Top

ആവേശത്തോടെ ഓടിയണഞ്ഞ കുട്ടിയെ ചേര്‍ത്തുപിടിച്ച് രാഹുല്‍; ക്യാമറയിലേക്ക് വിരല്‍ചൂണ്ടി ഫോട്ടോ എടുപ്പിക്കവേ കുട്ടി വിങ്ങിപ്പൊട്ടി; വീഡിയോ വൈറല്‍

പുതുച്ചേരിയിലെ ഒരു സ്‌ക്കൂളില്‍ നടന്ന സംവാദ പരിപാടിയ്ക്കിടെ ഓട്ടോഗ്രാഫ് വാങ്ങാന്‍ വേദിയിലേക്ക് ഓടിയെത്തിയ കുട്ടിയെ രാഹുല്‍ കെട്ടിപ്പിടിക്കുന്നതും തുടര്‍ന്ന് കുട്ടി വിങ്ങിപ്പൊട്ടുന്നതും ചിലര്‍ വീഡിയോയെടുത്തതോടെയാണ് സംഭവം വൈറലാകുന്നത്.

17 Feb 2021 11:02 PM GMT

ആവേശത്തോടെ ഓടിയണഞ്ഞ കുട്ടിയെ ചേര്‍ത്തുപിടിച്ച് രാഹുല്‍; ക്യാമറയിലേക്ക് വിരല്‍ചൂണ്ടി ഫോട്ടോ എടുപ്പിക്കവേ കുട്ടി വിങ്ങിപ്പൊട്ടി; വീഡിയോ വൈറല്‍
X

പുതുച്ചേരിയിലെ കോളെജുകളിലും സ്‌കൂളുകളിലും വിദ്യാര്‍ഥിനികളുമായി സംവദിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെത്തിയപ്പോഴുണ്ടായത് നിരവധി വൈകാരിക മുഹൂര്‍ത്തങ്ങള്‍. രാഹുല്‍ ഗാന്ധിയെക്കാണാന്‍ ആവേശത്തോടെ ഓടിയെത്തി ഒടുവില്‍ രാഹുല്‍ ചേര്‍ത്തുപിടിക്കുമ്പോള്‍ വിങ്ങിപ്പൊട്ടുന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പുതുച്ചേരിയിലെ ഒരു സ്‌ക്കൂളില്‍ നടന്ന സംവാദ പരിപാടിയ്ക്കിടെ ഓട്ടോഗ്രാഫ് വാങ്ങാന്‍ വേദിയിലേക്ക് ഓടിയെത്തിയ കുട്ടിയെ രാഹുല്‍ കെട്ടിപ്പിടിക്കുന്നതും തുടര്‍ന്ന് കുട്ടി വിങ്ങിപ്പൊട്ടുന്നതും ചിലര്‍ വീഡിയോയെടുത്തതോടെയാണ് സംഭവം വൈറലാകുന്നത്.

പെണ്‍കുട്ടിയെ രാഹുല്‍ ചേര്‍ത്ത് പിടിച്ച് ഫോട്ടോയെടുക്കുന്ന വീഡിയോ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവെക്കുന്നത്. വേദിയില്‍ നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ അടുത്തേക്ക് ഹര്‍ഷാരവങ്ങള്‍ക്കിടയിലൂടെ ഓട്ടോഗ്രാഫ് ബുക്കുമായി ഓടിയടുക്കുന്ന പെണ്‍കുട്ടിയെ വീഡിയോയില്‍ കാണാം. കൈയ്യില്‍ തൊടുമ്പോഴും ഓട്ടോഗ്രാഫ് വാങ്ങുമ്പോഴുമുള്ള കുട്ടിയുടെ പകപ്പും ആഹ്ലാദവും കണ്ട രാഹുല്‍ സ്റ്റേജില്‍ മുട്ടുകുത്തി നിന്ന് കുട്ടിയെ ചേര്‍ത്തണയ്ക്കുകയായിരുന്നു. ക്യാമറയിലേക്ക് വിരല്‍ ചൂണ്ടി ഫോട്ടോ എടുപ്പിക്കുമ്പോഴേക്കും സന്തോഷം കൊണ്ട് കുട്ടി വിങ്ങിപ്പൊട്ടുന്നത് വീഡിയോയില്‍ കാണാം. നിറകണ്ണുകളുമായി നില്‍ക്കുന്ന കുട്ടിയുടെ കവിളില്‍ത്തട്ടി രാഹുല്‍ ആശ്വസിപ്പിക്കുന്ന ഈ വീഡിയോ നിമിഷം നേരം കൊണ്ട് ആളുകള്‍ ഏറ്റെടുത്തു. പിസി വിഷ്ണുനാഥന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്‍ടിടിഇയെക്കുറിച്ചുള്ള വിദ്യാര്‍ഥിനിയുടെ ചോദ്യത്തിന് രാഹുല്‍ പറഞ്ഞ വൈകാരിക മറുപടിയും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. തന്റെ പിതാവിനെ വധിച്ചവരോട് ഇപ്പോള്‍ താന്‍ ക്ഷമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘എനിക്കിപ്പോള്‍ ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല. എനിക്കെന്റെ അച്ഛനെ നഷ്ടമായി. അത് എനിക്ക് കടന്നുപോകാന്‍ വളരെ പ്രയാസമുള്ള ഒരു സമയമായിരുന്നു. ഹൃദയം മുറിഞ്ഞുപോകുന്നതുപോലെ വേദന തോന്നിയിരുന്നു. വളരെ ആഴത്തില്‍ വേദന തോന്നിയപ്പോഴും എനിക്ക് ആരോടും പക തോന്നിയില്ല. എനിക്ക് ദേഷ്യമോ വെറുപ്പോ തോന്നിയില്ല. ഹിംസയ്ക്ക് നിങ്ങളില്‍ നിന്നും ഒന്നും കവര്‍ന്നെടുക്കാന്‍ സാധിക്കില്ല. എന്റെ അച്ഛന്‍ എന്നില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. അദ്ദേഹം എന്നിലൂടെ സംസാരിക്കുന്നുണ്ട്’. രാഹുല്‍ ഗാന്ധി പറഞ്ഞതിങ്ങനെ.

Next Story