുത്ത വര്‍ഷവും രാഹുലിനെ ഇന്ത്യയുടെ തെരുവുകള്‍ കണ്ടിട്ടുണ്ട്. 2017-ല്‍ മധ്യപ്രദേശിലുണ്ടായ ശക്തമായ കര്‍ഷക പ്രക്ഷോഭത്തിനു നേര്‍ക്ക് ശിവ്‌രാജ് സിങ് ചൗഹാന്റെ പോലീസ് വെടിയുതിര്‍ത്തത് ഓര്‍ക്കുന്നുണ്ടാവും. ആറു കര്‍ഷകരാണ് അന്നു കൊല്ലപ്പെട്ടത്. കര്‍ഷകസ്നേഹത്തില്‍ ഒട്ടും കുറവല്ലാത്ത സി.പി.ഐ.എമ്മും പ്രാദേശിക രാഷ്ട്രീയ കക്ഷികളും കയറിച്ചെല്ലാന്‍ മടിച്ചയിടത്തേക്കാണ് അന്ന് കമല്‍നാഥിനും സിന്ധ്യക്കും ദിഗ്വിജയ് സിങ്ങിനുമൊപ്പം രാഹുല്‍ കയറിച്ചെന്നത്. ഇന്നലെ എന്ത് സംഭവിച്ചോ, അതിന്റെ തനിയാവര്‍ത്തനമായിരുന്നു അന്ന്.

രാഹുൽ ഗാന്ധിയെ പൊലീസ് തടയുന്നു

കഴിഞ്ഞവര്‍ഷം പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടവരുടെ മീററ്റിലെ വീടുകളിലേക്ക് ഇറങ്ങിപ്പുറപ്പെട്ടവരില്‍ രാഹുലിനൊപ്പം പ്രിയങ്കയുമുണ്ടായിരുന്നു. യോഗി ആദിത്യനാഥിന്റെ പോലീസ് അവിടെ വിയര്‍ത്തുപോയിരുന്നു. സംഘപരിവാര്‍ ഫാസിസം എല്ലാ അര്‍ഥത്തിലും വൃത്തിയായി വളരുന്ന ഭൂമിയില്‍ അതിനുശേഷം നിരന്തരം വെല്ലുവിളികളുടെ കാലമായിരുന്നു.

ഹത്രാസില്‍ ഇന്ത്യ കണ്ടത് ഒറ്റപ്പെട്ട സംഭവമോ പുതിയ സംഭവമോ അല്ല. പക്ഷേ കണ്ടത് എന്തും അനായാസം മാറ്റിമറിക്കാന്‍ കഴിയുമെന്ന പ്രഖ്യാപനമാണ്. എന്തും എപ്പോഴും എങ്ങനെയും നടക്കുമെന്ന സാക്ഷ്യപത്രമാണ്. ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നു എന്നതില്‍പ്പോലും മാറ്റങ്ങള്‍ വരുന്നു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ചില ശീലങ്ങളുണ്ട് ഇന്ത്യക്ക്. ഇന്ത്യാ ഗേറ്റ് മുതല്‍ രാത്രിയില്‍ മെഴുകുതിരി വെട്ടങ്ങള്‍ ഉരുകിത്തീരുന്ന കാഴ്ചകളാണ് അതിലേറ്റവും പ്രധാനപ്പെട്ടത്. 'Say No to Rape' എന്ന പ്ലക്കാര്‍ഡുകള്‍ പിറ്റേന്നു തെരുവോരങ്ങള്‍ കീഴടക്കും. പക്ഷേ എത്രപേര്‍, എത്രതവണ, ബലാത്സംഗം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ നിന്ന് അപ്രത്യക്ഷമാക്കിയ, അസ്വാഭാവിക മരണങ്ങള്‍ സ്വാഭാവികമാക്കിയ ഭരണകൂടങ്ങള്‍ക്കെതിരായി ആ പോരാട്ടങ്ങളെ മാറ്റിയിട്ടുണ്ട്? സോഷ്യല്‍ മീഡിയയിലെ പൊതുവിടങ്ങളില്‍ തീര്‍ക്കുന്ന നാലുവരികളല്ലാതെ എത്ര ദേശീയ നേതാക്കള്‍, എത്ര ദേശീയ പാര്‍ട്ടികള്‍ കൃത്യമായി തെരുവിലിറങ്ങിയിട്ടുണ്ട്?

ഹത്രാസിലേക്ക് മാർച്ച് ചെയ്യുന്ന രാഹുൽ ഗാന്ധി

എന്താണിന്നലെ സംഭവിച്ചത്? പ്രിയങ്കയോടൊപ്പം രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പ്രതീക്ഷിച്ചു കാണും ഇങ്ങനൊരു രംഗം. അതുറപ്പാണ്. ഗുജറാത്തിനേക്കാള്‍ ആര്‍ എസ് എസിനും അതിലുപരി അമിത് ഷായുടെ കാവിവസ്ത്രധാരിയായ യോഗി ആദിത്യനാഥിനും ഏറെ പ്രിയപ്പെട്ട കോട്ടയിലേക്കു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അനായാസമായി രണ്ടുപേര്‍ കടന്നുവരുന്നത് അത്രമേല്‍ നിസ്സാരമായി അവരെടുക്കുമെന്നു രാഹുല്‍ വിചാരിച്ചിട്ടുണ്ടാകില്ല.

