‘രാജ്യത്ത് വാക്‌സിന്‍ കിട്ടാനില്ല, പക്ഷേ മോദി സര്‍ക്കാര്‍ ബ്ലൂ ടിക്കിനായുള്ള പോരാട്ടത്തിലാണ്’; പരിഹസിച്ച് രാഹുല്‍ ഗാന്ധി
വാക്‌സിന്‍ ആവശ്യമുള്ളവര്‍ ആത്മനിര്‍ഭര്‍ ആകേണ്ടിവരുമെന്നും രാഹുല്‍ പരിഹസിച്ചു.
6 Jun 2021 6:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ട്വിറ്ററുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് ബ്ലൂ ടിക്കിനുവേണ്ടിയുള്ള പോരാട്ടത്തിലാണെന്ന പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് മഹാമാരിയുടെ അതിതീവ്ര വ്യാപനവും തുടര്‍ന്നുള്ള വാക്‌സിന്‍ ക്ഷാമവും ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം. മോദി സര്‍ക്കാര്‍ ബ്ലൂ ടിക്കിന് വേണ്ടിയുള്ള പോരാട്ടത്തിലായതിനാല്‍ വാക്‌സിന്‍ ആവശ്യമുള്ളവര്‍ ആത്മനിര്‍ഭര്‍ ആകേണ്ടിവരുമെന്നും രാഹുല്‍ പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ രൂക്ഷ വിമര്‍ശനം.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെയും ബ്ലൂ ടിക്ക് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ മുതലാണ് ആര്‍എസ്എസ് നേതാക്കളുടെ അക്കൗണ്ടിലെ ബ്ലൂ ടിക്ക് ട്വിറ്റര്‍ നീക്കം ചെയ്തുതുടങ്ങിയത്. രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ ട്വിറ്റര്‍ റദ്ദാക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
ആറ് മാസത്തിനിടെ ഒരിക്കല്‍ പോലും ഉപയോഗം നടന്നിട്ടില്ലെങ്കില്‍ ബ്ലൂ ടിക്ക് നീക്കം ചെയ്യുമെന്നാണ് ട്വിറ്ററിന്റെ നയം. മാത്രമല്ല, സജീവമായ അക്കൗണ്ടുകളെയാണ് ബ്ലൂ ടിക്കിനായി ട്വിറ്റര്‍ പരിഗണിക്കുകയെന്നും പോളിസിയില്‍ വ്യക്തമാക്കിയിരുന്നു.