
രാജ്യത്ത് ഇന്ന് ബിജെപിയെയും ആര്‍എസ്എസിനേയും നേരിടാനുള്ള ശക്തി കോണ്‍ഗ്രസിന് മാത്രമേയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. യുദ്ധത്തില്‍ പങ്കെടുക്കുന്നത് പോയിട്ട് ഗാലറിയില്‍ ഇരുന്ന് കളി കാണാനുള്ള ആള്‍ബലം പോലും ഇന്ന് ഇന്ത്യയില്‍ സിപിഐഎമ്മിന് ഇല്ല. പിണറായി വിജയന് മനസിലാക്കേണ്ട കാര്യം, ഒന്നോ ഒന്നരയോ സംസ്ഥാനത്ത് മാത്രം വേരുള്ള സിപിഎമ്മിന് കോണ്‍ഗ്രസിനൊപ്പം നില്‍ക്കാതെ ഇന്ത്യയിലൊരു രാഷ്ട്രീയ അസ്ഥിത്വമില്ല എന്നതാണെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധി എന്റെ നേതാവാണ്. ഇന്ത്യയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാവാണ്. ദേശീയനേതാവെന്ന നിലയില്‍ അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ എപ്പോഴും ദേശീയ കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തിയായിരിക്കും.
രമേശ് ചെന്നിത്തല
ആ നിലയ്ക്കാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളെ കാണേണ്ടത് എന്ന എന്റെ അഭിപ്രായത്തെ വളച്ചൊടിച്ചാണ് ഞാന്‍ രാഹുല്‍ ഗാന്ധിക്കെതിരെ എന്തോ പറഞ്ഞു എന്ന് മുഖ്യമന്ത്രി വിലപിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാരിനെ കേരളത്തില്‍ അനുകരിക്കുകയാണ് പിണറായി വിജയന് ചെയ്യുന്നത്. നരേന്ദ്രമോദി എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും പേടിയുള്ളൊരു കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയന്. സ്വന്തം പാര്‍ട്ടിയുടെ നയങ്ങള്‍ നിരാകരിക്കുന്ന പിണറായി വിജയന് എന്നെ പഠിപ്പിക്കാന്‍ യോഗ്യനല്ല.
രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരമെങ്കിലും അറിയുന്നവരെ അത്ഭുതപ്പെടുത്തുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍. മൂലധനശക്തികളുടെ ഏജന്റായിട്ടാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ബഹുരാഷ്ട്രകുത്തകയായ സ്പ്രിങ്ക്ളറുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളം കണ്ടതാണ്. രാജ്യാന്തര കണ്‍സള്‍ട്ടന്‍സികളെ കൊണ്ടുവന്ന് സംസ്ഥാനഭരണം അവര്‍ക്ക് തീറെഴുതുന്നതും നമ്മള് കണ്ടതാണ്. മുതലാളിത്തത്തിന്റെ കൂര്‍ത്ത് മൂര്‍ത്ത ദംഷ്ട്രകള്‍ എന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിശേഷിപ്പിക്കുന്ന ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പോയി പിണറായി വിജയന് മുഴക്കിയ മണി കമ്മ്യൂണിസത്തിന്റെ മരണമണിയായിരുന്നെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.