'രാഹുല്‍ സവര്‍ക്കറല്ല, രാഹുല്‍ ഗാന്ധിയെന്നാണ് എന്റെ പേര്' എന്ന പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് കഴിഞ്ഞവര്‍ഷം അയാള്‍ നടത്തിയതു വെറുതെയല്ലെന്നു യോഗിക്കും നല്ല ബോധ്യമുണ്ടാകും. സംഘപരിവാറിനെ അടിക്കാന്‍ കിട്ടിയ വടികളെവിടെയെങ്കിലും അയാള്‍ മിസ്സാക്കിയ ചരിത്രമുണ്ടോ? ഓര്‍മയിലില്ല. അതുകൊണ്ടുതന്നെയാകണം ഹത്രാസില്‍ മുന്‍കൂട്ടി നിരോധനാജ്ഞ പ്രഖ്യാപിച്ചതും.

യോഗി സര്‍ക്കാരിനെതിരെ നിരന്തരം സമരങ്ങള്‍ നടത്തി ജയിലിലിനുള്ളില്‍ സ്ഥിരതാമസമാക്കേണ്ടി വരുന്ന അവസ്ഥയുള്ള അജയ് കുമാര്‍ ലല്ലുവെന്ന യുപി കോണ്‍ഗ്രസ് അധ്യക്ഷനടക്കം എന്തു സംഭവിച്ചാലും തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നുറപ്പുള്ള വിശ്വസ്തരോടൊപ്പമെത്തിയ രാഹുല്‍-പ്രിയങ്കമാരെ യമുന എക്സ്പ്രസ് വേയ്ക്കു മുന്‍പില്‍ വെച്ചു തടഞ്ഞുനിര്‍ത്തിയപ്പോള്‍ ഓര്‍മ വന്ന ഒരു ക്ലീഷേ സീനുണ്ട്. പി കെ രാംദാസിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ സ്റ്റീഫന്‍ നെടുമ്പള്ളിയെ പോലീസ് തടയുന്നത്. പക്ഷേ മുരളി ഗോപിയുടെ തിരക്കഥയിലേതു പോലെ ഒരു ഗേറ്റിനപ്പുറം പികെ രാംദാസിന്റെ മൃതദേഹമെന്ന ലക്ഷ്യസ്ഥാനം ഉണ്ടായിരുന്നില്ല. 150-ലേറെ കിലോമീറ്റര്‍ എന്ന യാഥാര്‍ഥ്യം അവിടെ നീണ്ടുനിവര്‍ന്നു കിടപ്പുണ്ടായിരുന്നു. വളരെ കൂളായാണ് ആ മനുഷ്യന്‍ നടന്നത്. തൊട്ടുപിറകെ ഒരു സങ്കോചവുമില്ലാതെ മറ്റുള്ളവരും.

Image

എത്രദൂരം പോകുമെന്ന സംശയം ബാക്കിയായിരുന്നു. അതു നടന്നുതീര്‍ക്കാനുള്ള രാഹുലിന്റെയും കൂട്ടരുടെരും ശേഷിയെക്കുറിച്ചോര്‍ത്തോ, പതിവുപോലെ യാത്രകളില്‍ രാഹുലിന്റെ കൈയില്‍ ചേര്‍ത്തുപിടിക്കാറുള്ള കുഞ്ഞുകുപ്പിയിലെ വെള്ളത്തിന്റെ അളവിനെക്കുറിച്ചോര്‍ത്തോ ഉള്ള സംശയമായിരുന്നില്ല അത്. ഹത്രാസില്‍ രാഹുലിന്റെയോ പ്രിയങ്കയുടെയോ കാലുകുത്തിയാല്‍ ആദിത്യനാഥിനുണ്ടാകുന്ന പൊളിറ്റിക്കല്‍ ലോസിനെക്കുറിച്ചുള്ള ബോധ്യമായിരുന്നു ആ സംശയത്തിനു പിറകില്‍.

ഒടുവില്‍ പ്രതീക്ഷിച്ചതു തന്നെയാണു സംഭവിച്ചത്, ഒരുപക്ഷേ പ്രതീക്ഷിച്ചതിലും അധികം. എപ്പിഡമിക് ഡിസീസ് ആക്ടിന്റെ ലംഘനമാരോപിച്ച് അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കില്‍ അയാളാ നടപ്പ് തുടര്‍ന്നേനെ. അങ്ങനെയെങ്കില്‍ നേരം പുലരുമ്പോഴേക്ക് ഇന്ത്യയില്‍ എന്തായിരിക്കും സംഭവിച്ചിരിക്കുക എന്ന് ആദിത്യനാഥിന്റെ കൂര്‍മ്മബുദ്ധിയില്‍ തെളിഞ്ഞിട്ടുണ്ടാകും. അറസ്റ്റിനപ്പുറം മറ്റൊരു വഴിയും ആ ഭരണാധികാരിക്കു മുന്‍പിലുണ്ടായിരുന്നിരിക്കില്ല.

