‘ഇടതുപക്ഷക്കാരനാണെങ്കില്‍ ജോലി ഉറപ്പ്; അല്ലെങ്കില്‍ നിരാഹാരം കിടക്കണം ‘; മുഖ്യമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ തുടരെ വിമര്‍ശനങ്ങളുമായി രാഹുല്‍ ഗാന്ധി. എതിര്‍ക്കുന്നവരെ അന്വേഷണ ഏജന്‍സികളെ കൊണ്ട് ആക്രമിക്കുന്നതാണ് ബിജെപിയുടെ രീതിയെന്നും എന്നാല്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെയുള്ള അന്വേഷണം നീളുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഒപ്പം ഇടതുപക്ഷത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ കേരളത്തില്‍ ജോലി ലഭിക്കുന്നുള്ളൂയെന്നും രാഹുല്‍ ആരോപിച്ചു.

പ്രസംഗത്തിന്റെ ഭാഗം,

‘ ഞാന്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിനെതിരെയും ബിജെപിക്കെതിരെയും ദിനം പ്രതി പോരാടുന്നു. ഞാന്‍ ഓരോ ചുവട് മുന്നോട്ട് വെക്കുമ്പോഴും അവരെന്ന ആക്രമിക്കുന്നു. ഇപ്പോള്‍ അവരീ പ്രസംഗം കാണുന്നു. ഇതിലെന്താണ് എന്നെ ആക്രമിക്കാനുള്ളതെന്നാണ് അവര്‍ ചിന്തിക്കുന്നത്. എനിക്ക് മനസ്സിലാക്കാന്‍ പറ്റാത്ത ഒരു കാര്യമുണ്ട്. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെയുള്ള അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത്. എന്തുകൊണ്ടാണ് ഇതിത്ര കാലം എടുക്കുന്നത്. എന്തുകൊണ്ടാണ് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് പോലുള്ള ഏജന്‍സികള്‍ ഇടതുപക്ഷത്തെ ആക്രമിക്കാത്തത്. എനിക്കിതില്‍ കുറച്ചു ആശങ്കയുണ്ട്. കാരണം എനിക്കറിയാം നിങ്ങള്‍ ബിജെപിയെ ആക്രമിച്ചാല്‍ ബിജെപി നിങ്ങളെ ആക്രമിക്കും, 24 മണിക്കൂറും. ഈ കേസുകളില്‍ ബിജെപിയുടെ മെല്ലെപ്പോക്കിനു ഒരു കാരണമേ ഉള്ളൂ. അത് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റും.

കേരളത്തിന്റെ ഊര്‍ജസ്വലതയാണ് ഇവിടത്തെ ചെറുപ്പക്കാര്‍. എന്തുകൊണ്ടാണ് ജോലി കിട്ടാത്തതെന്ന് അവര്‍ സ്വയം ചോദിച്ചു കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷം പറയുന്നത് അവര്‍ കേരളത്തെ മികച്ചതാക്കും എന്നാണ്. ചോദ്യം ഇതാണ്, ആര്‍ക്കാണ് മികച്ചത്. കേരളത്തിലെ ജനങ്ങള്‍ക്കാണോ അതോ ഇടതുപക്ഷ പ്രസ്ഥാനത്തിലെ ആളുകള്‍ക്കോ. നിങ്ങള്‍ അവരുടെ ഒരാളാണെങ്കില്‍ എല്ലാ ജോലിയും നിങ്ങള്‍ക്ക് ലഭിക്കും. അവരുടെ കൊടി ഉയര്‍ത്തിയാല് എത്രയധികം സ്വര്‍ണം വേണമെങ്കിലും നിങ്ങള്‍ക്ക് കടത്താം. നിങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ആ ജോലി ചെയ്യാന്‍ പറ്റും. പക്ഷെ നിങ്ങളൊരു യുവ കേരളീയനാണെങ്കില്‍ നിങ്ങള്‍ക്ക് സമരം ചെയ്യേണ്ടിയും ബഹളം വെക്കേണ്ടിയും വരും. സ്വജനപക്ഷപാതത്തെ നേരിടാന്‍ ഒരു വഴിയേ ഉള്ളൂ. അതാണ് നിരാഹാര സമരം. നിങ്ങള്‍ മരിക്കാന്‍ പോവുകയാണെങ്കിലും മുഖ്യമന്ത്രി ഗൗനിക്കാന്‍ പോവുന്നില്ല. കാരണം നിങ്ങള്‍ ഇടതുപക്ഷ പ്രവര്‍ത്തകനല്ല. അവിടെ സമരം ചെയ്യുന്നവര്‍ ഇടതുപക്ഷ പ്രസ്ഥാനത്തില്‍ പെട്ടവരായിരുന്നെങ്കില്‍ മുഖ്യമന്ത്രി തീര്‍ച്ചയായും വന്ന് സംസാരിച്ചേനെ,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

Latest News