Top

കുംഭാമയും ആഷിഖും വിനോദും….2021 ലെ രാഹുലിന്റെ കലണ്ടറില്‍ നിറഞ്ഞ് വയനാട്

വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മികവ് തെളിയിച്ചവരെ പരിചയപ്പെടുത്തി 2021ലെ കലണ്ടര്‍ പുറത്തിറക്കി രാഹുല്‍ ഗാന്ധി എംപി.

18 Jan 2021 2:20 AM GMT

കുംഭാമയും ആഷിഖും വിനോദും….2021 ലെ രാഹുലിന്റെ കലണ്ടറില്‍ നിറഞ്ഞ് വയനാട്
X

വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മികവ് തെളിയിച്ചവരെ പരിചയപ്പെടുത്തി 2021ലെ കലണ്ടര്‍ പുറത്തിറക്കി രാഹുല്‍ ഗാന്ധി എംപി. മണ്ഡലത്തില്‍ മികവ് തെളിയിച്ചവരെ പരിചയപ്പെടുത്തിക്കൊണ്ട് അവരുടെ ജീവിതത്തെ കുറിച്ചുള്ള ചില കുറിപ്പുകള്‍ കോര്‍ത്തിണക്കികൊണ്ടാണ് കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. അത് തന്നെയാണ് അതിനെ വ്യത്യസ്തമാക്കുന്നതും. വയനാടിന്റെ പ്രകൃതി ഭംഗിയും ഇതില്‍ ദൃശ്യമാണ്.

ചെറുവയല്‍ നെല്‍പ്പാടം, പനമരത്തെ കൊറ്റില്ലം, ബാണാസുരസാഗര്‍ ഡാം, ചെമ്പ്രമല, ഫാന്റം, മുത്തങ്ങ വന്യജീവിസങ്കേതം, താമരശ്ശേരി ചുരം, കനോലി തേക്ക് മ്യൂസിയം പഴശിസ്മാരകം, ചാലിയാര്‍പുഴ, വെള്ളരിമല, പാറ, കേരളംകുണ്ട് വെള്ളച്ചാട്ടം എന്നിവയാണ് കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വയനാടിന്റെ എംപിയായതിന് ശേഷം രാഹുല്‍ഗാന്ധി പുറത്തിറക്കിയ കലണ്ടര്‍ നേരെത്തെയും അതിന്റെ വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടിയിയിരുന്നു.

തന്റെ ശാരീരികവൈകല്യങ്ങളെ അതിജീവിച്ചുകൊണ്ട് ജൈവകൃഷി നടത്തുന്ന കുംഭാമ്മയെ പരിചയപ്പെടുത്തിക്കൊണ്ടാണ് കലണ്ടറിലെ ആദ്യമാസം ആരംഭിക്കുന്നത്. കേരളത്തിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവങ്ങളിലെ സൂപ്പര്‍താരമായി മാറിയ മുഹമ്മദ് ആഷിഖ്, 90 വയസ്സ് കഴിഞ്ഞിട്ടും ചുറുചുറുക്കോടെ പണിയെടുക്കുന്ന പുല്‍പ്പള്ളി സുരഭിക്കവലയിലെ നിരപ്പുതൊട്ടിയില്‍ മാത്യുമേരി ദമ്പതികള്‍, ഉള്‍ക്കാട്ടിലും ഗുഹകളിലും ജീവിക്കുന്ന ചോലനായ്ക്ക വിഭാഗത്തിലെ ആദ്യ ബിരുദധാരിയും ഗവേഷകനുമായ വിനോദ്, അന്തര്‍ദേശീയ വോളിബോള്‍ താരം ജിംന എബ്രഹാം, ദേശീയ സ്‌കൂള്‍ ഗെയിം ഫുട്‌ബോള്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന വിശാഖ് എംഎം, അധ്യാപനം പാട്ടിലൂടെ രസകരമാക്കി മാറ്റിയ ശ്രദ്ധേയനായ നിയാസ് ചോല, കേരളാ സ്‌കൂള്‍ കായികമേളയില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടിയ ആദിവാസി പണിയവിഭാഗത്തില്‍പ്പെട്ട വിഷ്ണു, സ്വയം വികസിപ്പിച്ചെടുത്ത മെഷീനുകള്‍ കൊണ്ട് അത്ഭുതം കാട്ടിയ റ്റൈലന്‍ സജി, ഇന്ത്യന്‍ വ്യോമസേനയുടെ ആഗ്രയില്‍ നടന്ന പാരാജംപിങ് ക്യാംപില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള ഏകപെണ്‍കുട്ടിയായ ഫര്‍സാന റഫീഖ് കെ, ചിത്രകലയില്‍ ഗിന്നസ് അടക്കം നിരവധി റെക്കോര്‍ഡുകള്‍ നേടിയ എം ദിലീഫ്, കാഴ്ചനഷ്ടമായ മീനങ്ങാടി സ്വദേശിയായ കവയത്രി നിഷ പി എസ് എന്നിവരുടെ നേട്ടങ്ങളടക്കം പരാമര്‍ശിച്ചുകൊണ്ടാണ് ഇവരെ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Next Story