
ന്യൂഡല്‍ഹി: കര്‍ഷകസമരത്തെ സേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കം അപകടകരമാണെന്ന് രാഹുല്‍ ഗാന്ധി. അടുത്ത ദിവസങ്ങളില്‍ ട്വിറ്ററില്‍ വൈറാലായിക്കൊണ്ടിരിക്കുന്ന ‘ദില്ലി ചലോ’ കര്‍ഷകസമരത്തിലെ ചിത്രങ്ങളിലൊന്ന് ട്വിറ്ററില്‍ പങ്കുവെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
പ്രതിഷേധക്കാരിലൊരാളായ വൃദ്ധ കര്‍ഷകനെതിരെ ലാത്തിയോങ്ങുന്ന ജവാന്റെ ചിത്രമാണ് രാഹുല്‍ ട്വിറ്ററില്‍ പോസ്റ്റുചെയ്തത്. ‘ഇത് വളരെയധികം ദു:ഖമുണ്ടാക്കുന്ന ചിത്രമാണ്. ജയ് ജവാന്‍ ജയ് കിസാന്‍ എന്ന നമ്മുടെ മുദ്രാവാക്യത്തെ കര്‍ഷകര്‍ക്കെതിരെ ജവാന്മാരെ അണിനിരത്തുന്ന അവസ്ഥയിലേക്കാണ് മോദി ഭരണത്തിന്റെ ധിക്കാരം എത്തിയിരിക്കുന്നത്’, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
‘ബിജെപി ഭരണത്തില്‍ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ നോക്കൂ. ബിജെപിയുടെ സമ്പന്ന സുഹൃത്തുക്കള്‍ ഡല്‍ഹിയിലേക്ക് വരുമ്പോള്‍ അവര്‍ക്ക് ചുവപ്പുപരവതാനി വിരിച്ചാണ് സ്വീകരണം. എന്നാല്‍ കര്‍ഷകര്‍ ഡല്‍ഹിയിലെത്തുമ്പോള്‍ റോഡുകള്‍ കുഴികളുണ്ടാക്കിവെയ്ക്കുന്നു. കര്‍ഷകവിരുദ്ധ നിയമങ്ങളുണ്ടാക്കുമ്പോള്‍ അതൊക്കെ ശരിയും കര്‍ഷകര്‍ ഡല്‍ഹിയിലെത്തുമ്പോള്‍ അത് തെറ്റുമാവുന്നതെങ്ങനെയാണ്’, പ്രിയങ്ക ഗാന്ധി പൊലീസ് നടപടികളെ വിമര്‍ശിച്ച് ട്വിറ്ററില്‍ കുറിച്ചു.
മണിക്കൂറുകളോളം നീണ്ട പ്രതിഷേധങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ചയാണ് കര്‍ഷകരെ ഡല്‍ഹി സര്‍ക്കാര്‍ ദില്ലിയിലേക്ക് സ്വാഗതം ചെയ്തത്. സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കണമെന്ന പൊലീസിന്റെ ആവശ്യവും സര്‍ക്കാര്‍ നിരസിച്ചിരുന്നു. നിരങ്കാരി സമാഗം ഗ്രൗണ്ടില്‍ ഒത്തുകൂടാന്‍ പ്രതിഷേധക്കാര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.
എന്നാല്‍ രാംലീല മൈതാനത്തിലോ ജന്ദര്‍മന്തറിലോ കര്‍ഷകവിരുദ്ധനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനുള്ള അനുമതി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അതേസമയം, മൂന്നാം ദിനത്തിലേക്ക് കടക്കുന്ന സമരത്തിലേക്ക് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കര്‍ഷകര്‍ കൂടി ചേരുന്നതോടെ ശനിയാഴ്ച മുതല്‍ പ്രതിഷേധം കനക്കുമെന്നാണ് വിലയിരുത്തല്‍.