ബിജെപിയേയും സിപിഐഎമ്മിനേയും നയിക്കുന്നത് വിദ്വേഷം; തെളിവായി വേദിയില്‍ കെകെ രമയെ ചൂണ്ടിക്കാട്ടി രാഹുല്‍; ‘ഇവരുടെ ഭര്‍ത്താവിനെ ഇല്ലാതാക്കിയിട്ട് നിങ്ങള്‍ എന്ത് നേടി?’
സിപിഐഎമ്മിനെ നയിക്കുന്നത് വെറുപ്പും പകയുമാണെന്നും ടിപി ചന്ദ്രശേഖരന്റെ കൊലപാതകം ഇതിന് തെളിവാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വടകരയിലെത്തി ടിപി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി സ്ഥാനാര്‍ഥിയുമായ കെകെ രമയേയും മകനേയും സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി കെകെ രമയുമായി വേദി പങ്കിട്ടു. സിപിഐഎമ്മിനെ നയിക്കുന്നത് വെറുപ്പും പകയുമാണെന്നും ടിപി ചന്ദ്രശേഖരന്റെ കൊലപാതകം ഇതിന് തെളിവാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് തങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പരാജയപ്പെടുത്തുമെന്ന് പറയാത്തത്? അതിനുള്ള ഉത്തരം ഈ വേദിയിലുണ്ട്. കെകെ രമ. അവരുടെ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയതാണ്. ബിജെപിയെ ആയാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആയാലും അവരെ നയിക്കുന്നത് രണ്ട് കാര്യങ്ങളാണ്. വെറുപ്പും പകയും. ഇവരുടെ ഭര്‍ത്താവിനെ ഇല്ലാതാക്കിയിട്ട്, ഇവരുടെ കുട്ടിയുടെ അച്ഛനെ ഇല്ലാതാക്കിയിട്ട് കമ്മ്യൂണിസ്റ്റുകാര്‍ എന്താണ് നേടിയത്? സ്വന്തം പാര്‍ട്ടി കുടുംബത്തില്‍ത്തന്നെയുള്ള ഒരാള്‍ എന്തെങ്കിലും കാര്യത്തില്‍ വിയോജിച്ചാല്‍ അതിനെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയല്ല നടക്കുക. അവര്‍ നിങ്ങളെ കൊല്ലും. നിങ്ങളുടെ കുടുംബത്തുള്ളവരെ ദ്രോഹിക്കും. നിങ്ങളെ മര്‍ദ്ദിച്ച് നിശബ്ദനാക്കാന്‍ നോക്കും. അത്തരത്തില്‍ പാര്‍ട്ടിയോട് വിയോജിച്ചതിന്റെ പേരില്‍ രാഷ്ട്രീയ വ്യത്യാസങ്ങളുടെ പേരില്‍ കൊലചെയ്യപ്പെട്ട ആയിരക്കണക്കിന് ആളുകളില്‍ ഒരാളാണ് ടിപി ചന്ദ്രശേഖരന്‍’. വടകരയില്‍ കെകെ രമയെ ചൂണ്ടി രാഹുല്‍ ഗാന്ധി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ വടകര നിയമസഭ മണ്ഡലത്തില്‍ മത്സരിക്കുന്ന ആര്‍എംപിഐ നേതാവ് കെകെ രമയെ പിന്തുണക്കേണ്ടത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ജനാധിപത്യപരമായ ബാധ്യതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍പ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപി ഒറ്റയ്ക്കായിരുന്നു വടകരയില്‍ മത്സരത്തിനിറങ്ങിയത്. കെകെ രമ തന്നെയായിരുന്നു സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന്റെ സികെ നാണുവിനായിരുന്നു ഇവിടെ വിജയം. 20504 വോട്ടുകള്‍ രമ നേടിയിരുന്നു.