ഇനിയൊന്നാലോചിച്ചു നോക്കൂ. എത്രമാത്രം പ്രിവിലേജുകള്‍ പൊതുസമൂഹം രാഹുല്‍ ഗാന്ധി എന്ന മനുഷ്യനു ചാര്‍ത്തിക്കൊടുത്തിട്ടുണ്ടെന്ന്. നെഹ്റുകുടുംബത്തിന്റെ പ്രിവിലേജുകളില്‍ അഭിരമിക്കുന്ന രാഹുല്‍ ഗാന്ധിയെയല്ലാതെ പ്രതിപക്ഷ കക്ഷികളില്‍ പലരും സംഘപരിവാര്‍ പ്രചാരകവേലക്കാരും എന്തെങ്കിലും വരച്ചുകാട്ടിയിട്ടുണ്ടോ?

നെഹ്റു മുതല്‍ക്കിങ്ങോട്ട് അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലെത്തിയ എത്രപേര്‍ ഈ പ്രിവിലേജുകള്‍ വിട്ടു പുറത്തിറങ്ങിയിട്ടുണ്ടാകുമെന്നാണു ചോദ്യങ്ങളെങ്കില്‍ സത്യമാണ്. പക്ഷേ എന്തുതരം പ്രിവിലേജുകളുടെ പിന്‍ബലമാണ് രാഹുലിനു നമ്മള്‍ വെച്ചുനീട്ടിയിട്ടുള്ളത്? അമൂല്‍ ബേബിയും പപ്പുമോനുമായി, ഒടുവില്‍ വയനാടിനൊപ്പം പരിഹസിക്കാനുപയോഗിക്കുന്നൊരു പേരായി. അങ്ങനെ എത്രയോ തവണ അപഹസിക്കാനുപയോഗിച്ച പേരാണത്.

ഓർത്തുനോക്കൂ, ഇതിനുമുൻപ് എന്നായിരുന്നു അവസാനമായി കോൺഗ്രസിന്റെ ഒരു ദേശീയ നേതാവ് തെരുവിൽ വെച്ച് പോലീസ് മർദ്ദനത്തിനിരയായത്? എന്നായിരുന്നു ഏതെങ്കിലുമൊരു പ്രതിപക്ഷ നേതാവിന്റെ വെളുത്ത ജുബ്ബയില്‍ ഒരു പോലീസുകാരന്‍ ഇത്ര അമര്‍ത്തിപ്പിടിച്ചിട്ടുണ്ടാവുക? കുറച്ചുകൂടി ആഴത്തില്‍ പരിശോധിച്ചാല്‍, നെഹ്റു കുടുംബത്തില്‍ നിന്ന് എന്നാവും ഒരാള്‍ തെരുവില്‍ക്കൂടി പോലീസിനെയും ഒരു സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും വെല്ലുവിളിച്ചു മണിക്കൂറുകളോളം നടക്കാന്‍ തയ്യാറായിട്ടുണ്ടാവുക? അക്കൂട്ടത്തില്‍ ആരെങ്കിലും പോലീസിന്റെ കൈകള്‍ക്കൊണ്ടു നിലത്തു ശക്തിയായി വന്നു വീണിട്ടുണ്ടോ?

സോണിയക്കും പ്രിയങ്കയ്ക്കും കിട്ടുന്ന പ്രിവിലേജുകള്‍ പോലും സ്വന്തമായി അവകാശപ്പെടാന്‍ ഇല്ലാത്ത രാഹുലാണ് ഇന്ത്യയുടെ തെരുവുകളില്‍ സംഘപരിവാര്‍ ഭരണകൂടത്തിനെതിരെ വിരല്‍ചൂണ്ടി നില്‍ക്കുന്നതെന്ന് സിപിഐഎമ്മിനു മനസ്സിലായില്ലെങ്കിലും സീതാറാം യെച്ചൂരിക്കു മനസ്സിലായേക്കും. ബാബ്റിയാനന്തര ഇന്ത്യയിലെ ഒരു പ്രതിപക്ഷ നേതാവിനെയോര്‍ത്ത് ലാലുപ്രസാദ് യാദവിന്റെ കണ്ണുകള്‍ ജയിലില്‍ക്കിടന്നു നിറഞ്ഞിട്ടുണ്ടെങ്കില്‍ അത് രാഹുലിനെയോര്‍ത്താവും. അതതിശയോക്തിയല്ല, കണ്‍മുന്നിലെ യാഥാര്‍ഥ്യമാണ്.

ഇന്നലെ രാഹുല്‍ ചെലവഴിച്ച മണിക്കൂറുകള്‍, നടന്നുതീര്‍ത്ത കിലോമീറ്ററുകള്‍, ഇതൊക്കെയും യോഗിരാജിന്റെ ചരമഗീതത്തില്‍ അര്‍പ്പിക്കാനുള്ള വെളുത്തപൂക്കളാകും. ഉറപ്പാണ്.


കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനാണ്‌ ഹരിമോഹൻ.

Next Story

Popular Stories